തിരുനൽവേലി സ്വദേശി മാരിമുത്തു നാലുവർഷം മുൻപു തുടങ്ങിയതാണ് കാക്കനാട് – ചെമ്പുമുക്കിലെ ശ്രീജാനകീറാം ഹോട്ടൽ. ചെറിയൊരു ഭക്ഷണശാല. നാലു മേശ. 16 പേർക്ക് ഇരിക്കാം. പാലാരിവട്ടത്തുനിന്നു സിവിൽലൈൻ റോഡിലൂടെ കാക്കനാട് ദിശയിലേക്കു പോകുമ്പോൾ ചെമ്പുമുക്ക്. അവിടെനിന്ന് ഇടത്തേക്കു ചെറുപാതയിലൂടെ അൽപം മുന്നോട്ടുപോയാൽ ഇടതുവശത്താണ് ജാനകീറാം. മസാലദോശ, പഴംപൊരി, പലതരം വടകൾ എന്നിവയൊക്കെയാണ് ഇവിടെത്തെ താരങ്ങൾ. പലതരം ചട്നികളുടെ അകമ്പടിയും. പിന്നെ തരാതരം ചായകൾ. ചായകളുടെയും പാലുകളുടെയും വെള്ളങ്ങൾ. അടിച്ചുപതപ്പിച്ച പാലുംവെള്ളത്തിനുമീതെ, അതിന്റെ പതയുടെ മേലേ തേയിലവെള്ളം ഒരു പൂക്കളമിടുന്നതുപോലെ വീഴ്ത്തുന്നൊരു ചായയുണ്ട്. ഗംഭീരം. കണ്ണിനും നാവിനും. പിന്നെ, പെപ്പർ ടീ, ജിഞ്ചർ ടീ, ഗ്രീൻ ടീ, ലെമൺ ടീ. എന്തും കുടിക്കാം. കടിക്കാൻ മധുരപലഹാരങ്ങളുമുണ്ട്.
തലേക്കെട്ട് ചായ
അരഗ്ലാസ് പാലും അരഗ്ലാസ് വെള്ളവും പാകത്തിന് പഞ്ചസാര ചേർത്ത് (പഞ്ചസാര, അതു വേണ്ടാത്തവർക്കു വേണ്ട) നന്നായി അടിച്ചു പതപ്പിച്ചു ഗ്ലാസിലേക്ക് ഒഴിക്കുക. പാകത്തിനു തേയിലവെള്ളം പതയുടെ മീതെ വട്ടത്തിൽ ചുറ്റിച്ചു വീഴ്ത്തുക. മുന്നറിയിപ്പ് : ഇളക്കരുത്. ഗ്ലാസ് കയ്യിൽ കിട്ടുമ്പോൾ ആദ്യം മധുരമില്ലാത്ത ചായയുടെ സ്വാദ് നുകരുക. പിന്നെ അഞ്ചുവിരലുകൊണ്ടും സ്നേഹത്തോടെ പിടിച്ചു ഗ്ലാസിനെ മെല്ലെ ഇളക്കി (ജയിംസ് ബോണ്ടിനെ സ്മരിക്കാം) മധുരം പരക്കട്ടെ എന്നു മന്ത്രിച്ചു മൊത്തിമൊത്തി കുടിക്കുക.