ഇത്രയും സാധുവായ, നിരുപദ്രവിയായ ഒരു ഭക്ഷണം വേറെയുണ്ടാകില്ല കൊഴുക്കട്ടയെപ്പോലെ. സാധാരണക്കാരന്റെ ഭക്ഷണമായിരുന്നു എന്നും കൊഴുക്കട്ട. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം. വളരെ കുറച്ചു വിഭവങ്ങൾ മതി കൊഴുക്കട്ടയുണ്ടാക്കാൻ. പോഷക സമൃദ്ധമാണ്. ഏതു സമയവും കഴിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഗർഭിണികൾക്കും പ്രായമായവർക്കും കഴിക്കാം. ദഹന പ്രശ്നങ്ങളില്ല. അങ്ങനെ കുടിലുതൊട്ട് കൊട്ടാരം വരെ എന്തുകൊണ്ടും പ്രശസ്തനായിരുന്നു കൊഴുക്കട്ട എന്ന വിഭവം. ഇത്ര വ്യത്യസ്തമായി പാചകം ചെയ്യാവുന്ന മറ്റൊരു പലഹാരം ഉണ്ടാകില്ല കൊഴുക്കട്ടയെപ്പോലെ. മധുരം ചേർത്തും ചേർക്കാതെയും വെള്ളം ഉള്ളതും ആവിയിൽ വേവിച്ചതും അങ്ങനെ തുടങ്ങി കൊത്തു കൊഴുക്കട്ടയെന്ന പ്രാചീന വിഭവം വരെയുണ്ട് കൊഴുക്കട്ടയുടെ കൂടെപ്പിറപ്പായി.
അരി കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം
ചേരുവകൾ: 1. അരി – ഒരു കപ്പ് (പച്ചരി, പുഴുക്കലരി, കുത്തരി, അല്ലെങ്കിൽ കുച്ചരി ഇതിൽ ഏതുമാകാം).
2. തേങ്ങ തിരുമ്മിയത് – അര കപ്പ്
വെളിച്ചെണ്ണ / നല്ലെണ്ണ – ഒരു വലിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചുക്ക് – ഒരു ചെറിയ കഷണം (ആവശ്യമുള്ളവർ മാത്രം ഉപയോഗിച്ചാൽ മതി).
ഉണ്ടാക്കുന്ന വിധം:
1. അരി കുറഞ്ഞത് മൂന്നു മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വെള്ളം തൊടാതെ അരച്ചെടുക്കുക. മുമ്പ് അരകല്ലിൽ അരച്ചോ അല്ലെങ്കിൽ ആട്ടിയോ ആയിരുന്നു എടുത്തിരുന്നത്.
2. അതിലേക്ക് തേങ്ങയും ജീരകവും ചുക്കും പ്രത്യേകം പ്രത്യേകം ചതച്ചു ചേർക്കുക.
3. അതിനു ശേഷം അരിമാവിലേക്ക് വെളിച്ചെണ്ണയോ നല്ലെണ്ണയോ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് മൂന്നു ചേരുവകളുംകൂടി നന്നായി ഇളക്കുക.
4. ഈ മാവ് ചെറിയ നാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക. ഈ ഉരുളകൾ രണ്ടു രീതിയിൽ വേവിച്ചെടുക്കാം. ഒന്നുകിൽഇഡ്ഡലി തട്ടിൽ വച്ചു വെള്ളം തൊടാതെ ആവി കയറ്റി വേവിച്ചെടുക്കാം. അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിച്ച് ഈ ഉരുളകൾ അതിലേക്ക് ഇട്ടു വേവിക്കാം.
കൊത്തു കൊഴുക്കട്ട ഉണ്ടാക്കുന്ന വിധം
1. നേരത്തേ പറഞ്ഞ ചേരുവകൾ തന്നെയാണ് കൊത്തു കൊഴുക്കട്ട ഉണ്ടാക്കാൻ ആവശ്യമായത്. എന്നാൽ സാധാരണ കൊഴുക്കട്ടയ്ക്ക് നാരങ്ങാ വലുപ്പത്തിൽ മാവ് ഉരുട്ടിയെടുക്കുമ്പോൾ കൊത്തു കൊഴുക്കട്ടയ്ക്ക് നെല്ലിക്ക വലുപ്പം മാത്രം മതി.
2. ഒരു കപ്പ് അരിക്ക് കൂടുതലായി വേണ്ടത് ഒരു തേങ്ങയുടെ പാലാണ്. ഒന്നാം പാലും രണ്ടാം പാലും എടുക്കണം.
3. മധുരം ചേർത്തോ മധുരമില്ലാതെയോ മാവ് ഉരുട്ടിയെടുക്കാം.
ഉണ്ടാക്കുന്ന വിധം:
കൊത്തുകൊഴുക്കട്ട ആവിയിൽ വേവിക്കാൻ പാടില്ല. രണ്ടാം പാൽ പാത്രത്തിലൊഴിച്ച് നന്നായി ഇളക്കുക. തിളയ്ക്കാറാകുമ്പോൾ ഒന്നാം പാലുകൂടി ഒഴിക്കാം. അതിനു ശേഷം ഉരുളകൾ ഓരോന്നായി ഇതിലേക്ക് ഇടുക. ഒരു സ്പൂൺ പഞ്ചസാര ചേർത്ത് തിളപ്പിക്കാം. ഉരുളകൾ വേകുമ്പോൾ അടുപ്പിൽനിന്ന് ഇറക്കി വെള്ളത്തോടെ വിളമ്പാം. ഗോതമ്പ് മാവ് കൊത്തു കൊഴുക്കട്ടയ്ക്ക് സാധാരണ ഉപയോഗിക്കാറില്ല.
കേരളത്തിൽ ഏറെ ജനകീയമായ ആഹാരമായിരുന്നു കൊഴുക്കട്ട. ഇന്നും കൊഴുക്കട്ട ഉണ്ടാക്കാറുണ്ട് ചില വീടുകളിൽ. കേരളത്തിന്റെ സാമ്പത്തിക ക്രമം ഇങ്ങനെയല്ലാതിരുന്ന കാലത്ത് കൊഴുക്കട്ടകളായിരുന്നു യഥാർഥ രക്ഷകർ. ഇന്നു സമ്പന്നർക്കിടയിലാണ് കൊഴുക്കട്ട കൂടുതലായി വിളമ്പുന്നത്. അതിന് ആരോഗ്യ വിചാരം തന്നെയാണ് മുഖ്യ കാരണം.