എഴുപതുകളുടെ നൊസ്റ്റാൾജിയയിൽ പിറന്നൊരു രുചിക്കൂട്ട്

ക്യാംപസാണെങ്കിലും സിനിമയാണെങ്കിലും സംഗീതമാണെങ്കിലും രുചികളാണെങ്കിലും എഴുപതുകൾ മലയാളികൾക്കെന്നും മനോഹരമായ നെസ്റ്റാൾജിയയാണ്. ഒട്ടേറെ എഴുതുകയും പറയുകയും ആവിഷ്കരിക്കുകയും ചെയ്ത ഈ കാലഘട്ടത്തിന്റെ രുചി ഓർമകളെ പുനരാവിഷ്കരിക്കുകയാണ് കുരിയാൽ ലെയ്നിൽ നളന്ദ ഓഡിറ്റോറിയത്തിനു സമീപമുള്ള ഷയാസ് ബിൽഡിങ്ങിലെ 70's റസ്റ്ററന്റ്. 

70's എന്ന പേരിനു പിന്നിൽ 

എഴുപതുകളിൽ ജനിച്ച ഏഴു പ്രവാസി മലയാളികളുടെ സൗഹൃദകൂട്ടായ്മയാണ് ഈ പഴയകാല രുചികളുടെ പുതുപ്പിറവിക്കു പിന്നിലുള്ളത്. എല്ലാവരും ഖത്തറിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവർ. പ്രഭാത നടത്തത്തിനിടെ രൂപപ്പെട്ട സൗഹൃദം സ്വാഭാവികമായി നാടിന്റെ രുചികളിലെത്തി. കാരണം, ഇവർ ഏഴുപേരും രുചിയുടെ തലശ്ശേരിക്കോട്ടയിലും കോഴിക്കോടൻ തട്ടകത്തിലും ജനിച്ചു വളർന്നവർ. ചെറുപ്പകാലത്ത് നാവലിയിച്ച രുചിപ്പെരുമയ്ക്കൊപ്പം കോഴിക്കോടൻ ഓർമകൾ കൂടി ചേർത്തുവച്ചപ്പോൾ 70's എന്ന രുചിക്കൂട്ട് രൂപപ്പെട്ടു. റസ്റ്ററന്റിന്റെ ഇന്റീരിയർ ഒരുക്കിയതും ഈ ഒരു കാലഘട്ടത്തെ മനസ്സിൽ കണ്ടുതന്നെ. 1970കളിലെ കോഴിക്കോടൻ ജീവിതചിത്രം റസ്റ്ററന്റിന്റെ ചുമരിൽ പെയിന്റ് ചെയ്തിട്ടുണ്ട്. നഗരത്തിന്റെ പ്രധാന അടയാള ചിഹ്നങ്ങളെല്ലാം ഇക്കൂട്ടത്തിൽ കാണാം. ആർഭാടങ്ങളല്ല, ലളിതവും സുന്ദരവുമാണ് ഈ ചെറിയ രുചിലോകം. ഒരേസമയം 36 പേർക്ക് മാത്രം ഇരിക്കാനാവുന്ന ഇവിടെ ഓപ്പൺ കിച്ചനാണുള്ളത്. 

എഴുപതിന്റെ രുചി 

റസ്റ്ററന്റിലെ മെനു രൂപപ്പെടുത്തിയപ്പോൾ 1970 കാലഘട്ടങ്ങളിൽ തലശ്ശേരി, കോഴിക്കോട് പ്രദേശങ്ങളിലെ വീടുകളിലുണ്ടാക്കിയിരുന്ന വിഭവങ്ങൾ അതേപോലെ പുനരാവിഷ്കരിക്കാനുള്ള ശ്രമമാണ് നടത്തിയത്. പണ്ടുകാലത്തെപ്പോലെ പച്ചക്കുരുമുളക് ചേർത്ത് ഇലയിൽ പൊതിഞ്ഞുണ്ടാക്കിയിരുന്ന വിഭവങ്ങൾ പോലെയുള്ളവ തനിമയൊട്ടും ചോരാതെ നൽകാനാണ് ശ്രമം. ഭക്ഷണത്തിലെ സ്വാഭാവിക രുചിക്കായി പുതിയകാല കൂട്ടുകൾ ഒഴിവാക്കുന്നതിനാൽ ഹോട്ടൽ ഭക്ഷണത്തിന്റെ രുചിയിൽ നിന്നൊരു വ്യത്യാസമുണ്ടാകാമെന്ന് റസ്റ്ററന്റിന്റെ പാർട്ണർ യാസിർ അലി പറയുന്നു. പാക്കറ്റിലെത്തുന്ന പൊടികളും വെളിച്ചെണ്ണയും ഒഴിവാക്കിയതിനാൽ തന്നെ രുചിയിലും മാറ്റമുണ്ടാക്കാനാവുമെന്നാണ് അനുഭവം. മീൻമുട്ട വരട്ടിയത്, ലിവർ പെപ്പർ ഫ്രൈ, കൂന്തൾ തേങ്ങാക്കൊത്ത്, ബീഫ് ഇലയിൽ പൊള്ളിച്ചത്, ചെമ്മീൻ പൊള്ളിച്ചത്, സിൽക് ചപ്പാത്തി, കപ്പയും കാന്താരിമുളക് ചമ്മന്തിയും ചട്ടിയിലുണ്ടാക്കി വിളമ്പുന്ന മീൻ മുളകിട്ടത്, മുളങ്കുറ്റി പുട്ട്, ചെമ്മീൻ വരട്ടിയത് തുടങ്ങി നെയ്ച്ചോറും ചിക്കൻ വറുത്തരച്ചതും ബിരിയാണികളും ഉൾപ്പെടെ ഹൈലൈറ്റായ പഴയകാല രുചികൾ ഏറെ. 

ഓൾഡ് ഈസ് ഗോൾഡ് 

പഴമയിലേക്കു തിരിച്ചുപോകുന്ന ഒരു മലയാളി മനസ്സ് എപ്പോഴുമുണ്ട്, ഭക്ഷണത്തിലും അങ്ങനെ തന്നെ.  കെട്ടിലും മട്ടിലും പഴമയുടെ പുതുമപേറുന്ന ഇവിടം വ്യത്യസ്ത രുചിക്കൂട്ട് തേടുന്നവരുടെ ഇഷ്ടസങ്കേതമായി മാറിക്കഴിഞ്ഞു. കാട്ടുതീയേക്കാൾ വേഗത്തിലാണ് കോഴിക്കോട്ടുകാർക്കിടയിൽ പുതുരുചികൾ പടർന്നു പിടിക്കുന്നത് എന്നതിനു തെളിവാണിത്. 

ചായയ്ക്കു പുറമെ മലബാറിന്റെ തനതു നാലുമണിക്കടികൾക്കൊപ്പം 70's സ്പെഷൽ ടീയുമുണ്ട്. വട, ചമ്മന്തി എന്നിവയ്ക്കു പുറമെ ഉന്നക്കായ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, ചിക്കൻ ബോണ്ട, കല്ലുമ്മക്കായ, പൊരിച്ച പത്തിരി, ചെമ്മീൻ ബോണ്ട തുടങ്ങി ചായക്കടികളും. ഓപ്പൺ എയറിലിരുന്ന് ചായ നുണയാൻ റസ്റ്ററന്റിനു പുറത്ത് നാലുപേർക്കിരിക്കാവുന്ന ചെറിയ ഹാങ് ഔട്ട് ഏരിയയുമുണ്ട്. റസ്റ്ററന്റിന്റെ ഫോൺ നമ്പറിലുമുണ്ട് ‘എഴുപതു’കളുടെ സ്പർശം: 0475 236 1970. 

പൊറോട്ടപ്പെട്ടി

പൊറോട്ട പെട്ടി 

70's നഗരത്തിനു പരിചയപ്പെടുത്തുന്ന പുതുവിഭവമാണ് പൊറോട്ടപ്പെട്ടി. ട്രെയിൻ യാത്രക്കാരെയും സ്കൂൾ കുട്ടികളെയും ഓഫിസ് ജീവനക്കാരെയും മുന്നിൽ കണ്ട് രൂപപ്പെടുത്തിയതാണിത്. കൊണ്ടു നടക്കാനും കഴിക്കാനും ബുദ്ധിമുട്ടില്ല എന്നതാണ് ഇതിന്റെ മെച്ചം. പൊറോട്ടയിൽ ചിക്കൻ, ബീഫ്, ന്യൂട്ടെല്ല എന്നിങ്ങനെ മൂന്നുതരം പൊറോട്ട പെട്ടികളുണ്ട്. ഇതിൽ വെജിറ്റബിൾ സാലഡിന്റെ മിക്സും ചേരുന്നു. ആവശ്യക്കാർക്ക് അഞ്ചു മിനിറ്റിൽ നിറച്ചു നൽകും. ചിക്കൻ, ബീഫ് പെട്ടികൾക്ക് 50 രൂപയും ന്യൂട്ടെല്ലയ്ക്ക് 25 രൂപയുമാണ് വില.