‘റേന്ത’ എന്ന പോർച്ചുഗീസ് വാക്ക് തീരവാസികളുടെ പഴയ തലമുറയ്ക്കു പരിചിതമാണ്. പൂ പോലത്തെ അപ്പം. റേന്ത പിടിപ്പിച്ച അപ്പം എന്നു പറഞ്ഞാൽ അതെന്ത് അപ്പം എന്നു ചോദിക്കുന്ന നഗരവാസികളോട് ഇത്രയേ പറയാനുള്ളൂ: ‘‘രാവിലെ എണീറ്റ് നേരേ കോട്ടുവള്ളിയിലേക്കു വച്ചുപിടിക്കുക. പ്രാതൽ അവിടെയാകാം. അവിടെ, കുടുംബശ്രീക്കാരുടെ ‘സൗഭാഗ്യ’ എന്ന കൊച്ചു ഭക്ഷണശാലയിൽ റേന്ത പിടിപ്പിച്ച അപ്പം കിട്ടും. രുചി പറ്റിപ്പിടിച്ച റേന്ത. അകംനിറയെ രുചിയുള്ള നടുഭാഗം. കൂട്ടിന് മസാലവൈഭവമുള്ള മുട്ടക്കറിയും.’’
ഇനി ‘റേന്ത’ എന്തെന്ന് അറിയാത്തവർക്കായി ഒരു വിശദീകരണം: വസ്ത്രങ്ങളുടെ വക്കുകളിൽ തുന്നിപ്പിടിപ്പിക്കുന്ന, അലങ്കാരപ്പണികളുള്ള നേർത്ത തുണിയാണു റേന്ത. നേർത്തതെന്നു പറയുമ്പോൾ തുണികൊണ്ടുള്ള വല പോലെ നേർത്തത്. പാട പോലെ നേർത്തത്. വെള്ളത്തുണിയിലാണു പലപ്പോഴും റേന്ത പിടിപ്പിക്കാറുള്ളത്. അതാണതിന്റെ അഴക്. വശ്യത. സുന്ദരിമാരുടെ ശിരോകവചം മുതൽ ഫ്രോക്കുവരെ അരികിൽ റേന്ത പിടിപ്പിച്ചത് ആവാറുണ്ട്. സൗഭാഗ്യയിലെ അപ്പം സുന്ദരമാണ്. തൂവെള്ളപ്പൂ പോലത്തെ അപ്പം. റേന്ത പിടിപ്പിച്ച അപ്പം. അപ്പവും മുട്ടക്കറിയും മേശപ്പുറത്തുവരുമ്പോൾ എങ്ങനെ കഴിക്കണമെന്ന് വച്ചുവിളമ്പുന്നവർ പ്രത്യേകം പറയാറില്ല. പക്ഷേ അറിഞ്ഞു വേണം, കഴിപ്പിന്റെ നടപടിക്രമം.
ആദ്യം അപ്പം ആകപ്പാടെ ആക്രമിച്ചു കീറി, വാളുവീശുന്നതുപോലെ മുട്ടക്കറിയിൽ പ്രയോഗിക്കരുത്. ചൂടുളള അപ്പത്തിന്റെ റേന്ത മാത്രമായി ആദരപൂർവം, സ്വാദിന്റെ വരവിനെ മനസ്സാ ധ്യാനിച്ചു വേർപെടുത്തി വായിൽവച്ചു രുചിക്കണം. ആഹാ... എന്നൊരു ശബ്ദം മനസ്സു പുറപ്പെടുവിച്ചുപോകും. നാവിൽ നേർമയായി അലിയും റേന്ത. അതുകഴിഞ്ഞുവേണം അപ്പത്തിന്റെ നടുവിലെ സമൃദ്ധിയിലേക്കു കടക്കാൻ. കറിയുടെ മസാലതൊടാതെ ആദ്യം അപ്പത്തിന്റെ രുചി നാവിലെമ്പാടും പടരട്ടെ. അന്നേരംതോന്നും, കൂട്ടാനില്ലാതെയും ഈ അപ്പം കഴിക്കാമല്ലോയെന്ന്. രണ്ടാം ഘട്ടത്തിൽ അപ്പം മുറിച്ചെടുത്ത് മുട്ടക്കറിയും ചേർത്തു കഴിക്കാം. കഴിക്കണം. കാരണം, മുട്ടക്കറി വ്യത്യസ്തമാണ്. ചുമ്മാ കുറേ മുളകുപൊടിയിട്ടു വേവിച്ച അലമ്പുകറിയല്ല. കുടുംബശ്രീക്കാരുടെ കുടുമ്മത്തു പിറന്ന മുട്ടക്കറിയാണ്. നേർമയായി അരിഞ്ഞ സവാളഗ്രേവി അടിപൊളിയാണ്. മുട്ടക്കറിക്കു പുറമെ കടലക്കറി തുടങ്ങിയ വഹകളുമെല്ലാമുണ്ട് സൗഭാഗ്യയിൽ.
എന്താണ് ഈ അപ്പത്തിന്റെ രുചിയുടെ രഹസ്യം? കടയുടെയും രുചിയുടെയും സംവിധാനവും നിർവഹണവും കൈകാര്യം ചെയ്യുന്ന വീട്ടമ്മമാർ, സ്വപ്ന, സൂസൻ, മണി എന്നിവർ പറഞ്ഞുതരും. കുറച്ച് അരി തരിയാക്കി, വെള്ളത്തിൽ കലക്കി, കുറുക്കിവയ്ക്കും. വേറേ കുറച്ച് അരി കുതിർത്ത് മിക്സിയിൽ പൊടിച്ചെടുക്കും. റവ വെള്ളം ചേർത്തു കുറുക്കി തണുക്കുമ്പോൾ പഞ്ചസാരയും ഉപ്പും നുള്ള് യീസ്റ്റും ചേർക്കും. അരി അരച്ചതിൽ റവ മിശ്രിതം ചേർത്തിളക്കി ആറു മണിക്കൂറെങ്കിലും പൊങ്ങാൻ വയ്ക്കണം. രാവിലെ എടുത്ത് അപ്പച്ചട്ടിയിൽ ഒഴിച്ച്, കലാവിരുതോടെ ചുറ്റിച്ചു മൂടിവച്ച് നാട്ടുകാർ മൊത്തം കൊതിക്കുന്ന അപ്പമുണ്ടാക്കാം.
അപ്പവും ആവിപറക്കുന്ന മുട്ടക്കറിയും കഴിക്കാൻ രാവിലെതന്നെ പോകണം എന്നു നേരത്തേ പറഞ്ഞല്ലോ. നഗരത്തിൽനിന്നാണെങ്കിൽ ഇടപ്പള്ളി, വരാപ്പുഴ വഴി ദേശീയ പാതയിലൂടെ പോകാം. ഇടതുവശത്തു തേവർകാട് ശ്രീനാരായണപുരം ക്ഷേത്രത്തിന്റെ ആർച്ച് കടന്നു മുന്നോട്ടു യാത്ര തുടരണം. ആറാട്ടുകടവു പാലം കടന്നാലുടൻ വലത്തേക്കു തിരിയുക. ദേശീയ പാതയിൽനിന്ന് ഏതാണ്ടു മൂന്നു കിമീ പോയാൽ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻസ് പള്ളിക്കടുത്തായി സൗഭാഗ്യ ഹോട്ടൽ കാണാം. മണി, സൂസൻ, സ്വപ്നമാരുടെ കൈപ്പുണ്യം അറിയാവുന്ന വീട്ടമ്മമാർ മുതൽ ഇവിടത്തെ പ്രാതൽ ഇഷ്ടപ്പെടുന്നു. അതുകൊണ്ടു സംഗതി വേഗം തീർന്നുപോകും. ഉച്ചയ്ക്കാണെങ്കിൽ മാങ്ങാക്കഷണങ്ങളിട്ട മീൻചാറും ചാള വറുത്തതും ചെമ്മീനും ചൂടുചോറും കൂട്ടി ഉഷാറായി ഊണുകഴിക്കാം.
മുട്ടക്കറി ഉണ്ടാക്കുന്ന വിധം:
നീളത്തിൽ, നേർമയായി അരിഞ്ഞ സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി നുറുക്കിയ കറിവേപ്പിലയും വെളിച്ചെണ്ണയിൽ വഴറ്റണം. അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്തു നന്നായി വഴറ്റിയശേഷം ഉപ്പും വെള്ളവും ചേർത്തു തിളപ്പിക്കുക. ചാറുകുറുകി എണ്ണ തെളിയുമ്പോൾ പുഴുങ്ങിയ, തോടുകളഞ്ഞ മുട്ട ചേർത്തിളക്കി വാങ്ങിവയ്ക്കുക. സൂത്രവാക്യം: ഏലയ്ക്ക, പട്ട, കുരുമുളക് എന്നിവ പൊടിച്ചെടുത്തു ചേർക്കണം. ഗ്രാമ്പൂ, തക്കോലം തുടങ്ങിയവ ചേർത്ത് ഓവർസ്മാർട് ആക്കാൻ ശ്രമിക്കരുത്. നാട്ടുകാർക്കും വീട്ടുകാർക്കും ഇഷ്ടപ്പെടണമെന്നില്ല.