മധുരമൂറുന്ന ഐസ്ക്രീമിന്റെ നിറവും മണവും ഗുണവും രുചിയുമെല്ലാം നമ്മെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതിനൊരു കാരണമുണ്ട്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം. പോരെങ്കിൽ നാവിനെ കോച്ചിപിടിപ്പിക്കുന്ന തണുപ്പും. അനിയന്ത്രിതമായ ഐസ്ക്രീം ഉപഭോഗം ഏറെ അപകടം വിളിച്ചുവരുത്തുന്ന ഒന്നാണ്. നാം അറിയാതെ നമ്മുടെ ഉള്ളിൽ കടന്നെത്തുന്ന അനേകം വില്ലൻമാരുടെ ഒരു മിശ്രിതക്കൂട്ട്. ഈ ചൂടുകാലത്ത് ഐസ്ക്രീം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എപ്പോൾ കഴിക്കണം?
ഐസ്ക്രീം കഴിക്കേണ്ട സമയംപോലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. നട്ടുച്ചയ്ക്ക് ഐസ്ക്രീം അകത്താക്കുന്നത് ദോഷമേ ചെയ്യൂ. ശരീരം ഏറെ വിയർത്തിരിക്കുമ്പോഴും നോ പറയാം. കാരണം വിയർത്തുകുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനോസൈറ്റീസ് തുടങ്ങിയ അസുഖങ്ങളെ ക്ഷണിക്കുന്നതിന് തുല്യമാണ് അത്. കഴിവതും ഉച്ചയ്ക്കുമുൻപ് തന്നെ കഴിക്കുന്നതാവും നല്ലത്. കഴിച്ചുകഴിഞ്ഞാലുടൻ വെയിലുകൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ഏറെ അധ്വാനിക്കുകയോ പാടില്ല. രാത്രി അത്താഴത്തിനുശേഷവും ഐസ്ക്രീം വേണ്ട. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്ക്രീം പാടില്ല.
എത്ര കഴിക്കണം?
ഐസ്ക്രീമിൽ അടങ്ങിയിരിക്കുന്ന മധുരം തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. പൂർണ ആരോഗ്യവാനായ ഒരാളുടെ ശരീരത്തിന് ഒരു ദിവസത്തേക്ക് ആവശ്യം കേവലം 25 ഗ്രാം പഞ്ചസാര മാത്രമാണ്. അതായത് പരമാവധി അഞ്ചു ടീസ്പൂൺ പഞ്ചസാര. ഇതിലൂടെ ശരീരത്തിന് ലഭിക്കുന്നത് ഏതാണ്ട് 100 കലോറി. എന്നാൽ ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 കാലറി. അമിതമായി എത്തുന്ന പഞ്ചസാര കൊഴുപ്പായി അടിഞ്ഞുകൂടും. വ്യായാമം ഇല്ലാതാകുമ്പോൾ അതിന്റെ ദോഷം ഇരട്ടിയാവുന്നു. ഫൈബറിന്റെ അംശംകൂടി ഇല്ലാതാകുമ്പോൾ അത് ശരീരത്തെ ഏറെ ബാധിക്കും. മധുരം കൂട്ടാൻ ചില കമ്പനികൾ സിറപ്പ് ചേർക്കാറുണ്ട്. ഫ്രക്ടോസ് ഏറെയുള്ള കോൺ സിറപ്പാണിത്. ഇത് ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് ഏറെ നന്നല്ല. സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നതിനും ദോഷഫലങ്ങളുണ്ട്. മധുരത്തോടുള്ള പ്രത്യേക താൽപര്യം സെറോട്ടോണിൻ എന്ന രാസസന്ദേശവാഹകനെ കൂടുതലായി ഉൽപാദിപ്പിക്കുന്നു. ഇത് ഉന്മേഷവും ഉത്തേജനവും ശരീരത്തിന് സമ്മാനിക്കുമെങ്കിലും ഇവ അത്ര നല്ലതല്ല. മധുരം അമിതമായി കഴിക്കുന്നത് പഠനവൈകല്യം, സ്വഭാവദൂഷ്യം, പെരുമാറ്റദൂഷ്യം എന്നിവയ്ക്ക് വഴിവയ്ക്കാം. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പൊണ്ണത്തടിമാത്രമല്ല ഹൃദ്രോഗത്തിനും കാരണമാകും. രണ്ടു ദിവസങ്ങളിലായി ആഴ്ചയിൽ രണ്ടു കപ്പിലേറെ യാതൊരു കാരണവശാലും ഐസ്ക്രീം പാടില്ല എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
എങ്ങനെ കഴിക്കണം?
നുണഞ്ഞ് നുണഞ്ഞ് ഐസ്ക്രീം കഴിക്കുന്നതാണ് എപ്പോഴും നല്ലത്. മൈനസ് 27 ഡിഗ്രി സെൽഷ്യസിലാണ് ഐസ്ക്രീം സൂക്ഷിക്കുക. ഇത്ര തണുപ്പേറിയ വസ്തു നമ്മുടെ ശരീരതാപവുമായി ഒത്തുപോകുന്നതല്ല. അതുകൊണ്ട് നന്നായി അലിയിച്ചശേഷം പതുക്കെ നുണയുന്നതാണു നല്ലത‌്. തണുത്തു കട്ടിയായിരിക്കുന്ന ഐസ്ക്രീം ചവച്ചുകഴിക്കുന്നത് പല്ലുകൾക്ക് നന്നല്ല. അതുപോലെ തണുപ്പോടെ തൊണ്ടയിലേക്ക് ചെല്ലുമ്പോൾ അണുബാധയ്ക്കും പനിക്കും സാധ്യതയുണ്ട്. ഐസ്ക്രീം കഴിച്ചശേഷം ചൂടുവെള്ളം കുടിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്നൊരു ധാരണ പരന്നിട്ടുണ്ട്. ഇതു ശരിയല്ല എന്നുമാത്രമല്ല അത് ശരീരത്തിനും തൊണ്ടയ്ക്കും ദോഷമേ ഉണ്ടാക്കുകയുള്ളൂ
ഏതു തരം കഴിക്കണം
പല തരം ഐസ്ക്രീമുകൾ ഇന്ന് വിപണിയിലുണ്ട്. ‘എല്ലാ ഐസ്ക്രീമുകളും ഐസ്ക്രീമല്ല’ എന്ന കാര്യം മറക്കരുത്. നിറങ്ങൾക്കൊണ്ടും രുചിക്കൊണ്ടും ഏറെ ആകർഷകമാണ് പലതും. തീരെ വില കുറഞ്ഞവ തിരഞ്ഞെടുക്കാതെ, അംഗീകൃത ബ്രാൻഡഡ് കമ്പനികളുടെ ഉൽപന്നങ്ങൾ വാങ്ങുന്നതാണു നല്ലത്. ഐസ്ക്രീമിനൊപ്പം പഴങ്ങൾകൂടി ചേർത്ത ഫ്രൂട്ട്സാലഡ് പോലുള്ളത് കഴിക്കുന്നതാണു മെച്ചം. ഇതിലൂടെ പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ഫൈബറുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി ശരീരത്തിനു ലഭിക്കും. ഐസ്ക്രീമിനെ ആകർഷകമാക്കാൻ കൃത്രിമ നിറങ്ങൾ ചേർക്കുന്നുണ്ട്. ഇവ കാൻസർപോലുള്ള മാരകരോഗങ്ങൾക്കു കാരണമാകും. ഏറെ നിറം ചേർത്തവ ഒഴിവാക്കാം. എഡിബിൾ വെജിറ്റബിൾ ഓയിലുകൾ അധികമില്ലാത്ത, പാലുകൊണ്ടുള്ള ഉൽപന്നങ്ങൾക്കു മുൻഗണന കൊടുക്കാം. പ്രിസർവേറ്റീവുകൾ അധികമായി ചേർത്തവയും ഒഴിവാക്കുക. വീടുകളിൽതന്നെ നമുക്ക് ഉണ്ടാക്കാവുന്നവ പഠിച്ചെടുത്ത് കുടുംബത്തിന് വിളമ്പിക്കൊടുക്കാൻ ശീലിക്കണം.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. ബി. പത്മകുമാർ വകുപ്പുതലവൻ, മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം