അധികം മസാല ചേർക്കാതെ രുചികരമായ പച്ചസാമ്പാർ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • തുവര പരിപ്പ് – 1 കപ്പ്
  • മുരിങ്ങയ്ക്ക – 2 എണ്ണം
  • പച്ചമുളക് – 4 എണ്ണം
  • സവാള– 1 എണ്ണം
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി– 1 ടേബിൾ സ്പൂൺ
  • ജീരക പൊടി – 1ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടേബിൾ സ്പൂൺ
  • കായം – 1ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • പുളി വെള്ളം– 1 ബൗള്‍

തയാറാക്കുന്ന വിധം

ഒരു കുക്കറിൽ ഒരു കപ്പ് തുവരപ്പരിപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവുംചേർത്ത് രണ്ട് വിസിൽ വരുന്നതു വരെ വേവിക്കുക. അതിനുശേഷം ഒരു പാനിൽ പുളിവെള്ളം (ഒരു ബൗൾ) ഒഴിച്ച് സവാളയും മുരിങ്ങയ്ക്കയും പച്ചമുളകും ഇട്ട് അഞ്ചു മിനിറ്റ് നേരം വേവിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പരിപ്പ് ചേർക്കുക. ഒരു ബൗളിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്യുക. ഈ പേസ്റ്റ് സാമ്പാറിലേക്ക് ചേർക്കുക. അതിലേക്ക് കായപ്പൊടിയും ജീരകപൊടിയും ചേർക്കുക.

താളിക്കുന്നതിനായി ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിൽ ഉലുവയും കടുകും പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് സാമ്പാറിലേക്ക് ഒഴിക്കുക.


English Summary: Special Sambar, Video Recipe