ചൂടുകാലത്തു കഴിക്കാൻ പറ്റിയ പത്ത് ഭക്ഷണപദാർഥങ്ങളുടെ പട്ടിക തയാറാക്കിയാൽ അതിൽ ഒന്നാം സ്ഥാനമാവും തണ്ണിമത്തൻ നേടുക എന്നു തീർച്ച. പേരു പോലെതന്നെ ‘തണ്ണി’ നിറഞ്ഞ ഈ ഫലം പച്ചക്കറിയാണോ പഴമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രസമൂഹത്തിൽ തർക്കമുണ്ട്. തെക്കേ ആഫ്രിക്കയാണു തണ്ണിമത്തന്റെ ജന്മദേശം എന്നു കരുതുന്നു. ഏതാണ്ട് ബിസി 2000 മുതൽ തണ്ണിമത്തൻ ഭൂമിയിൽ ഉള്ളതായി പറയപ്പെടുന്നു. പിന്നീടു ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലേക്കു കുടിയേറി. ഏഴാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയിലുമെത്തി. എന്നാൽ ഇന്നു ലോകത്തിൽ ഏറ്റവും കൂടുതൽ തണ്ണിമത്തൻ ഉൽപാദിപ്പിക്കുന്നതു ചൈനയാണ്. ഒരു കിലോയ്ക്കു താഴെ മുതൽ ഏതാണ്ട് 90 കിലോവരെ ഭാരമുള്ള 1250ലേറെ വ്യത്യസ്ത തരത്തിലുള്ള തണ്ണിമത്തങ്ങ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉൽപാദിപ്പിച്ചിട്ടുണ്ട്. തണ്ണിമത്തന്റെ ജലാംശസ്വഭാവവും സ്വാഭാവിക മധുരവും കാമ്പിന്റെ ആകർഷകനിറവുമൊക്കെയാണ് അതിനെ ഇത്രയേറെ പ്രിയങ്കരമാക്കുന്നത്.
ജലത്തിന്റെ ഉഗ്രസ്രോതസ്സ് ആണ് തണ്ണിമത്തൻ. ഇതിന്റെ ഉള്ളം നിറയെ ജലം തന്നെ– 92 %. ഇതുകൊണ്ടുതന്നെ ഇത് ശരീരത്തിന്, പ്രത്യേകിച്ചു വേനൽക്കാലത്ത് ആവശ്യത്തിനു ജലാംശം നൽകുന്നു. ചൂടുമൂലമുള്ള സ്വാഭാവിക ‘ഡീഹൈഡ്രേഷൻ’ ഇതു കഴിക്കുന്നതുമൂലം ഒഴിവാക്കാം. ജലാംശവും ഇതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകളും ഉള്ളതിനാൽ ശരീരത്തെ ഇത്രയേറെ ‘റിഫ്രഷ്’ ചെയ്യുന്ന മറ്റൊന്ന് ഇല്ല എന്നു തന്നെ പറയാം. ഇതിലൂടെ ശരീരത്തിനുണ്ടാകുന്ന കുളിർമയും ഉന്മേഷവും ഏറെയാണ്. ചുരുക്കിപ്പറഞ്ഞാൽ ശരീരത്തിന് ആവശ്യമായ മികച്ചൊരു ജലസംഭരണിതന്നെയാണു തണ്ണിമത്തൻ.
ജലം കഴിഞ്ഞാൽ കൂടുതലുള്ളത് കാർബോഹൈഡ്രേറ്റ്സ്. 100 ഗ്രാം തണ്ണിമത്തനിൽ ഏതാണ്ട് 6.5 ഗ്രാം പഞ്ചസാരയാണ്. അര ഗ്രാം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അൽപം കൂടുതൽ പ്രോട്ടീനുണ്ട്. വിറ്റാമിൻ എ, ബി–1, ബി–2, ബി–3, ബി–5, വിറ്റാമിൻ സി എന്നിവയുമുണ്ട്. ഇനി ധാതുക്കളുടെ കാര്യമാണെങ്കിൽ കാൽസിയം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു. ഇത്തരം ധാതുക്കളുടെ സാന്നിധ്യം ശരീരത്തിന്റെ ക്ഷീണം പമ്പകടത്തും. 100 ഗ്രാം തണ്ണിമത്തൻ ഏതാണ്ട് 30 കലോറി ഉൗർജം നൽകുന്നുണ്ട്. ഇത്ര കുറഞ്ഞ തോതിലുള്ള കലോറി ഡയബറ്റിക് രോഗികൾക്കും ഇവയെ പ്രിയങ്കരമാക്കുന്നു.
ആസ്തമ പോലുള്ള രോഗങ്ങളെ ശമിപ്പിക്കാൻ വൈറ്റമിൻ സിക്കുള്ള പങ്ക് ഏറെയാണ്. വൈറ്റമിൻ സിയുടെ സാന്നിധ്യം ഇത്തരം രോഗങ്ങളെ അകറ്റാനും സഹായകരമാണ്. രക്തസമ്മർദം നിയന്ത്രിക്കുന്ന കാര്യത്തിലും തണ്ണിമത്തൻ ഒന്നാം നമ്പറുകാരൻ. തണ്ണിമത്തൻകൊണ്ടു ദാഹം മാത്രമല്ല ടെൻഷനും ശമിപ്പിക്കാം. ഇതിലെ വിറ്റാമിൻ ബി 6 ഉൽപാദിപ്പിക്കുന്ന രാസഘടകങ്ങൾ പിരിമുറുക്കവും സമ്മർദവും കുറയ്‌ക്കാൻ സഹായിക്കുന്നു. അതുപോലെ ഇതിലെ ആന്റി ഓക്സിഡന്റുകൾ കാൻസർ തടയുന്ന കാര്യത്തിൽ പ്രധാന പങ്കു വഹിക്കുന്നു. തണ്ണിമത്തനിൽ ധാരാളമായുള്ള ജലവും ഫൈബറുകളും ദഹനപ്രക്രിയയെ ഏറെ സഹായിക്കുന്നു.
വണ്ണം കുറയ്ക്കാനും തണ്ണിമത്തൻ അത്യുഗ്രൻ. കൊഴുപ്പ് തീരെയില്ലാത്തതാണ് ഇതിന്റെ കാരണം. മസിലുകളുടെ ചലനത്തെയും ഉറക്കത്തെയും ഓർമശക്തിയെയും സഹായിക്കും. മൂത്രതടസ്സത്തിൽനിന്നു രക്ഷിക്കുന്ന കാര്യത്തിലും തണ്ണിമത്തന്റെ പങ്ക് വലുതാണ്. തണ്ണിമത്തനിലെ അമിനോ ആസിഡ് ഘടകമായ സിട്രുലൈൻ രക്‌തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുന്നു. തണ്ണിമത്തൻ കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിലെ ചില എൻസൈമുകളുമായി സിട്രുലിൻ ചേരുന്നു. ഇതു പിന്നീട് അർഗിനൈൻ എന്ന അമിനോ ആസിഡ് ആയി മാറും. ഇതു ഹൃദയത്തിനും രോഗപ്രതിരോധത്തിനും എല്ലാം നല്ലതാണ്.