പുറത്ത് തകർത്തു പെയ്യുന്ന മഴ, കൂട്ടിനു തണുപ്പ്.... മൂടിപ്പുതച്ച് ഇരിക്കുമ്പോൾ കുടിക്കാൻ ഇത്തരി ചൂടൻ സൂപ്പ് ആയാലോ? പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാനും കഴിക്കാനും പറ്റുന്ന ലളിതമായ വിഭവമാണ് സൂപ്പ്. വിരുന്നു തുടങ്ങുന്നതു സൂപ്പിലാകാം. വീട്ടിലിരുന്നു കോരിക്കുടിക്കുന്നതു പോലെ അവിടെ പറ്റില്ല. സൂപ്പ് കുടിക്കാനും ചില ചിട്ടകളൊക്കെയുണ്ട്. സ്പൂൺ വലതു കയ്യിൽ പിടിക്കണം, ഇരിക്കുന്നതിന് എതിർവശത്തേക്കു കോരിയെടുക്കണം, സൂപ്പ്ബൗളിലേക്കു കുനിഞ്ഞിരിക്കരുത്, വലിച്ചുകുടിച്ച് ശബ്ദമുണ്ടാക്കരുത്... അങ്ങനെ.
സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്
റസ്റ്ററന്റുകളിൽ നിന്നു കഴിച്ചു പരിചയമുള്ള സ്വീറ്റ് കോൺ ചിക്കൻ സൂപ്പ് വീട്ടിലും തയാറാക്കാം.
ചേരുവകൾ
ചിക്കൻ ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
മുട്ട-ഒന്ന്
ചോളം അടർത്തിയെടുത്തത്-ഒരു കപ്പ്
ചിക്കൻ സ്റ്റോക്- നാല് കപ്പ്
സോയാസോസ്- ഒരു ടേബിൾ സ്പൂൺ
കുരുമുളക് പൊടി- അര ടീസ്പൂൺ
കോൺഫ്ലോർ- ഒന്നര ടേബിൾ സ്പൂൺ
വെണ്ണ- ഒരു ടീസ്പൂൺ
ഉപ്പ്, സ്പ്രിങ് ഒനിയൺ ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
ചിക്കൻ കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തു വേവിച്ചെടുക്കുക. മിക്സിയിൽ ചോളം ചതച്ചെടുക്കുക. പാത്രത്തിൽ ചിക്കൻ സ്റ്റോക്ക് ചൂടാക്കി അതിലേക്കു ചതച്ച ചോളം ചേർത്തു നാലു മിനിറ്റ് വേവിക്കുക. ഇതിലേക്കു വേവിച്ച ചിക്കനും ചേർക്കുക. ഒരു ചെറിയ ബൗളിൽ മുട്ട നന്നായി അടിച്ചു വലിയ കണ്ണുള്ള അരിപ്പവഴിയോ സ്പൂൺ വഴിയോ നൂലുപോലെ ചിക്കൻ സ്റ്റോക്കിലേക്ക് ഇളക്കിക്കൊണ്ട് പതുക്കെ ഒഴിക്കുക. മുട്ട നാരുപോലെയാവും. സോയാസോസും കുരുമുളകു പൊടിയും ചേർക്കുക. പിന്നാലെ കോൺഫ്ലോർ അൽപം തണുത്ത വെള്ളത്തിൽ കലക്കി ഒഴിക്കുക. ഇതിലേക്കു വെണ്ണയും സ്പ്രിങ് ഒനിയൺ ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി സൂപ്പ് ബൗളിലേക്കു പകരുക.
നമ്മുടെ സ്വന്തം സൂപ്പ്
നമ്മുടെ പരമ്പരാഗത ഭക്ഷണരീതിയിൽ സൂപ്പിനു പ്രാധാന്യമുണ്ട്. ചോറിന്റെ കൂടെ കുഴച്ചുകഴിക്കുന്ന സാമ്പാറും രസവുമൊക്കെ ഒരു തരത്തിൽ സൂപ്പുകൾ തന്നെ. കഞ്ഞിവെള്ളവും ഒരു റൈസ് സൂപ്പാണ്. കർക്കടക മാസമാകുമ്പോൾ നാട്ടിൻപുറങ്ങളിൽ പണ്ട് ആട്ടിൻ സൂപ്പ് പതിവായിരുന്നു. ഓരോ രാജ്യക്കാർക്കും അവരുടെ സംസ്കാരത്തിന്റെയും തനിമയുടെയും അടയാളമായി സ്പെഷൽ സൂപ്പുകൾ ഉണ്ടായിരിക്കും. ഇറ്റലിയിലെ മിനിസ്ട്രോൺ, സ്പെയിനിലെ ഗസ്പാച്ചോ, ചൈനയിലെ സ്വീറ്റ് കോൺ, എഗ് ഡ്രോപ് തുടങ്ങിയവ പോലെ. പൊതുവേ സൂപ്പുകൾ രണ്ടു തരമുണ്ട്. ക്ലിയർ സൂപ്പും തിക്ക് സൂപ്പും. ചിക്കൻ, ബീഫ് സ്റ്റോക്കുകൾ കൊണ്ടും ബ്രോത്ത് കൊണ്ടുമാണ് ക്ലിയർ സൂപ്പ് ഉണ്ടാക്കുന്നത്. ക്രീമും പ്യൂരിയുമാണ് തിക്ക് സൂപ്പിന്റെ ചേരുവകൾ. ചില സൂപ്പുകളുടെ കൂടെ മൊരിച്ച റൊട്ടിയോ റസ്കോ പോലെ കുറുമുറാ കടിക്കാൻ എന്തെങ്കിലും കാണും. ദഹനത്തെ ഉത്തേജിപ്പിക്കുന്ന ആപിറ്റെസർ ആണ് സൂപ്പ്.
അടുക്കളയിലെ സൂപ്പ് വിദ്യ
തക്കാളി, കാബേജ്, കാരറ്റ്, ബീൻസ്, സവാള എന്നിവ കുക്കറിൽ നന്നായി വെള്ളം ചേർത്തു വേവിച്ച് ഉടച്ച് അരിച്ചെടുക്കുക. ഇതു വീണ്ടും അടുപ്പിൽ വച്ചു കുറുകി വരുമ്പോൾ കുരുമുളകു പൊടിയും ഉപ്പും സെലറി അരിഞ്ഞതും ചേർക്കുക. വെണ്ണയിൽ മൊരിച്ച ബ്രഡും വേണമെങ്കിൽ ചേർക്കാം. സൂപ്പിനു കട്ടി വേണമെങ്കിൽ അൽപം പാലിലോ വെള്ളത്തിലോ കോൺഫ്ലോറോ ഗോതമ്പുപൊടിയോ കലക്കി ഒഴിക്കുക. ഇതേ പോലെ പരിപ്പും ഉരുളക്കിഴങ്ങും കാരറ്റും കുക്കറിൽ വേവിച്ചും സൂപ്പുണ്ടാക്കാം. ബീഫോ ചിക്കനോ ചെറുതായി അരിഞ്ഞതു പച്ചക്കറികൾക്കൊപ്പം ചേർത്തു നന്നായി വെള്ളമൊഴിച്ചു വേവിച്ച് സൂപ്പർ നോൺ സൂപ്പുണ്ടാക്കാം. ചിക്കനും ബീഫും മട്ടനുമൊക്കെ വേവിക്കുമ്പോൾ കിട്ടുന്ന സ്റ്റോക്ക് മാറ്റിവച്ചു സൂപ്പിൽ ചേർത്താൽ രുചി കൂടും.
ക്രീം ഓഫ് ടൊമാറ്റോ സൂപ്പ്
തക്കാളിയുടെയും ക്രീമിന്റെയും സ്വാദുള്ള ക്രീം ഓഫ് ടൊമാറ്റോ കുറച്ചു സമയം കൊണ്ടു തന്നെ നമുക്കു വീട്ടിൽ തയാറാക്കാം.
ചേരുവകൾ
തക്കാളി- 5
സവാള- ഒന്ന്
വെണ്ണ- മൂന്ന് ടേബിൾ സ്പൂൺ
കുരുമുളക്- ഒന്നര ടേബിൾ സ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്- ഒരു ടേബിൾ സ്പൂൺ
വെള്ളം- 2 കപ്പ്
ക്രീം- അഞ്ച് ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്.
പാകം ചെയ്യുന്ന വിധം
പാനിൽ ബട്ടർ ഇട്ട് ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും വെളുത്തുള്ളിയും ചേർത്തു വഴറ്റുക. സവാള കണ്ണാടി പോലെയാകുമ്പോൾ തക്കാളി അരിഞ്ഞതും ഉപ്പും കുരുമുളകും ചേർത്ത് ഇളക്കുക. ഇതിലേക്കു വെള്ളം ചേർത്ത് 10 മിനിറ്റ് അടച്ചുവച്ച് വേവിക്കുക. അടുപ്പിൽ നിന്നു മാറ്റി മിക്സിയിൽ അടിച്ചു പ്യൂരിയാക്കുക. ഇതു വീണ്ടും പാനിലേക്കു മാറ്റി ചൂടാക്കുക. ക്രീമും ആവശ്യമുള്ള കുരുമുളകും ഉപ്പും ചേർക്കുക. ബ്രഡ് സ്റ്റിക്കിനൊപ്പം വിളമ്പുക.