കിളിക്കൂട് കഴിച്ചിട്ടുണ്ടോ?

തലശ്ശേരിയിലെ രുചിയെന്നുകേൾക്കുമ്പോഴേ എല്ലാവരും നാവിൻതുമ്പിൽ ഒരു കുഞ്ഞു മാജിക് പ്രതീക്ഷിക്കും. സത്യത്തിൽ ഭക്ഷണത്തിൽ ഒളിപ്പിച്ച ആ കൗതുകമാണ് മലബാറിന്റെ ഹൃദയം കവരുന്നത്. 

‘പുയ്യാപ്ല’യെ പൊന്നുപോലെ നോക്കുന്ന വധുവിന്റെ വീട്ടുകാരാണ് മലബാറിന്റെ തനതുരുചികളുടെ പിറകിൽ. മകളുടെ ഭർത്താവിനെ അമ്പരപ്പിക്കാൻ അമ്മായിമാർ ഒരോ വിഭവത്തിലും ഒരുനുള്ള് മൊഹബത്ത് ചേർത്തിട്ടുണ്ട്. ഇതിനായി പല പല രുചിക്കൂട്ടുകളാണ് പരീക്ഷിച്ചിരുന്നത്. പുതുപുതു വിഭവങ്ങൾക്ക് രസകരമായ പേരിടുന്നതിലും ഒരൽപം ഭാവനയുണ്ട്. കപ്പ കൊണ്ടുള്ള വിഭവത്തിന് കോഴിക്കാലെന്നു  പേരിടാൻ മനസ്സിൽ അൽപം ഭാവന കൂടി വേണം. പുതിയാപ്ലയുടെ നെഞ്ചിൽ പ്രണയത്തിന്റെ കിളിക്കൂട് കൂട്ടുന്ന വിഭവങ്ങൾ ഭക്ഷണപ്രിയരുടെ ഹൃദയത്തിലും കൂടുകൂട്ടും. കിളിക്കൂട് കഴിച്ചിട്ടുണ്ടോ എന്നുചോദിക്കുമ്പോൾ കിളി പോയ അവസ്ഥയിലാവും പലരും. ചുള്ളിക്കമ്പുകൾ ചേർത്തു വെച്ച കിളിക്കൂടോ നാരിൽ തീർത്ത തൂക്കണാംകുരുവിക്കൂടോ മനസ്സിൽ ഓടിയെത്തുന്നതു സ്വാഭാവികം. എന്നാൽ ഇതതല്ല!

കട്‌ലറ്റുണ്ടാക്കുന്നതുപോലെയാണ് കിളിക്കൂടും ഉണ്ടാക്കുന്നത്. സേമിയയിൽ ഉരുട്ടി എണ്ണയിൽ വറുത്തുകോരിയെടുക്കുമ്പോൾ കാണാൻ കിളിക്കൂടുപോലെയുണ്ടാവും.

 കൂടൊരുക്കാം

അത്യാവശ്യം വലുപ്പമുള്ള ആറ് ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിക്കുക. ഒരു കിലോ കോഴി എല്ലില്ലാതെ കഷണങ്ങളാക്കി ഉപ്പിട്ട് വേവിച്ച് മാറ്റിവയ്ക്കുക. അരക്കിലോ ഉള്ളി അരിഞ്ഞ് എണ്ണയിൽ വഴറ്റുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് രണ്ട് സ്പൂൺ, ഏഴെട്ടു പച്ചമുളക് അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. രണ്ടു സ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. കോഴി കഷണങ്ങളാക്കിയത് ഇതിൽ ചേർത്ത് വഴറ്റുക. മല്ലിയില, പൊതീന എന്നിവ ചേർത്തശേഷം മാറ്റിവെക്കുക.

പൊടിച്ച ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇതിൽ ചേർത്ത് കുഴയ്ക്കുക.  ശേഷം ഉരുളകളാക്കി മാറ്റിവെക്കുക. രണ്ടു കപ്പ് അരിപ്പൊടി ഉപ്പുചേർത്ത് വെള്ളത്തിൽ കലക്കി വെക്കുക. പൊട്ടിച്ചെടുത്ത സേമിയ ഒരു പ്ലേറ്റിൽ പരത്തിവെയ്ക്കുക. ഉരുളകൾ അരിമാവിൽ മുക്കി സേമിയയിൽ ഉരുട്ടി എണ്ണയിൽ മുക്കിപ്പൊരിക്കുക.