ഇന്ത്യയുടെ സ്റ്റാർ ഷെഫ് ആരാണെന്നു ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ ഉള്ളൂ; സഞ്ജീവ് കപൂർ. ഇന്ത്യയുടെ തനതു രുചികൾ ലോകത്തിനു മുന്നിലെത്തിച്ചും ലോകമെമ്പാടുമുള്ള രുചിവൈവിധ്യങ്ങൾ ഇന്ത്യക്കാരെ പഠിപ്പിച്ചും കാൽനൂറ്റാണ്ടിലധികമായി സഞ്ജീവ് കപൂർ ഈ രംഗത്തുണ്ട്. ടിവി ഷോകളിലൂടെയും ഇന്റർനെറ്റ് ചാനലുകളിൽ കൂടിയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ ഓരോ ദിവസവും സഞ്ജീവെത്തുന്നു.
ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ നാൾ നീണ്ടുനിന്ന കുക്കറി ഷോ നടത്തിയ റെക്കോർഡ് സഞ്ജീവിന്റെ പേരിലാണ്. 120 രാജ്യങ്ങളിൽ അദ്ദേഹത്തിന്റെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നു. ഒട്ടേറെ കുക്കറി പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പുസ്തകങ്ങളുടെ ആയിരക്കണക്കിനു കോപ്പികളാണു വിറ്റഴിയുന്നത്.
സഞ്ജീവ് കപൂറിന്റെ റസ്റ്ററന്റ് ശൃംഘലയായ ‘ദ് യെല്ലോ ചില്ലി’യുടെ കേരളത്തിലെ ആദ്യ ഔട്‌ലെറ്റ് കൊച്ചി ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. റസ്റ്ററന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു കൊച്ചിയിലെത്തിയ സഞ്ജീവ് മെട്രോ മനോരമയോട്:
∙ കേരളത്തിലേക്ക് ആദ്യമായാണു സഞ്ജീവ് ഒരു സംരംഭവുമായി എത്തുന്നത്. എന്തു തോന്നുന്നു?
കേരളത്തിലേക്ക് ആദ്യം എന്ന പ്രയോഗം പൂർണമായി ശരിയല്ല. കേരളം എനിക്കു പ്രിയ നാടാണ്. ഒട്ടേറെ സൗഹൃദങ്ങളുണ്ട് എനിക്കിവിടെ. മാത്രമല്ല എന്റെ ടിവി ചാനലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഇവിടെയെത്തുന്നു. ഒട്ടേറെ ഫോളോവേഴ്സും ഇവിടെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു ഞാൻ നടത്തുന്ന ചില ബിസിനസുകളും കേരളത്തിലെത്തുന്നു. അതുകൊണ്ടു തന്നെ കേരളം എനിക്കേറെ പ്രിയ ഇടമാണ്. പക്ഷേ, റസ്റ്ററന്റ് ഇവിടെ ആദ്യമായാണ്.
∙ യെല്ലോ ചില്ലിക്ക് ഇവിടെ ഓഫർ ചെയ്യാനുള്ളത്?
യെല്ലോ ചില്ലി ഉത്തരേന്ത്യയോടു ബന്ധപ്പെട്ട ഒരു ബ്രാൻഡ് ആയിരുന്നു. എന്നാൽ, ഇപ്പോൾ ഞങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ രുചിഭേദം ഞങ്ങൾക്കറിയാം. അതാതു സ്ഥലങ്ങളിലെ പ്രാദേശിക വിഭവങ്ങളും യെല്ലോ ചില്ലിയുടെ മെനു കാർഡിൽ നിങ്ങൾക്കു കാണാം. ഇവിടെയും അങ്ങനെതന്നെ. മറ്റുള്ളവയൊടൊപ്പം കേരളത്തിന്റെ തനതു വിഭവങ്ങളും ഇവിടെയുണ്ടാകും. അവ തയാറാക്കാൻ ഇവിടെ നിന്നു തന്നെയുള്ള ടീം ഉണ്ട്; കാരണം ഭക്ഷണം സംസ്കാരമാണ്.
∙ ഓരോ നാട്ടിലെയും ഭക്ഷണം അതാതിടത്തെ സംസ്കാരം പ്രതിനിധാനം ചെയ്യുന്നുവെന്നാണോ?
തീർച്ചയായും. ദൈവത്തിനു അർപ്പിക്കുന്ന ഒന്നാണു ഭക്ഷണം. ഭാരതീയ സംസ്കാരമനുസരിച്ച് അതിഥി ദൈവമാണ്. അതുകൊണ്ടു തന്നെ ഭക്ഷണത്തെ അത്ര പരിപാവനമായ ഒന്നായാണു ഞാൻ കാണുന്നത്. ‘ഫുഡ് ഡിപ്ലോമസി’ എന്നൊരു പദം തന്നെ ഉരുത്തിരിഞ്ഞിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഞാനതു പറയുകയും ചെയ്തു. ഓരോ നാട്ടിലെയും ഭക്ഷണം മറ്റു നാട്ടുകാരുടെ നാവിലേക്കു മാത്രമല്ല, ഹൃദയത്തിലേക്കു കൂടിയാണു ചെല്ലുക.
∙ ഭക്ഷണത്തിലെ ഇപ്പോഴത്തെ ട്രെൻഡ്?
പ്രാദേശിക രുചികൾക്കു മുൻഗണന കിട്ടുന്നു എന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. നേരത്തേ ഉണ്ടായിരുന്നതു പോലെ ആഗോള തലത്തിൽ അറിയപ്പെടുന്ന വിഭവങ്ങളല്ല ഇപ്പോൾ ആളുകൾ ഇഷ്ടപ്പെടുന്നത്. ഉദാഹരണത്തിനു ബിരിയാണി. ഹൈദരബാദി, കേരള തുടങ്ങി എത്ര തരം ബിരികളാണു നമ്മുടെ നാട്ടിലുള്ളത്. കേരളത്തിൽ തന്നെ പല പ്രദേശത്തു പലതരം ബിരിയാണികൾ ലഭിക്കും. ഇവയ്ക്കൊക്കെ പ്രാമുഖ്യം ലഭിച്ചു തുടങ്ങി.
റസ്റ്ററന്റ് ഭക്ഷണം വീടുകളിലെത്തുന്നു എന്നതാണു മറ്റൊരു ട്രെൻഡ്. നേരത്തേ ആളുകൾ പുറത്തു പോയി കഴിക്കുമായിരുന്നു. വീട്ടിലെ ഭക്ഷണം, പുറത്തെ ഭക്ഷണം എന്നിങ്ങനെ വേർതിരിവുമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയില്ല. ഒട്ടേറെപ്പേർ പുറത്തു നിന്നുള്ള ഭക്ഷണം വീട്ടിലേക്ക് ഓർഡർ ചെയ്തു കഴിക്കുന്നു. ആളുകൾ ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനാഗ്രഹിക്കുന്നു എന്നതാണു മറ്റൊരു ട്രെൻഡ്.
∙ കേരളത്തിലെ ഇഷ്ടപ്പെട്ട വിഭവങ്ങൾ
കേരളത്തിലെ ഒട്ടുമിക്ക വിഭവങ്ങളും എനിക്കിഷ്ടമാണ്. എങ്കിലും കൂടുതലിഷ്ടമുള്ള വിഭവങ്ങൾ ചോദിച്ചാൽ അതു പുട്ടും കടലയും കരിമീൻ പൊള്ളിച്ചത്, പ്രഥമൻ എന്നിവയൊക്കെയാണ്.
∙ വീട്ടിലെ കുക്ക് ആരാണ്.
ഞാനും ഭാര്യയും മക്കളും പാചകം ചെയ്യും. സെലിബ്രിറ്റി ഷെഫാണെന്നു പറഞ്ഞിട്ടു കാര്യമില്ല, എനിക്കു പ്രത്യേകിച്ച് അധികാരം ഒന്നുമില്ല അവിടെ. എന്നെക്കാൾ നന്നായി പാചകം ചെയ്യുന്നതു ഭാര്യയാണ് (ചിരിക്കുന്നു).