Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടിവെട്ടു തീമുമായി ചില ഭക്ഷണശാലകൾ!

prison-of-fire

കാലങ്ങളായി നടന്നുവരുന്ന ഒരു സംഗതിയിൽ അൽപം അസാധാരണത്വം ചേർക്കുന്നതൊരു വമ്പൻ ബിസിനസാണ്. പള്ളിയിലോ അമ്പലത്തിലോ നടക്കുന്ന താലികെട്ടിനെ കടലിനടിയിലേക്കോ കുന്നിന്റെ മുകളിലേക്കോ മാറ്റി പ്രതിഷ്‌ഠിച്ചാൽ..... എന്തൊരു വ്യത്യസ്‌തതയെന്നു പറഞ്ഞ് ജനം ചാടിവീഴും. 

റസ്‌റ്ററന്റിനെ അൽപം വ്യത്യസ്‌തത പുരട്ടി, പുതുമയിൽ മൊരിച്ചെടുത്ത് നാട്ടുകാർക്കു വിളമ്പിയാൽ എന്തു സംഭവിക്കും എന്ന ചിന്തയിൽ നിന്നു പിറന്നതാകുന്നു തീം റസ്‌റ്ററന്റ് എന്ന പ്രതിഭാസം. റസ്‌റ്ററന്റുകളുടെ കണ്ടുമടുത്ത ഡിസൈനുകളിൽ നിന്നു രണ്ടും കൽപ്പിച്ചൊരു ചാട്ടം - കടൽ, കാട്, സിനിമ, പൂന്തോട്ടം അങ്ങനെ ഏതെങ്കിലുമൊരു തീമിലേക്ക്. ഫർണിച്ചർ, ഇന്റീരിയർ, എക്‌സ്‌റ്റീരിയർ തുടങ്ങി പരിചാരകർ വരെ ആ തീമിൽ മുങ്ങിക്കുളിച്ചുനിൽക്കും. തീമിനനുസരിച്ചുള്ള സംഗീതം പശ്‌ചാത്തലത്തിൽ മുഴങ്ങും. റസ്‌റ്ററന്റ് നൽകുന്ന ഫീലിനാണ് ഇവിടെ പ്രഥമ പരിഗണന. മഴക്കാടുകൾ, സിനിമകൾ, പുസ്‌തകങ്ങൾ തുടങ്ങി കുടുംബം വരെ തീമായി സ്വീകരിക്കുന്നു പലരും. 

അതേസമയം, വ്യത്യസ്‌തതയോടുള്ള ജനത്തിന്റെ ചായ്വ് ഇന്ധനമാക്കി കേട്ടാലറയ്‌ക്കുന്ന തീമുകൾ കൊണ്ടുപോലും കാശുണ്ടാക്കുന്നുണ്ട് ചില വിരുതന്മാർ. തയ്വാൻ ആസ്‌ഥാനമായുള്ള മോഡേൺ ടോയ്‌ലറ്റ് റസ്‌റ്ററന്റ് ശൃംഖല ഉദാഹരണം. മോഡേണിന്റെ 12 ടോയ്‌ലറ്റ് റസ്‌റ്ററന്റുകൾ തയ്വാനിൽ തന്നെയുണ്ട്. ഹോങ്കോങിലും സാന്നിധ്യമുണ്ട്. ഏഷ്യയിൽ കാലുറപ്പിക്കുകയാണ് ഇപ്പോൾ കമ്പനിയുടെ ലക്ഷ്യം. ഒരു ബാത്‌റൂമിൽ കാണുന്നതെല്ലാം ഈ റസ്‌റ്ററന്റിലുമുണ്ട്. 

ടോയ്‌ലെറ്റ്‌ഉപകരണങ്ങളുടെ രൂപമാണ് ഇരിപ്പിടങ്ങൾക്കും പാത്രങ്ങൾക്കുമൊക്കെ. ഭിത്തിയിലൊക്കെ ഷവറുകൾ പിടിപ്പിച്ചിരിക്കും. ചൈനയാണു ടോയ്‌ലറ്റ് റസ്‌റ്ററന്റുകൾക്കു ഡിമാൻഡുള്ള മറ്റൊരു രാജ്യം. അമേരിക്കയിലും ടോയ്‌ലറ്റ് റസ്‌റ്ററന്റുകൾ തുടങ്ങിയിട്ടുണ്ട്. 

ആശുപത്രി തീമായുള്ള റസ്‌റ്ററന്റുകളുണ്ട്. വിഭവങ്ങൾ പലതും മനുഷ്യന്റെ അവയവങ്ങളുടെ രൂപത്തിലായിരിക്കും. വീൽചെയറിന്റെ രൂപത്തിലാണു കസേരകൾ. പരിചാരകർ ഡോക്‌ടറിന്റെയും നഴ്‌സിന്റെയും വേഷത്തിലെത്തും. ലോക്കപ്പ് തീമായുള്ള റസ്‌റ്ററന്റുകളും ഹിറ്റാണ്. ചൈനയിലെ ടിയാൻജിൻ നഗരത്തിൽ പ്രിസൺ ഓഫ് ഫയർ എന്നൊരു റസ്‌റ്ററന്റുണ്ട്. ശരിക്കുമൊരു ജയിലിലകപ്പെട്ട അനുഭവമാണ് ഉപഭോക്‌താക്കൾക്കുള്ള വാഗ്‌ദാനം. കനത്ത ഇരുമ്പഴികളോടെയാണ് ഓരോ മുറിയും. ഭക്ഷണം വിളമ്പാൻ പരിചാരകർ അടുത്തെത്തില്ല. ഇരുമ്പഴികൾക്കുള്ളിലൂടെ അകത്തേക്കു നീട്ടും. 

cat കുഞ്ഞിപ്പൂച്ചകളുടെ രൂപത്തിലുള്ള വിഭവങ്ങളാണു ബെയ്‌ജിങ്ങിലെ ദി ഹലോ കിറ്റി ഡ്രീം റസ്‌റ്ററന്റിന്റെ പ്രത്യേകത!

പൂച്ചയാണ് തീം റസ്‌റ്ററന്റിലെ മറ്റൊരു താരം. കുഞ്ഞിപ്പൂച്ചകളുടെ രൂപത്തിലുള്ള വിഭവങ്ങളാണു ബെയ്‌ജിങ്ങിലെ ദി ഹലോ കിറ്റി ഡ്രീം റസ്‌റ്ററന്റിന്റെ പ്രത്യേകത. ഏതു നേരവും ചെറിയ ഭൂകമ്പം അനുഭവപ്പെടുന്ന റസ്‌റ്ററന്റുണ്ട് സ്‌പെയിനിൽ. ഡിസാസ്‌റ്റർ കഫേ എന്നാണു പേര്. എപ്പോൾ ഭൂകമ്പം കൃത്രിമമായി സൃഷ്‌ടിക്കും എന്നൊന്നും പറയാൻ പറ്റില്ല. വെള്ളം കുടിക്കാൻ ചുണ്ടോടടുപ്പിക്കുമ്പോഴാകും ചിലപ്പോൾ. ചൈനയാണു തീം റസ്‌റ്ററന്റുകളുടെ കാര്യത്തിൽ ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്ന രാജ്യം. ബെയ്‌ജിങ്ങിലെ കുങ്‌ഫു റസ്‌റ്ററന്റിൽ പരിചാരകർ ഭക്ഷണം വിളമ്പുമ്പോഴാകും ചിലപ്പോൾ അഭ്യാസമുറകൾ പുറത്തെടുക്കുക. തീം പാർക്കുകളോടനുബന്ധിച്ചും തീം റസ്‌റ്ററന്റുകൾ വ്യാപകമാണ്. 

70mm ഹൈദരാബാദിലെ 70 എംഎം തീം റെസ്റ്ററന്റ്

ഇന്ത്യയിൽ ദേശി തീം റസ്‌റ്ററന്റുകളാണ് അധികവും. ബോളിവുഡ് തീമിലുള്ള റസ്‌റ്ററന്റുകൾ തന്നെ ഒരുപാടുണ്ട്. ഹൈദരാബാദിലെ 70 എംഎമ്മിൽ റൊമാന്റിക്, ആക്ഷൻ, വില്ലൻ, കോമഡി എന്നിങ്ങനെ പല സോണുകളാണ്. ഓരോന്നിലും ആ തീമിനനുസരിച്ചുള്ള അന്തരീക്ഷമാകും. 

‘റസ്‌റ്ററന്റിന്റെ സ്‌ഥിരം രൂപത്തിൽ നിന്നൊരു മാറ്റമാണ് ഉദ്ദേശിച്ചത്. ഡിസൈനിൽ തീരെച്ചെറിയ വിശദാംശങ്ങളിൽ പോലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. തീം റസ്‌റ്ററന്റുകൾ ജനത്തിനു പ്രിയങ്കരമാണെന്നു തന്നെയാണ് അനുഭവം’ - കൊച്ചിയിൽ കാട് തീമായുള്ള ‘ഹോട്ട് ജംഗിൾ’ റസ്‌റ്ററന്റിന്റെ ഫുഡ് ആൻഡ് ബവ്‌റിജസ് ഡയറക്‌ടർ മാഹീൻ വി. അലി പറയുന്നു. 

ഡൽഹിയിലെ ഡീ മൗഗ്ലിസ് റഡ്യാർഡ് ക്ലിപ്പിങ്ങിന്റെ ജംഗിൾ ബുക്ക് തീമിലൊരുക്കിയതാണ്. ഗുഡ്‌ഗാവിലെ സ്വിങ് ഗോൾഫ് തീമിലാണ്. ഗുഡ്‌ഗാവിലെ തന്നെ ഐഫാ ബസ് ഐഫാ അവാർഡ് തീമിലാണു നിർമിച്ചിരിക്കുന്നത്. ചെന്നൈയിലെ കുടുംബം പടിപ്പുരയും പൂമുഖത്തെ കാരണവരുടെ കസേരയുമൊക്കെയായി ഒരു കേരളീയ ഭവനത്തെ ഓർമിപ്പിക്കും. കെട്ടുവെള്ളത്തിന്റെയും മുളവീടിന്റെയുമൊക്കെ രൂപത്തിൽ നിർമിച്ചിട്ടുള്ള നമ്മുടെ റസ്‌റ്ററന്റുകൾ തീം റസ്‌റ്ററന്റുകളുടെ ആദ്യ രൂപമാണ്. 

ഇടിവെട്ടു തീമുമായി തുടങ്ങിയെങ്കിലും ഇടക്കാലത്തു വച്ച് ആളില്ലാതായിപ്പോയ റസ്‌റ്ററന്റുകളുമുണ്ട്. തീമിൽ മാത്രം ശ്രദ്ധിച്ച് ഭക്ഷണം മോശമാക്കിയതിനു ജനം കൊടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ്. ആളെക്കൂട്ടാൻ തീം നല്ലതാണെങ്കിലും ഭക്ഷണത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ വെളുക്കാൻ തേച്ചതു പാണ്ടാകുമെന്നു ഗുണപാഠം.