Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

12 ലക്ഷം രൂപ ടിപ്പ് കിട്ടിയ ഷെഫ്!

Vikram Vij

ഒരു 'ടിപ്പ്' മതി ജീവിതം വഴി മാറാനെന്നാവും ഇനി ഷെഫ് വിക്രം വിജി പറയുക. കാരണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോ വിക്രമിനു കൊടുത്ത ടിപ്പാണ്- ഏകദേശം 12 ലക്ഷം രൂപ (17000 ഡോളർ.) കഴിഞ്ഞ ഫെബ്രുവരിയിൽ ജസ്റ്റിൻ ട്രൂ‍‍ഡോ ഇന്ത്യ സന്ദർശിച്ചതിന്റെ ചെലവു കണക്കുകൾ പുറത്തു വന്നതോടെയാണ് ഷെഫ് വിക്രത്തിനു പ്രധാനമന്ത്രിയുടെ വക 'കനത്ത ടിപ്പ്' ലോകമറിഞ്ഞത്. കനേഡിയൻ പ്രധാനമന്ത്രിക്കു വേണ്ടി പ്രത്യേകം ഭക്ഷണം തയാറാക്കാൻ എത്തിയ ഒൗദ്യോഗിക സംഘത്തിലുണ്ടായിരുന്ന വിക്രം അങ്ങനെ വാർത്തകളിലിടം നേടി. ഇന്ത്യ സന്ദർശന വേളയിൽ സർക്കാർ ഖജനാവിലെ പണം അനാവശ്യമായി പ്രധാനമന്ത്രി ചെലവാക്കിയെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി കണക്കു നിരത്തി ആരോപിക്കുമ്പോഴും കോളടിച്ചത് ഷെഫ് വിക്രമിനാണ്.

chef-vikram ഷെഫ് വിക്രം വിജി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോയ്ക്കൊപ്പം

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍‍ഡോയുടെ മനം കവർന്ന ഷെഫ് വിക്രത്തിന്റെ ജീവിതവഴികളിലൂടെ...

നിരാശയോടെ തുടക്കം
മുപ്പതു വർഷം മുൻപ് കാനഡയിലെത്തിയ ഷെഫ് വിക്രമിന്റെ ജീവിതം പ്രവാസിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്. കാനഡയിൽ നല്ലൊരു ജീവിതം എന്ന സ്വപ്നത്തെക്കാളും ഇന്ത്യ വിഭവങ്ങൾ വിദേശീയർക്കു പരിചയപ്പെടുത്തുകയെന്നൊരു ലക്ഷ്യവുമുണ്ടായിരുന്നു. കാനഡയിൽ ആൽബട്ടയിലെ ബനിഫ് സ്പ്രിങ് ഹോട്ടലിലെ റസ്റ്ററന്റിൽ രണ്ടു വർഷത്തെ ജോലി തദ്ദേശീയരുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് അറിവു നേടാനും വിക്രമിനെ സഹായിച്ചു. കാനഡക്കാർക്ക് തനത് ഇന്ത്യൻ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഭക്ഷണശാല തുടുങ്ങുകയെന്നതായിരുന്നു പിന്നീടുള്ള ലക്ഷ്യം. പിതാവിൽ നിന്നു മൂലധനം സ്വരൂപിച്ച് വാൻകൂവറിൽ തുടങ്ങിയ ഭക്ഷണശാലയുടെ ആദ്യ നാലുമാസം 'കയ്പു' നിറഞ്ഞതായിരുന്നു. നഷ്ടത്തേക്കാളും വിക്രത്തിനെ അലട്ടിയത് തദ്ദേശീയരുടെ ഇന്ത്യൻ ഭക്ഷണത്തോടുള്ള സമീപനമായിരുന്നു. വരുന്ന എല്ലാവരും ചോദിച്ചത് ഒറ്റ വിഭവം മാത്രം – ബട്ടർ ചിക്കൻ !

ബട്ടർ ചിക്കൻ മാത്രമല്ല ഇന്ത്യൻരുചി
ഇന്ത്യൻ വിഭവം എന്നാൽ ബട്ടർ ചിക്കനെന്നു മാത്രം കരുതുന്നവരെ എങ്ങനെ നന്നാക്കാമെന്നായി അടുത്ത ചിന്ത. ബട്ടർ ചിക്കൻ മാത്രം തേടിയെത്തിവരോട് ചില നേരത്ത് വിക്രമിനു കയർത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പിണങ്ങിയവരെ നേരിട്ടത് ഒരു ഭക്ഷണശാലയുടമയും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യവുമായാണ് – വിഭവങ്ങൾ രുചിക്കാം, ഇഷ്ടമായില്ലെങ്കിൽ പണം തരേണ്ട !
വിക്രമിന്റെ വിചിത്രമായ ഒാഫറിനു ഫലമുണ്ടായി ബട്ടർ ചിക്കൻ മാത്രം ചോദിച്ചെത്തിയ പലരും മറ്റു വിഭവങ്ങളും രുചിച്ചു നോക്കി. ആദ്യം സൗജന്യമായി കഴിച്ചവർ വീണ്ടുമെത്തി കാശുമുടക്കി കഴിച്ചതോടെ ഭക്ഷണശാലയുെട ടേബിളുകൾ നിറയുവാൻ തുടങ്ങി. ഉപഭോക്താക്കളുടെ രുചിയനുഭവം കേട്ടറിഞ്ഞവർ വന്നതോടെ വിക്രമിന്റെ ഭക്ഷണശാല ഭക്ഷണപ്രിയരുടെ പ്രിയയിടമായി.

വിക്രമിന്റെ 'രുചി' രഹസ്യം
പാചകം ചെയ്യുന്നവരുടെ മനോഭാവം അവർ തയാറാക്കുന്ന ഭക്ഷണത്തിലും പ്രതിഫലിക്കുമെന്നാണ് പാചകത്തോടുള്ള ഷെഫ് വിക്രമിന്റെ കാഴ്ചപ്പാട്. പാചകത്തെ മനസ്സു കൊണ്ട് സ്നേഹിച്ചാൽ തയാറാക്കുന്ന വിഭവത്തിന്റെ രുചി കൂടും. ഭക്ഷണം കൈകൾ കൊണ്ട് കഴിച്ചാൽ ആ സ്നേഹം അടുത്തറിയാൻ സാധിക്കുമത്രേ ! സ്വന്തമായി തയാറാക്കിയ മസാലക്കൂട്ട് ഓരോ വിഭവത്തിന്റെയും സ്വഭാവമനുസരിച്ച് കൂട്ടി നൽകുകയാണ് വിക്രമിന്റെ 'രുചി' രഹസ്യം. പാചകം കഴിഞ്ഞാൽ 'വാചകമാണ്' തന്റെ ആരോഗ്യ രഹസ്യമെന്ന് വിക്രം അവകാശപ്പെടുന്നു. നല്ല വിഭവങ്ങളൊരുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണശാല രാവിലെ തുറക്കുന്നതു മുതൽ അടയ്ക്കുന്നതു വരെ പ്രസന്നതയോടെ ഉപഭോക്താക്കളെ സ്വീകരിക്കുന്നത്. ഭക്ഷണശാലയിൽ എത്തുന്ന ഓരോരുത്തരോടും സംസാരിക്കാൻ സമയം കണ്ടെത്തും. ഉപഭോക്താവിൽനിന്നു നേരിട്ട് കേൾക്കുന്ന അഭിപ്രായമാണ് രുചിയുടെ മേന്മ നിലനിറുത്താൻ വിക്രമിനെ സഹായിക്കുന്നത്.

ഉൗർജത്തിന്റെ രഹസ്യം
എപ്പോഴും പ്രസന്നമായിരിക്കുക, ആൾക്കൂട്ടവും ഏകാന്തതയും ഒരേപോലെ ആസ്വദിക്കുക, ഭക്ഷണം പാചകം ചെയ്ത് ശാന്തി നേടുക - ഇതാണ് വിക്രമിന്റെ ജീവിത ദർശനം. രാവിലെ അരമണിക്കൂർ യോഗയിൽ തുടങ്ങുന്ന ദിനചര്യ ഏറെ വൈകി അവസാനിക്കുമ്പോഴും വിക്രമിന്റെ പ്രസന്നതയുടെ മാറ്റു കുറയുന്നില്ല. അരഡസനോളം പാചകപുസ്തകങ്ങളെഴുതിയ, നിരവധി ടിവി പാചകഷോകൾ അവതരിപ്പിച്ചിട്ടുള്ള വിക്രം ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന കാര്യം ഞായറാഴ്ചകളിലെ പാചകമാണ്. ജീവിതപങ്കാളി മീരു ദൽവാല ഇടയ്ക്ക് വഴിപിരിഞ്ഞു പോയതാണ് ജീവിതത്തിലെ വേദനാജനകമായ നിമിഷമെങ്കിലും വിദൂരത്തുള്ള രണ്ടു പെൺമക്കളും ജീവിതപങ്കാളിയും തീൻമേശയിൽ തന്നോടൊപ്പമുണ്ടെന്ന ചിന്തയിൽ ഭക്ഷണമൊരുക്കി ഏകാന്തത ആസ്വദിക്കുന്നു. ജീവിതത്തിൽ മോശം സമയങ്ങൾ വരുമ്പോൾ മുന്നോട്ട് പോകുവാൻ വിക്രമിനെ പ്രചോദിപ്പിക്കുന്ന വാക്കുകളേതെന്ന് ചോദിച്ചാൽ ചെറുപുഞ്ചിരിയോടെ, ഭക്ഷണശാലയിൽ സ്ഥിരമായി എത്തുന്ന ഉപഭോക്താക്കൾ ആവർത്തിക്കുന്ന വാചകം ഉരുവിടും - ആരോഗ്യമുള്ള ഭക്ഷണരീതികളിലൂടെ എന്റെ ജീവിതം മാറ്റി മറിച്ചതിനു നന്ദി !