Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിൽ വച്ചാൽ താനേ അലിഞ്ഞുതീരുന്ന മധുരം

Food Healthy Cottage Cheese Cake

കേക്ക് ആണോ അതോ പുഡ്ഡിങ്ങോ... ഒറ്റക്കാഴ്ചയിൽ അതുതാനല്ലയോ ഇത് എന്ന ഭാവം. ഒരു ഡെസേർട്ടിന്റെ ലുക്ക്. വായിൽ വച്ചാൽ താനേ അലിഞ്ഞുതീരുന്ന മധുരം. തണുപ്പ്. റിച്ച്നസ് – ഇതെല്ലാമാണു ‘ചീസ് കേക്ക്’. ലോകമെങ്ങും ആരാധകരുള്ള ക്ലാസിക് മധുര വിഭവമാണ് ചീസ് കേക്ക്. പലതരം ചീസ് ഉപയോഗിച്ച് ചീസ് കേക്ക് ഉണ്ടാക്കുമെങ്കിലും നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കുന്നതു ക്രീം ചീസാണ്. ഇതിന്റെ ക്രീമി ബട്ടർ രുചിയാണു ഹൈലൈറ്റ്. കുറച്ചുകട്ടിയുള്ളതും ക്രീം പോലെ അലിയുന്നതുമായ വ്യത്യസ്ത ലെയറുകളാണ് ചീസ് കേക്കിന്റെ ഉള്ളടക്കം. സാധാരണയായി രണ്ടോ മൂന്നോ ലെയറുകളാണ് ഉണ്ടാകുക. കട്ടിയുള്ള ക്രസ്റ്റ് അഥവാ ബേസ്, അതിനു മുകളിൽ ക്രീമി ഫില്ലിങ് ലെയർ, ഏറ്റവും മുകളിൽ ടോപ്പിങ് ലെയർ – ഇതാണ് ഘടന. 

തരിതരിയായി പൊടിച്ച ബിസ്കറ്റോ കുക്കീസോ ബട്ടറുമായി യോജിപ്പിച്ചെടുക്കുന്നതാണു മിക്കവാറും ബേസ് ലെയർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. സ്പോഞ്ച് കേക്കും ഉപയോഗിക്കാം. ക്രീം ചീസും പഞ്ചസാരയും ഉൾപ്പെടുന്നതാണു രണ്ടാമത്തെ ലെയർ. ഏറ്റവും മുകളിൽ പഴങ്ങളോ ജാമോ ടോപ്പിങ് ആയി കൊടുക്കാം. അലങ്കാരത്തിനായി ഫ്രഷ് പഴങ്ങളോ ചോക്ലേറ്റോ നട്സോ ചേർക്കാം. ബേക്ക് ചെയ്തും നോൺ ബേക്കിങ് രീതിയിലും ചീസ് കേക്ക് തയാറാക്കാം. നോൺ ബേക്ക് ചീസ് കേക്കുകളാണ് ഉണ്ടാക്കാൻ എളുപ്പം. ഫ്രിജിൽ വച്ച് തണുപ്പിച്ചു കഴിച്ചാൽ രുചിയേറും. അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും പോലെ നമ്മുടെ നാട്ടിലെ ബേക്കറികളിലൊന്നും വ്യാപകമായി ചീസ് കേക്കുകൾ കാണാറില്ല. പക്ഷേ, വീട്ടിൽ എളുപ്പം ഉണ്ടാക്കിയെടുക്കാം. ചീസ് കേക്ക് ഉണ്ടാക്കുമ്പോൾ സാധാരണ കേക്ക് പാനിനും പാത്രത്തിനും പകരം വശങ്ങൾ ഇളക്കി മാറ്റാവുന്ന തരത്തിലുള്ള ‘സ്പ്രിങ് ഫോം പാൻ’ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ മുറിച്ചെടുക്കാൻ ബുദ്ധിമുട്ടും. 

വീട്ടിൽ ഉണ്ടാക്കിനോക്കാം, മാമ്പഴ മധുരമുള്ള ചീസ് കേക്ക് 

10–12 ഡൈജസ്റ്റീവ് ബിസ്കറ്റ് ഒരു സിപ് ലോക്ക് കവറിലാക്കി ചപ്പാത്തിക്കോൽ കൊണ്ട് പൊടിച്ചെടുക്കുക. മിക്സി ഉപയോഗിച്ചും പൊടിക്കാം. ഇതിലേക്കു മൂന്നു ടേബിൾ സ്പൂൺ ബട്ടർ ഉരുക്കിയതു ചേർത്തു നല്ലതുപോലെ കൈകൊണ്ട് മിക്സ് ചെയ്യുക. ഇതാണ് ബേസ്. ചെറിയ നനവ് ഉണ്ടായാൽ മതി. കുഴഞ്ഞുപോകുന്ന പരുവത്തിലായാൽ കേക്ക് സെറ്റാകുമ്പോൾ ഇതു കട്ടിയായി പോകും. ഒരു സ്പ്രിങ് ഫോം പാനിൽ (ഇതില്ലെങ്കിൽ നല്ല പരന്ന, കുഴിവില്ലാത്ത പാനോ ഗ്ലാസ് പാത്രമോ ഉപയോഗിക്കാം) ബേസ് നിരത്തി സ്പൂൺ കൊണ്ട് നന്നായി അമർത്തി വയ്ക്കുക. ഇതു സെറ്റാകാൻ ഫ്രിഡ്ജിൽ 15–20 മിനിറ്റ് വയ്ക്കുക. പഴുത്ത മാങ്ങ ഇടത്തരം വലുപ്പമുള്ളതു മൂന്നെണ്ണം തൊലി ചെത്തി കഷണങ്ങളാക്കി വെള്ളമില്ലാതെ മിക്സിയിൽ അരച്ച് മാംഗോ പ്യൂരി ഉണ്ടാക്കുക. രണ്ട് ടേബിൾസ്പൂൺ ജെലാറ്റിൻ കാൽ കപ്പ് ചൂടുവെള്ളത്തിൽ അലിയിച്ച് എടുക്കുക. 400 ഗ്രാം ക്രീം ചീസ്, ഒരു ടിൻ കണ്ടെൻസ്ഡ് മിൽക്ക്, മാംഗോ പ്യൂരി, ജെലാറ്റിൻ മിശ്രിതം (രണ്ടു ടേബിൾ സ്പൂൺ മാറ്റിവയ്ക്കുക) എന്നിവ മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. (ക്രീം ചീസ് കിട്ടാനില്ലെങ്കിൽ വിഷമിക്കേണ്ട–200 ഗ്രാം പനീറും 200 എംഎൽ ഫ്രഷ് ക്രീമും എടുത്താൽ മതി. പനീർ ഗ്രേറ്റ് ചെയ്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. വെള്ളത്തിനു പകരം തയാറാക്കിവച്ചിരിക്കുന്ന മാംഗോ പ്യൂരി തന്നെ ഉപയോഗിക്കാം. ഇതിലേക്ക് ഫ്രഷ്ക്രീം ഒരു തവി കൊണ്ടു നന്നായി ഇളക്കി യോജിപ്പിക്കുക.) ഇൗ കൂട്ട് സെറ്റായിരിക്കുന്ന ബിസ്കറ്റ് ബേസിനു മുകളിൽ നിരപ്പായി ഒഴിച്ചുകൊടുക്കുക. മുകളിൽ വേണമെങ്കിൽ ഒരു ഗ്ലേസിങ് ടോപ്പിങ് കൂടി കൊടുക്കാം. കാൽകപ്പ് മാംഗോ പ്യൂരി, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ഒരു പാനിൽ എടുത്ത് ചൂടാക്കുക. പഞ്ചസാര അലിഞ്ഞു തീരുമ്പോൾ, മാറ്റിവച്ച രണ്ടു ടേബിൾ സ്പൂൺ ജെലാറ്റിൻ കൂടി ചേർക്കുക. ഇൗ മിശ്രിതം ക്രീം ലെയറിനു മുകളിൽ ഒഴിച്ചു കൊടുക്കുക. മുകളിൽ പഴുത്ത മാങ്ങ ചെറുതായി അരിഞ്ഞത് ഇട്ട് അലങ്കരിക്കാം. ഫ്രിജിൽ വച്ച് സെറ്റാക്കുക. സെറ്റായിക്കഴിഞ്ഞാൽ സ്പ്രിങ് ഫോം പാനിന്റെ റിങ് ഉൗരി മാറ്റി ചീസ് കേക്ക് കഷണങ്ങളാക്കി മുറിച്ച് ഉപയോഗിക്കാം.