കഴിക്കുന്ന ഭക്ഷണത്തിന്റെ വ്യത്യസ്തത മാത്രമല്ല, കഴിക്കാനിരിക്കുന്ന പശ്ചാത്തലവും പുതിയകാലത്തു വളരെ പ്രധാനമാണ്. നാലു ചുവരുകൾക്കുള്ളിലെ തീൻമേശകൾക്കു പുറമെ മനോഹരമായ പൂന്തോട്ടത്തിലിരുന്ന് പുതുരുചികളറിയാനുള്ള അവസരം ഒരുക്കുകയാണ് തൊണ്ടയാട് ബൈപാസിൽ മെട്രോ മാക്സിന് എതിർവശമുള്ള അൽ ഖൈർ റസ്റ്ററന്റ്.
മീൻ വിഭവങ്ങളുടെ വ്യത്യസ്തതയാണ് ഇവിടുത്തെ ഹൈലൈറ്റ്. അറേബ്യൻ നാടുകളിൽ ഏറെ പ്രിയങ്കരമായ അമുർ, ചെമ്പല്ലി, ഷേരി തുടങ്ങിയവ ഗ്രില്ലു ചെയ്തതിന് കോഴിക്കോട്ടും പ്രിയമേറെ. ഇതിനു പുറമെ കോഴിക്കോടിന്റെ തനതു മീൻ രുചികൾക്കു പുറമെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മീൻ രുചികളും. ആലപ്പി മീൻ കറി, മീൻ കുമരകം, മീൻ പെരളൻ, മീൻ മാങ്ങാക്കറി, മീൻ തലക്കറി, മീൻ വേവിച്ചത്, മീൻ പൊള്ളിച്ചത് തുടങ്ങി അൽഖൈർ സ്പെഷൻ ചട്ടിക്കറി, മീൻ കിഴി, കൂന്തൾ, കല്ലുമ്മക്കായ, ഞണ്ട്, ചെമ്മീൻ എന്നിവയുൾപ്പെടുന്ന കടൽവിഭവങ്ങളുടെ വലിയൊരു രുചിക്കൂട്.
എരിവും പുളിയുമുള്ള കേരളത്തിന്റെ പരമ്പരാഗത രുചിയുടെ കലവറകൂടി തുറക്കുന്നു അൽഖൈർ. ഇലസദ്യയ്ക്കൊപ്പം മലബാറിലെ തൊടുകറികളും വിളമ്പുന്നു. തെക്കേപ്പുറം പൊതി ബിരിയാണിയും വാഴയിലയിൽ പൊതിഞ്ഞ വിവിധതരം കിഴികൾ, ചിക്കൻ വറുത്തരച്ചത്, വരട്ടിയത്, മുളകിട്ടത് എന്നിങ്ങനെ പഴയ രുചികൾ തേടി ഇവിടേക്കെത്തുന്നവരുമേറെ. െഹർബൽ ചിക്കൻ, അമ്മായി ചിക്കൻ, കല്ലായി ചിക്കൻ, പച്ചമുളക് ചിക്കൻ, ചിക്കൻ കൊണ്ടാട്ടം, ചിക്കൻ മല്ലി പാളയം തുടങ്ങി പുതുതലമുറയും തനിനാടനുമായ 25ൽ പരം ചിക്കൻ രുചികളുണ്ട്. സ്പൈസിയല്ലാത്ത അറേബ്യൻ ഗ്രില്ലുകളും അൽഫാം, ബാർബക്യു, കബാബുകൾ, ചിക്കൻ–മട്ടൺ–മീൻ മന്തി എന്നിവയ്ക്കൊപ്പം തന്തൂർ ഉൾപ്പെടെ വിവിധ നോർത്തിന്ത്യൻ വിഭവങ്ങളുമുണ്ട്.
വൈകുന്നേരങ്ങളിൽ ചായയ്ക്കും സുലൈമാനിക്കുമൊപ്പം പരമ്പരാഗത കോഴിക്കോടൻ പലഹാരങ്ങളും രുചിനോക്കാം. ഉന്നക്കായ, കുഞ്ഞിപ്പത്തൽ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി തുടങ്ങി പഴയതും പുതിയതുമായ നാലുമണിക്കടികളുടെ വ്യത്യസ്തത രുചിച്ചറിയാം.
15 വർഷത്തോളം ദുബായ്, ഷാർജ, ഒമാൻ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ റസ്റ്ററന്റുകൾ നടത്തി പരിചയമുള്ള കോഴിക്കോട്ടുകാരായ ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് അൽഖൈർ രുചിക്കൂട്ടിന്റെ അണിയറയിലുള്ളത്. അതിനാൽ തന്നെ ഭക്ഷണം വയ്ക്കുന്നതിലും വിളമ്പുന്നതിലും ഈ പരിചയസമ്പന്നതയുടെ സൂക്ഷ്മമായ ശ്രദ്ധയും നോട്ടവും വേറിട്ടറിയാം. ബൈപാസിനു സമീപത്താണ് റസ്റ്ററന്റ് എന്നതിനാൽ യാത്രക്കാർക്കായി പാർക്കിങ് സൗകര്യവും കുഞ്ഞുങ്ങൾക്കായി ഫീഡിങ് റൂമും പ്രാർഥനാ മുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
റസ്റ്റന്റ്, എസി റസ്റ്ററന്റ്, ഗാർഡൻ റസ്റ്ററന്റ് എന്നിവയെല്ലാം കൂടിച്ചേരുമ്പോൾ മൂന്നൂറിൽപരം പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വൈകുന്നേരങ്ങളിൽ ഏഴു മണിക്കാണ് ഗാർഡൻ റസ്റ്ററന്റ് തുറക്കുന്നത്. ഇവിടെ പാർട്ടികൾ നടത്താനുള്ള സൗകര്യങ്ങളുടെ ഭാഗമായി ഓപ്പൺ എയർ സ്റ്റേജും സജ്ജമാക്കിയിട്ടുണ്ട്. ഇവിടുത്തെ ചക്രവണ്ടിയിലെ ഉപ്പിലിട്ട രുചികളും ചേരുമ്പോൾ വയറുമാത്രമല്ല, മനസ്സും നിറയ്ക്കുന്നു അൽഖൈർ.