കൈയിൽ ചൂടുപറക്കുന്ന ഒരു ഗ്ലാസ് മലബാറി കാവ, കൺമുന്നിൽ മൊഹബത്ത് മഴയും!

‘‘പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ...’’ ചെവിയോർ‍ത്താൽ കേൾക്കാം, കല്ലായിപ്പുഴയുടെ തീരത്ത് ഇപ്പോഴും കോഴിക്കോട് അബ്ദുൾഖാദറിന്റെ സ്വരം അലയടിക്കുന്നുണ്ട്. മലബാറിന്റെ തീരത്താണ് ഉത്തരേന്ത്യൻ സംഗീതത്തിൽ കുതിർന്ന മലയാളം ഗസലുകളിൽ പലതും പിറന്നുവീണത്. കോഴിക്കോട്ടുകാരുടെ നെഞ്ചിടിപ്പായ ബാബുക്കയെന്ന എം.എസ്.ബാബുരാജ്, ഭാവഗായകൻ കോഴിക്കോട് അബ്ദുൾഖാദർ, അഭയാർഥിയായെത്തി മലബാറിന്റെ ഖൽബിൽ കൂടുകൂട്ടിയ ബോംബെ എസ്.കമാൽ, അങ്ങനെയങ്ങനെ നീളുകയാണ് ആ പട്ടിക.

മലബാറിന്റെ ഭക്ഷണം വെറും രുചിക്കൂട്ടിൽ മാത്രമൊതുങ്ങുന്നില്ല. ഓരോ രുചിയിലും അലിഞ്ഞുചേർന്ന സംസ്കാരമുണ്ട്.പെയ്തുപെയ്തലിയുന്ന ഗസലിന്റെ, വിരൽത്തുമ്പുകൾ ഓടിനടക്കുന്ന ഹാർമോണിയത്തിന്റെ, സംഗീതവീചികളിൽ അലിഞ്ഞാണ് ഓരോ രുചിയും നാവിൻതുമ്പിൽ വന്നു തൊട്ടത്. 

പഴയൊരു ഗ്രാമഫോൺ പെട്ടിയിൽനിന്നുയരുന്ന ആ സംഗീതം, മുനിഞ്ഞുകത്തുന്ന റാന്തലിന്റെ വെളിച്ചം, കയ്യിൽ ചൂടുപറക്കുന്ന ഒരു ഗ്ലാസ് മലബാറി കാവ..ലോകത്തുള്ള സകല മൊഹബത്തും കൺമുന്നിൽ വന്നുപെയ്യും.

കാവ കുടിച്ചിട്ടുണ്ടോ? സാധാരണ കട്ടൻചായയോ സുലൈമാനിയോ അല്ല കാവ. ഉത്തരേന്ത്യയിൽനിന്ന് വന്നു മലബാർതീരത്ത് കൂടുകൂട്ടിയ മൊഞ്ചത്തിയാണ്.നമ്മൾ‍ ഗ്രീൻ ടീ എന്നൊക്കെ സ്റ്റൈലായി വിളിക്കുന്ന സംഗതിയുടെ യഥാർഥ അവതാരം.

അഫ്ഘാനിസ്ഥാനിലും പാകിസ്ഥനിലും ചില മധ്യേഷ്യൻ രാജ്യങ്ങളിലും കാശ്മീർ താഴ്വരയിലും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരുതരം ചായയാണ് കാഹ്‌വ അഥവാ കാവ. പക്ഷേ മലബാറിൽ, പ്രത്യേകിച്ച് കോഴിക്കോടിന്റെ തീരപ്രദേശങ്ങളിൽ കാവ ഏറെക്കാലമായി ഭക്ഷണത്തിന്റെ ഭാഗമാണ്.വിരുന്നുകാരനല്ല, വീട്ടുകാരനാണ്. ദം ബിരിയാണി കഴിച്ച ശേഷം ഒരു ഗ്ലാസ് കാവ കുടിക്കുന്നതു പതിവാണ്. ബിരിയാണിയുടെ മത്ത് ഒന്നിറങ്ങിക്കിട്ടും. ചെമ്പു കൊണ്ടുള്ള സമോവറിൽ കുങ്കുമപ്പൂവും ബദാമും തേനുമൊക്കെ ചേർ‍ത്തുണ്ടാക്കുന്ന കാവ ചായ ഇഷ്ടപ്പെടുന്നവരുടെ മനസു കവരും.

∙ ഈണമിടാം, കാവയ്ക്ക്

മൂന്ന് കപ്പ് വെള്ളം,രണ്ട് ഗ്രാമ്പൂ, രണ്ട് ഏലയ്ക്ക ചതച്ചത്, ഒരു കഷ്ണം കറുവപ്പട്ട എന്നിവ ചേർത്ത് തിളച്ചാൽ ഇറക്കി നാലു സ്പൂൺ തേയില ചേർക്കുക. കാൽ  സ്പൂൺ കുങ്കുമപ്പൂവ് കുറച്ചു വെള്ളത്തിൽ കുതിർക്കുക. അരിച്ചെടുത്ത ചായയിൽ കുങ്കുമപ്പൂവ് കുതിർത്തതും എട്ടു ബദാം  ചെറുതായി മുറിച്ച കഷണങ്ങളും ചേർക്കുക. പഞ്ചസാരയോ തേനോ ചേർക്കാം.