‘മലബാർ’ എന്ന വാക്ക് ആരുടെയും കുത്തകയല്ലെന്നു സുപ്രീം കോടതി. കേരള, തമിഴ്നാട് വിപണികൾ മുന്നിൽക്കണ്ട് ബിരിയാണിയരിക്ക് ‘മലബാർ’ എന്നു പേരിട്ട ബംഗാൾ കമ്പനികളുടെ തർക്കം സുപ്രീം കോടതി തീർപ്പാക്കി. തർക്കിച്ച രണ്ടു കമ്പനികൾക്കും ‘മലബാർ’ ഉപയോഗിക്കാമെന്ന് ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, ആർ. ഭാനുമതി എന്നിവരുടെ ബെഞ്ച് വിധിച്ചു.
പരാഖ് വാണിജ്യ പ്രൈവറ്റ് ലിമിറ്റഡും ബരോമ അഗ്രോ പ്രൊഡക്ട്സുമാണ് ‘മലബാറി’നായി ഏറ്റുമുട്ടിയത്. തങ്ങൾ 2001 മുതൽ ‘മലബാർ’ ബിരിയാണിയരി വിൽക്കുന്നവരാണെന്നും എതിർകക്ഷി ‘മലബാർ ഗോൾഡ്’ എന്ന പേര് ഉപയോഗിക്കുന്നതു തടയണമെന്നുമാണ് പരാഖ് ഹൈക്കോടതിയിലാവശ്യപ്പെട്ടത്. വാദത്തിന്റെ വേവു നോക്കിയ സിംഗിൾ ബെഞ്ച്, ‘മലബാർ’ എന്നു ബരോമ ഉപയോഗിക്കുന്നത് താൽക്കാലികമായി വിലക്കി. ഉത്തരവിൽ ഇടപെടാനാവില്ലെന്നു ഡിവിഷൻ ബെഞ്ചും പറഞ്ഞു.
എന്നാൽ, പരാഖിന്റെ വാദം വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണെന്നും ‘മലബാർ’ ആരുടെയും കുത്തകയല്ലെന്നും വിലക്കു നീക്കണമെന്നും ബരോമ വീണ്ടും അപേക്ഷിച്ചു. പേരു മാറ്റാൻ പറ്റില്ല, അല്പസ്വല്പം പരിഷ്കാരങ്ങളാവാമെന്നും അവർ വ്യക്തമാക്കി. അതു സമ്മതിച്ച കോടതി ഇടക്കാല ഉത്തരവു പരിഷ്കരിച്ചു: ബരോമയ്ക്ക് ആ പേരിനൊപ്പം ‘മലബാർ’ എഴുതാം. ‘മലബാർ’ എന്ന വാക്കിനു മറ്റുള്ളവയെക്കാൾ 25% വലുപ്പം കൂടാം. അത് ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു. അതിനെതിരെ പരാഖ് സുപ്രീം കോടതിയെ സമീപിച്ചു.
ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്തപ്പോൾതന്നെ ‘മലബാർ’ എന്നത് തങ്ങൾക്കു മാത്രം അവകാശപ്പെട്ട വാക്കല്ലെന്ന് പരാഖ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. മലബാർ കോസ്റ്റ്, മലബാർ മൺസൂൺ തുടങ്ങിയ േപരുകളിൽ ഭക്ഷ്യോൽപന്ന ബ്രാൻഡുകൾക്ക് റജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ടെന്ന് ബരോമ വാദിച്ചു. ‘മലബാർ’ ആരുടെയും കുത്തകയല്ലെന്നും രണ്ടു കക്ഷികളുടെയും ഉൽപന്ന പായ്ക്കറ്റിൻമേൽ ‘മലബാർ’ എന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് എഴുതിയിരിക്കുന്നതെന്നും കോടതി പറഞ്ഞു.