കഞ്ഞിയും പയറും നെയ്മറിന്റെ ഭക്ഷണം

പ്രായംകൊണ്ടും ഭാരം കൊണ്ടും കുറുമ്പനാണ് നെയ്മർ എന്ന ഇരുപത്തെട്ടുകാരൻ. തൊണ്ണൂറു മിനിറ്റ് കളിക്കളത്തിൽ നിർത്താതെ അങ്ങോളമിങ്ങോളം ഓടിയെത്താൻ മാത്രം സ്റ്റാമിന ഈ മെലിഞ്ഞ ശരീരത്തിനുണ്ടോ എന്നൊരു സംശയം തോന്നും നെയ്മറെ കണ്ടാൽ. എന്നാൽ, ഈ സ്റ്റാമിനയ്ക്കു പിന്നിൽ ഒരു രഹസ്യമുണ്ട്. 

ഏതൊരു കൗമാരക്കാരനെയും പോലെ ജങ്ക് ഫുഡ്സ് മാത്രം ഇഷ്ടപ്പെട്ടു നടന്ന ഒരു കാലമുണ്ടായിരുന്നു നെയ്മറിനും. എന്നാൽ, നെയ്മറിന്റെ ഇഷ്ടരുചികളെ പിടിച്ചുലച്ചു കളഞ്ഞത് മറ്റൊരു മഹാ പ്രതിഭയായിരുന്നു. പെലെയ്ക്കൊപ്പം കളിച്ചു വളർന്ന ബ്രസീലിന്റെ പഴയ ഡിഫെൻഡർ അന്റോണിയോ ലിമ. 

2000ൽ വെറും എട്ടു വയസുകാരൻ നെയ്മർ ഫുട്ബോൾ ഭ്രാന്തുമായി ലിമയുടെ മുന്നിൽ വന്നുപെട്ടു. എല്ലുംതോലുമായ ശരീരം. എന്താണ് ഇഷ്ടപ്പെട്ട ഭക്ഷണം എന്നു ചോദിച്ചപ്പോൾ ഉടനെ വന്നു ഉത്തരം. നല്ല കിടിലൻ ബർഗറും കാർബണേറ്റഡ് ഡ്രിങ്കുകളും. എന്നാൽ ഇനി അതൊന്നും കൈകൊണ്ട് തൊടരുത് എന്ന് ലിമ കർശന നിർദേശം കൊടുത്തു. അതോടെ കുഞ്ഞുനെയ്മർ ബർഗറും കോളയുമൊക്കെ കാണുമ്പോൾ വായിൽവെള്ളമിറക്കി കണ്ണുമടച്ചു നടന്നുപോവാൻ തുടങ്ങി. 

ബാർസയിലെത്തുമ്പോൾ നെയ്മറുടെ ശോഷിച്ച കൈകാലുകളും ശരീരവും കണ്ട് ആരോഗ്യ സംരക്ഷകർക്കൊക്കെ സംശയമായിരുന്നു. ഇവനെങ്ങനെ ഗ്രൗണ്ടിലിറങ്ങി കളിക്കും? ബ്രസീലിന്റെ സ്പൈസി ഭക്ഷണക്രമത്തിൽനിന്ന് സ്പെയിനിന്റെ നിയന്ത്രിത രുചികളിലേക്കു മാറുമ്പോൾ സ്വാഭാവികമായും കഴിക്കുന്ന ഭക്ഷണത്തിന്റെ കുറവുണ്ടാകും. ബാർസയിലെ താരങ്ങളുടെ ഭക്ഷണക്രമവും ശാരീരിക പ്രവർത്തനങ്ങളുമൊക്കെ കൃത്യമായി ഫോളോ ചെയ്യുന്നത് ഗാറ്റൊറാപ്പ് സ്പോർട്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുകാരാണ്. ഡേവി ലൂക്ക അടക്കമുള്ള അവിടുത്തെ പ്രശസ്ത ട്രെയ്നർമാർ നെയ്മറിന് വിധിച്ച ഭക്ഷണശിക്ഷയായിരുന്നു അരിയും ബീൻസും. തികച്ചും സ്പാനിഷ് ആയ രുചിക്കൂട്ട്. 

റൈസ് ആൻഡ് ബീൻസ് എന്നു കേട്ടപ്പോൾ എവിടെയോ ഒരു ബൾബ് കത്തിയോ? നമ്മൾ പണ്ട് കോരിക്കുടിച്ച അതേ കഞ്ഞിയും ചെറുപയറും. നമ്മുടെ നാട്ടിൽ പണ്ട് സർക്കാർ സ്കൂളുകളിൽ ഉച്ചക്കഞ്ഞിക്കു വിളമ്പിയിരുന്ന വിഭവം. സംഗതി സ്പെയിനിലെത്തിയപ്പോ റൈസ് ആൻഡ് ബീൻസ് എന്നൊക്കെ പേരുമാറ്റി എന്നേയുള്ളു. ആവശ്യത്തിനു പ്രോട്ടീൻ വേണം. ആവശ്യത്തിനു കാർബോ ഹൈഡ്രേറ്റ് വേണം. ഇതിനുപുറമേ അത്യാവശ്യം ജീവകങ്ങളും വേണം. അരിയും ബീൻസും എന്ന കോമ്പിനേഷനു പുറമേ പാസ്തയും പിസയും സലാഡും നെയ്മറിന്റെ ഭക്ഷണ ക്രമത്തിൽ ഉൾപ്പെടുത്തി. 

ഈ ഭക്ഷണക്രമത്തിന്റെ മാറ്റം ശ്രദ്ധിച്ചിട്ടുണ്ടോ? കഴിഞ്ഞ ലോകകപ്പിൽ പരുക്കേറ്റ് പുറത്തുപോയ നെയ്മറല്ല ഇപ്പോൾ. ശരീരം ഒന്നു പുഷ്ടിപ്പെട്ടു. കയ്യിലും കാലിലും മസിലുകൾ വന്നു. എന്താണ് ഈ മാറ്റത്തിന്റെ കാരണം എന്നു ചോദിക്കുമ്പോൾ നെയ്മർ പറയുന്നത് മറ്റൊരു രഹസ്യമാണ്. ഓരോ കളി കഴിയുമ്പോഴും ട്രെയ്നർമാരുടെ കണ്ണുവെട്ടിച്ച് താൻ തട്ടിവിടുന്ന ജാപ്പനീസ് ഭക്ഷണത്തിന്റെ ഗുണം! ജാപ്പനീസ് ഭക്ഷണത്തിന്റെ കടുത്ത ആരാധകനാണ് നെയ്മർ!