ഈന്ത് എന്നു കേട്ടിട്ടുണ്ടോ? ഈന്തപ്പന എന്നെങ്കിലും കേട്ടിട്ടുണ്ടാവാത്ത മലയാളികൾ കുറവാണ്. വംശനാശ ഭീഷണി നേരിടുന്നൊരു ഒറ്റത്തടി മരമാണ് ഈന്ത്. മലബാറിൽ ഒരു കാലത്ത് ഈന്ത് മരങ്ങൾ വ്യാപകമായിരുന്നു. പക്ഷേ അടുത്തകാലത്ത് മഷിയിട്ടുനോക്കിയാൽപോലും ഈന്ത് കാണാനില്ല. മലബാറുകാർക്ക് ഈന്ത് ഗൃഹാതുരസ്മരണ ഉണർത്തുന്ന മരമാണ്. ഈന്തിന്റെ ഓലകൾ തെങ്ങിന്റെ ഓല പോലെ മടക്കി കുട്ടികൾ കളിവീടുണ്ടാക്കിയിരുന്നു. കല്യാണവീടുകളിലെ പന്തൽ അലങ്കരിക്കാൻ ഈന്ത് ഓലകൾ ഉപയോഗിച്ചിരുന്നു. വാതം, നീർക്കെട്ട് തുടങ്ങിയവയ്ക്ക് മരുന്നായും വൈദ്യൻമാർ ഈന്ത് ഉപയോഗിച്ചിരുന്നു. പറമ്പിന്റെ അതിരുകൾ തിരിക്കാൻ ഈന്തായിരുന്നു പണ്ട് പലരും ഉപയോഗിച്ചിരുന്നത്. ചെടികൾ കൊണ്ടുള്ള വേലികൾ പോയി കരിങ്കൽ മതിലുകളാണ് നമ്മുടെ പറമ്പുകളെ വേർതിരിക്കുന്നത്. ഇതോടെയാണ് ഈന്തുമരങ്ങൾ അപ്രത്യക്ഷമായതെന്ന് പഴമക്കാർ കുറ്റംപറയുന്നു. വേലികെട്ടിത്തിരിക്കുന്ന മനസ്സുകളിൽ ഈന്തിനെന്തു വില.
മലപ്പുറത്തും കോഴിക്കോട്ടുമുള്ളവർ ഈന്തുകൊണ്ടുണ്ടാക്കുന്ന അനേകം വിഭവങ്ങളുണ്ട്. നോമ്പുകാലത്ത് ഈന്തിന്റെ കായ കൊണ്ടുള്ള വിഭവങ്ങൾ മേശപ്പുറത്ത് തലയുയർത്തി നിന്നിരുന്നു. നെല്ലിക്കയോളം വലിപ്പമുള്ള ഈന്തിന്റെ കായ ഉണക്കിപ്പൊടിച്ച് രുചിയുടെ ഖവാലി പാടുന്ന മലബാറുകാർ. ഈന്തു പിടിയും ഈന്തുപുട്ടും അടക്കം അനേകമനേകം വിഭവങ്ങൾ. മലബാറുകാരുടെ പ്രിയ വിഭവങ്ങളിൽ ഒന്നാണ് ഈന്ത് പിടി.
∙ ഈന്ത് പൊടിക്കാം
പഴുത്ത് പാകമായ ഈന്തിൻകായ കുറുകെ വെട്ടി വെയിലത്ത് ഉണക്കിയെടുക്കുകയാണ് പതിവ്. നാലോ അഞ്ചോ ദിവസം നല്ല വെയിലത്ത് ഉണക്കിയെടുക്കണം. ഉണക്കം പാകമായാൽ കായഅരിപ്പൊടി പോലെ പൊടിച്ച് സൂക്ഷിക്കണം. ഇതു ആവശ്യാനുസരണം ഉപയോഗിക്കാം..
∙ പൊടിയിൽ നിന്ന് പിടിയിലേക്ക്
ഒരു പാത്രത്തിൽ കാൽകിലോ ഈന്ത് പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു സ്പൂൺ മുളകുപൊടി, അൽപം മഞ്ഞൾപ്പൊടി, ഒരു സ്പൂൺ ഗരംമസാല എന്നിവയെടുത്ത് പത്തിരിക്കു കുഴയ്ക്കുന്ന പരുവത്തിൽ കുഴയ്ക്കുക. ഇത് ചെറിയ പിടിയായി ഉരുട്ടിവെയ്ക്കുക. ഒരു വിരലിന്റെ പകുതി നീളത്തിൽ പരത്തി ഉരുട്ടിയെടുത്ത് ചെറിയ ചെറിയ പത്തിരിയുടെ വലുപ്പത്തിൽ ആക്കിയെടുക്കണം. ഇതു തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇട്ട് വേവിക്കുക. പതുക്കെ ഇളക്കണം. വെന്തുകഴിഞ്ഞാൽ വെള്ളത്തിനു മുകളിലേക്ക് പൊന്തിവരും. ഇതാണ് ഈന്ത് പിടി. ഈന്ത് പിടി പകുതി വേവിച്ച ഇറച്ചിയിൽ ചേർത്ത് വേവിച്ചു കഴിക്കാവുന്നതാണ്.
∙ പിടിക്കൊപ്പം കൂവുന്ന കോഴി
ഒരു പാത്രത്തിൽ കാൽകിലോ കോഴി ആവശ്യത്തിന് ഉപ്പും മുളകും മഞ്ഞൾപ്പൊടിയും ഗരംമസാലയും ചേർത്ത് കുഴച്ച് മാറ്റിവെയ്ക്കുക. ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരു കഷണം ഇഞ്ചി ചതച്ചത്, എട്ട് അല്ലി വെളുത്തുള്ളി, നൂറ് ചെറിയ ഉള്ളി അരിഞ്ഞത്, രണ്ട് സവാള അരിഞ്ഞത്, രണ്ട് തക്കാളി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് കോഴിക്കഷണങ്ങൾ ചേർത്ത് 15 മിനിറ്റ് ചെറുതീയിൽ വേവിക്കുക. വെന്തുവരുമ്പോൾ ഈന്ത് പിടി ചേർത്ത് അഞ്ചു മിനിറ്റ് മൂടിവയ്ക്കുക. ഇതിലേക്ക് അര മുറി തേങ്ങ വറുത്തരച്ചതും അൽപം കറിവേപ്പിലയും മല്ലിയിലയും ചേർത്ത് അഞ്ചു മിനിറ്റുകൂടി വേവിക്കുക. അൽപം ചെറിയ ഉള്ളി ചെറുതായരിഞ്ഞ് വഴറ്റി ഇതിലേക്ക് ചേർത്താൽ ചിക്കൻ ഈന്ത്പിടി തയാറായി.