കുട്ടിക്കാലത്തെ പെരുന്നാൾ ഓർമകളൊന്നും അത്ര പറയാൻ മാത്രം ഒന്നും ഉള്ളതല്ല. മിക്കവാറും എല്ലാവരുടെ അവസ്ഥയും ഇതൊക്കെ തന്നെയായിരുന്നു. പെരുന്നാളിനു വിശപ്പുമാറെ ഭക്ഷണം കഴിക്കാം എന്ന സന്തോഷമായിരുന്നു പ്രധാന ഓർമകൾ. ഇന്നൊക്കെ നോമ്പുതുറ പോലും പെരുന്നാൾ ആഘോഷം പോലെ വിഭവസമൃദ്ധമാകുകയല്ലെ? കുട്ടിക്കാലത്തെല്ലാം നോമ്പ് ഒരു തരത്തിൽ ആശ്വാസമായിരുന്നു. പകൽസമയത്ത് ഭക്ഷണത്തെക്കുറിച്ച് ആധി വേണ്ടല്ലോ? വൈകിട്ട് നോമ്പ് തുറക്കുമ്പോൾ സാധാരണ പോലെ എന്തെങ്കിലും ആഹാരം കഴിച്ച് വിശപ്പകറ്റലായിരുന്നു പതിവ്. പെരുന്നാളിന് ഇറച്ചിക്കറി കൂട്ടി ചോറുണ്ണാം എന്ന സന്തോഷത്തിൽ പെരുന്നാളാകാൻ കാത്തിരുന്ന കാലത്തെക്കുറിച്ചെല്ലാം പറഞ്ഞാൽ പുതിയ കുട്ടികൾ ചിരിക്കും.
എന്തു ഭക്ഷണം വേണമെന്നു പറഞ്ഞാലും അതു കിട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതിനു പണക്കാരെന്നോ, പാവപ്പെട്ടവരെന്നോ വ്യത്യാസവുമില്ല. എന്നാൽ നമ്മളുടെയെല്ലാം കുട്ടിക്കാലത്ത് എല്ലാ വീടുകളിലും പട്ടിണിയും ദാരിദ്ര്യവും പതിവ് സന്ദർശകരായിരുന്നു. അതിനിടയിൽ വരുന്ന പെരുന്നാൾ ആഘോഷങ്ങൾ വലിയ സംഭവമായിരുന്നു. പെരുന്നാൾ രാവിൽ വാടകയ്ക്കെടുത്ത സൈക്കിളിലെ നഗരത്തിലെ കറക്കവും ബലൂണും മിഠായി വാങ്ങലുമെല്ലാം വലിയ സന്തോഷം തന്നെ.
പുത്തൻ വസ്ത്രങ്ങളും ചെരുപ്പുമെല്ലാം അന്ന് അത്യാഡംബരങ്ങളായിരുന്നതിനാൽ അതൊന്നും മോഹിക്കാറു പോലുമില്ല. കല്ലായിലെ മരപ്പണിയും നാടകങ്ങളും വൈക്കം മുഹമ്മദ് ബഷീറിനെ പോലുള്ള വലിയ സാഹിത്യകാരൻമാരുമായുള്ള സൗഹൃദവുമെല്ലാമായി നടക്കവെയാണ് സിനിമ വന്നു വിളിക്കുന്നത്. സിനിമയിൽ സജീവമായതോടെ ഞമ്മക്ക് എന്നും പെരുന്നാള് തന്നെ. പെരുന്നാളിനു കഴിവതും ബേപ്പുർ അരക്കിണറിലെ വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാറാണ് പതിവ്. ഇത്തവണയും അതിനു മാറ്റമില്ല. പെരുന്നാളിനു നിഷ്ഠയോടെ ചെയ്യുന്ന ഒരു കാര്യം പള്ളിയിൽ പോകലും പെരുന്നാൾ നിസ്കാരവുമാണ്. അതിനു ഇത്തവണയും മാറ്റമില്ല. മൂത്തമകനും കുടുംബവും വയനാട്ടിലാണ് താമസം. അവരെല്ലാം വീട്ടിലെത്തിയിട്ടുണ്ട്. മക്കളോടും പേരമക്കളോടുമൊപ്പം ഇഷ്ടഭക്ഷണവും കഴിച്ച് സന്തോഷമായി കഴിയുക. അതിനപ്പുറം എന്ത് പെരുന്നാളാഘോഷം.
കഴിഞ്ഞ പെരുന്നാളിനു ആന അലറലോട് അലറൽ എന്ന സിനിമയുടെ പാലക്കാട്ടെ ലൊക്കേഷനിലായിരുന്നു. പെരുന്നാൾ തലേന്ന് രാത്രി അരക്കിണറിലെ വീട്ടിലെത്തി പെരുന്നാൾ ആഘോഷിച്ചു പിറ്റേന്ന് ഉച്ചയ്ക്കു ശേഷം ലൊക്കേഷനിൽ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ 31 വർഷമായി പെരുന്നാളിനു വിടാതെ പിന്തുടരുന്ന ഓർമ സംവിധായകൻ ജോൺ ഏബ്രഹാമിനെക്കുറിച്ചുള്ളതാണ്.
1987 ലെ പെരുന്നാൾ ദിനത്തിൽ ജോണും കൂട്ടുകാരും നഗരത്തിലെ ലോഡ്ജിലുണ്ടെന്നറിഞ്ഞ് അവർക്കുള്ള പെരുന്നാൾ പലഹാരങ്ങളുമായി നഗരത്തിലെത്തിയപ്പോൾ കേട്ടത് ജോണിന്റെ മരണവാർത്തയായിരുന്നു. അന്ന് ആ പലഹാരപ്പൊതി കല്ലായിപ്പുഴയിൽ എറിഞ്ഞ് വിധിയോടുള്ള പക തീർത്തെങ്കിലും, കൊടുക്കാൻ കഴിയാതെ പോയ ആ മധുരം പെരുന്നാൾ ഓർമയായി ഇപ്പോഴും കൂടെയുണ്ട്.