പച്ചയ്ക്കും വേവിച്ചും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമുള്ള വിഭവമാണ് കോവയ്ക്ക. വീട്ടുമുറ്റത്ത് തഴച്ചു വളരുന്നൊരു പച്ചക്കറിയാണിത്. കോവയ്ക്കാ ഉപയോഗിച്ച് രുചികരമായ സാലഡ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • കോവയ്ക്ക – 250 ഗ്രാം
  • മയൊണൈസ് – 3 ടേബിൾ സ്പൂൺ
  • പച്ച മാങ്ങ – 1 എണ്ണത്തിന്റെ പകുതി
  • പുതിനയില – 1 പിടി
  • മല്ലിയില – 1 പിടി
  • പച്ചമുളക് – 1 എണ്ണം
  • ക്രീം ചീസ് – 2 ടേബിൾ സ്പൂൺ
  • വെളുത്തുള്ളി– 2 അല്ലി
  • ഉപ്പ് – ആവശ്യത്തിന്
  • മാതളനാരങ്ങ – 1 എണ്ണം

തയാറാക്കുന്ന വിധം

കോവയ്ക്ക കനം കുറച്ച് നീളത്തിൽ അരിയുക. മാങ്ങ ചെറിയ കഷണങ്ങൾ ആയി അരിഞ്ഞത്, പുതിനയില, മല്ലിയില, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ് എന്നിവ ആദ്യം മിക്സിയിൽ ഒന്നു അടിച്ചെടുക്കുക. അതിനുശേഷം മയണൈസ് സോസും, ക്രീം ചീസും ചേർത്ത് വീണ്ടും ഒന്നു കൂടി അടിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന കോവയ്ക്ക ഒരു ബൗളിലേക്ക് മാറ്റുക. ഇനി കോവയ്ക്കയിലേക്ക് അരച്ചു വച്ചിരിക്കുന്ന മിക്സ് ഒഴിച്ച് അതിനു മേലെ മാതളനാരങ്ങയുടെ അല്ലി വിതറി കൊടുക്കുക. കോവയ്ക്ക സാലഡ് റെഡി.

ശ്രദ്ധിക്കാൻ

∙പച്ചമാങ്ങ ഇല്ല എങ്കിൽ നാരങ്ങാ നീര് ചേർത്താൽ മതിയാകും.

∙പുതിനയില ഇഷ്ടമില്ലാത്തവർ കുറച്ചു ചേർത്താൽ മതിയാകും.

English Summary: Kovakka Salad , Mrs KM Mathew's Recipes