ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച നോവലിസ്‌റ്റുകളിലൊരാളാണ് റഷ്യക്കാരനായ ലിയോ ടോൾസ്‌റ്റോയ് (1828-1910). യുദ്ധവും സമാധാനവും, അന്നാ കരിനീന- ഈ രണ്ട് നോവലുകൾ മാത്രം മതി ട്രോൾസ്‌റ്റോയിയിലെ പ്രതിഭയെ അടുത്തറിയാൻ. അത്ര അനശ്വരമാണ് ഈ ക്ലാസിക് കൃതികൾ. റഷ്യയെ മാത്രമല്ല ലോകത്തെ തന്നെ അത്രമേൽ സ്വാധീനിച്ചു ടോൾസ്‌റ്റോയിയുടെ ഈ സൃഷ്‌ടികൾ. സസ്യാഹാരത്തിന്റെ ഏറ്റവും വലിയ വക്‌താവുമായി അദ്ദേഹം.
ഭക്ഷണകാര്യത്തിൽ മിതത്വം പാലിച്ച ടോൾസ്‌റ്റോയിയുടെ ഇഷ്‌ടഭക്ഷണം റൊട്ടി, കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിലൊതുങ്ങി. സസ്യഭുക്ക് എന്നതിലുപരി വെജിറ്റേറിയനിസത്തിന്റെ ഏറ്റവും വലിയ പ്രചാരകനായി ടോൾസ്‌റ്റോയിയെ കാലം മാറ്റിയെടുത്തു. തന്റെ എഴുത്തുകളിലൂടെയും ഉദ്ധരണികളിലൂടെയും വെജിറ്റേറിയനിസത്തിന്റെ അന്തസ്സത്ത അദ്ദേഹം ലോകത്തെ അറിയിച്ചു. ജീവിതത്തിന്റെ അവസാന 25 വർഷമാണ് ടോൾസ്‌റ്റോയി പൂർണമായി സസ്യഭുക്കായി ജീവിച്ചത്. 1885ലെ ഒരു ഉച്ചയ്‌ക്ക് വില്യം ഫ്രെ എന്നയാളുമായി നടത്തിയ സംഭാഷണമാണ് ടോൾസ്‌റ്റോയിയുടെ ഭക്ഷണചിട്ടകളെ മാറ്റിയെഴുതിയത്. സസ്യാഹാരത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഫ്രെ വാതോരാതെ സംസാരിച്ചു. സംഭാഷണം അവസാനിച്ചതോടെ ടോൾസ്‌റ്റോയി പ്രഖ്യാപിച്ചു: നന്ദി സുഹൃത്തേ, നന്ദി. താങ്കളാണ് പൂർണമായി ശരി. വിവേകമേറിയ താങ്കളുടെ വാക്കുകൾക്ക് നന്ദി. ഭക്ഷണകാര്യത്തിൽ ഞാൻ ഇനി താങ്കളെ പിൻപറ്റി ജീവിച്ചുകൊള്ളാം’. ഇതോടെ ടോൾസ്‌റ്റോയിയുടെ ആഹാരശൈലി മാറി. ഇനി പൂർണ വെജിറ്റേറിയൻ ആഹാരം മാത്രമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
സസ്യാഹാരം ശീലമാക്കുക മാത്രമല്ല അതിന്റെ പ്രാധാന്യവും നന്മയും ലോകത്തെ അറിയിക്കാനും ടോൾസ്‌റ്റോയി മറന്നില്ല. സസ്യാഹാരസംസ്‌ക്കാരം തന്റെ ലേഖനങ്ങളിലൂടെ പ്രചരിപ്പിച്ചു. 1892ൽ അദ്ദേഹം എഴുതിയ ലേഖനം- ഫസ്‌റ്റ് സ്‌റ്റെപ്പ് -റഷ്യയിലും പുറത്തും സസ്യാഹാരം പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. റഷ്യൻ സസ്യാഹാരത്തിന്റെ ബൈബിൾ എന്നാണ് ഈ ലേഖനം വിശേഷിപ്പിക്കപ്പെടുന്നത്. മോസ്‌ക്കോ വെജിറ്റേറിയൻ സൊസൈറ്റി അവരുടെ വിശിഷ്‌ടാംഗത്വം നൽകിയാണ് അദ്ദേഹത്തെ ആദരിച്ചത്.
ഒരു മനുഷ്യൻ നന്മയുടെ പാതയിലാവണമെങ്കിൽ മൃഗങ്ങൾക്ക് പരുക്കേൽപ്പിക്കാത്ത നിലപാടെടുക്കണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇറച്ചി കഴിക്കുന്നതോടെ നമ്മുടെ ശരീരം കൊല്ലപ്പെട്ട മൃഗങ്ങളുടെ കല്ലറയായി മാറും. സസ്യാഹാരം എന്നതുകൊണ്ട് ക്രൂരതയില്ലാത്ത ഭക്ഷണം എന്നും അർഥമുണ്ട്- ഇങ്ങനെ പോയി ടോൾസ്‌റ്റോയിയുടെ ഉദ്ധരണികൾ. സസ്യാഹാരം കഴിക്കുന്നതിൽ മാത്രമല്ല വീഞ്ഞ് അടക്കമുള്ള ലഹരി വസ്‌തുക്കളിൽനിന്നും പുകവലിയിൽനിന്നും ടോൾസ്‌റ്റോയി മാറി സഞ്ചരിച്ച് മികച്ച മാതൃക ലോകത്തിന് കാട്ടിക്കൊടുത്തു.