Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിപ്രിയരെ ഞെട്ടിക്കുന്ന വെ‍ജിറ്റേറിയൻ കോഴിക്കാൽ

മിത്രൻ വി.
Kozhikkal ചിത്രം: പ്രശാന്ത് പട്ടൻ

നന്ദനം എന്ന സിനിമയിൽ കോഴിക്കാലു കടിച്ചുവലിക്കുന്ന കുമ്പിടി സ്വാമിയെ കണ്ട് കേശവൻനായർ ഓടിയ രംഗം ഓർമയുണ്ടോ? ഒരു കാലത്ത് മലയാള സിനിമയിലെ മദ്യപാന രംഗങ്ങളിൽ കോഴിക്കാൽ ആയിരുന്നു സ്ഥിരം താരം. പൊരിച്ച കോഴിയും ചപ്പാത്തിയുമെന്ന കോമ്പിനേഷൻ മലയാളക്കരയിൽ വ്യാപകമായത് എൺപതുകളിലാണെന്ന് പല ഭക്ഷണ വിദഗ്ധരും പറയാറുണ്ട്. തിരുവനന്തപുരംകാരുടെ പ്രിയപ്പെട്ട കേത്തൽ ചിക്കൻ നാടൊട്ടുക്കും വ്യാപകമായത് ആ കാലഘട്ടത്തിലാണ്.

പക്ഷേ മലബാറിലൂടെ യാത്ര ചെയ്യുമ്പോൾ ഒരു കോഴിക്കാല് കടിച്ചുവലിക്കണമെന്നു കരുതിയാൽ പെട്ടതുതന്നെയാണ്. തലശ്ശേരിയിൽ ചെന്നിട്ട് ഒരു കോഴിക്കാൽ വേണമെന്നു പറഞ്ഞാൽ കയ്യിൽകിട്ടുക അപ്രതീക്ഷിതമായ ഐറ്റമാണ്. കൂവുന്ന കോഴിയെ ഓടിച്ചിട്ടുപിടിച്ച് വറുത്ത് തിന്നുന്ന കോഴിപ്രിയരെ ഞെട്ടിക്കുന്ന വിഭവമാണ് തലശ്ശേരിക്കാരുടെ കോഴിക്കാൽ.

kozhikkal-kappa ചിത്രം: പ്രശാന്ത് പട്ടൻ

തിരു–കൊച്ചിക്കാർ കപ്പയെന്നും മരച്ചീനിയെന്നും വിളിക്കുന്ന പഹയന് മലബാറിൽ പേര് ‘പൂള’യെന്നാണ്. പൂളേന്നും പൂളക്കേങ്ങ്ന്നും മലബാറുകാർ കപ്പയെ വിളിക്കും! അത്യാവശ്യം എരിവും മൊരിമൊരിച്ചിലുമുള്ള വറുത്ത കപ്പ വിഭവമാണ് തലശ്ശേരിക്കാരുടെ കോഴിക്കാൽ. കപ്പ അരിയിലും മൈദയിലും മുക്കി പൊരിച്ചെടുത്ത, അൽപം എരിവുള്ള ഐറ്റം. നല്ല ഒന്നാന്താരം വെജിറ്റേറിയൻ വിഭവം!

കറുമുറുങ്ങനെ കടിച്ചുതിന്നാവുന്നത്ര ക്രിസ്പി. അൽ‍പം മുന്നിട്ടു നിൽക്കുന്ന എരിവ്. നീളത്തിൽ അരിഞ്ഞെടുത്ത് മാവിൽമുക്കി കപ്പ പൊരിച്ചെടുക്കുമ്പോൾ കോഴിക്കാലു വറുത്തെടുത്തതിനോട് സാമ്യം തോന്നുന്നതു സ്വാഭാവികം. അതല്ലാതെ ഈ വിഭവത്തിന് കോഴിക്കാലെന്നു പേരു കിട്ടാൻ വേറൊരു കാരണവും ഊഹിക്കാനില്ല.

kozhikkal ചിത്രം: പ്രശാന്ത് പട്ടൻ

കാലു പിടിച്ചൊരു രസക്കൂട്ട്

അരക്കിലോ കപ്പ തൊലി കളഞ്ഞ് വൃത്തിയായി കഴുകി വളരെ നേർമയായി നീളത്തിൽ അരിഞ്ഞെടുക്കുക. ഇതിലേക്ക് മൂന്നു പച്ചമുളക് ചെറുതായി നുറുക്കിയത്, വെളുത്തുള്ളി ചതച്ചത് അര സ്പൂൺ, കുറച്ച് കറിവേപ്പില, അര സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ കശ്മീരി ചില്ലി, അര സ്പൂൺ ഗരം മസാല, ഒരു നുള്ള് കായം, ആവശ്യത്തിന് ഉപ്പ് എന്നിവ നന്നായി ഇളക്കിച്ചേർത്ത് പത്തുമിനിറ്റ് വെയ്ക്കുക. ഇതിൽ നാലു സ്പൂൺ മൈദയും രണ്ട് സ്പൂൺ അരിപ്പൊടിയും ചേർക്കുക. അൽപം വെള്ളം ചേർത്ത് ഇതിലേക്ക് കപ്പയും ചേർത്ത് ഇളക്കുക. അടുപ്പത്ത് ചട്ടിയിൽ എണ്ണയൊഴിച്ച് തിളച്ചു വരുമ്പോൾ കപ്പ മിശ്രിതം കുറച്ചുകുറച്ചായി അതിലേക്കിട്ട് പൊരിച്ചെടുക്കുക.