ചാളകഴിക്കുവാണെങ്കിൽ ഇപ്പോൾ കഴിക്കണം, ഓഗസ്റ്റ് കഴിഞ്ഞാൽ ചാള വെറും ചവറ്!

സദ്യ വിളമ്പാൻ ഇലയിട്ടു. തൂശനില. വിഭവങ്ങൾ വിളമ്പിത്തുടങ്ങുംമുൻപേ വിദേശി വാഴയില തിന്നു തുടങ്ങി. സാലഡ് ആണെന്നു കരുതിയത്രെ. വാഴയിലെ വെറുമൊരു ഇലയല്ല എന്നു മനസ്സിലായില്ലേ? മനസ്സിലായോ എന്നോ, എപ്പ മനസ്സിലാക്കി എന്നു ചോദിച്ചാ മതി എന്നു തീരവാസികൾ പറയും. 

കരയിലെ വാഴയിൽ വിശറി വീശി നിൽക്കുന്ന ഇലയും വെള്ളത്തിൽ വെട്ടിപ്പുളഞ്ഞുനീങ്ങുന്ന മീനും തമ്മിലെന്താണു ബന്ധം? വളരെ അടുത്ത ബന്ധമാണെന്ന് കുമ്പളം–അരൂർ പാലത്തിനു സമീപം, ബൈപ്പാസിന്റെ ഓരത്തുള്ള പുഴയോരം ഹോട്ടലിലെ ഷെഫ് അഞ്ജു പറയും. വാഴയിലയിൽ പൊള്ളിച്ചെടുക്കുന്ന ചാള അഥവാ മത്തിയാണ് അഞ്ജു ഇങ്ങനെ പറയാൻ കാരണം. കള്ളുഷാപ്പുകളിൽ കരിമീൻ എന്ന ആഡംബര വിഭവം വാഴയിലയിൽ പൊള്ളിച്ചതു ഗ്ലാമറോടെ കൊണ്ടുവന്നു വയ്ക്കാറുണ്ടെങ്കിൽ, പുഴയോരത്തിലെ അഞ്ജു ഗ്ലാമർ തീരെ അവകാശപ്പെടാത്ത ചാളയെ വാഴയിലയിൽ സൂപ്പർതാരമായാണ് അവതരിപ്പിക്കുന്നത്.

ഹോട്ടലുടമ ഷാൻ ചന്ദ്രന്റെ സഹധർമിണിയാണ് ചാളയിൽ മാജിക് കാണിക്കുന്ന അഞ്ജു. രണ്ടുപേരും വെള്ളക്കോളർ ജോലി ഉപേക്ഷിച്ചു ഹോട്ടൽ തുടങ്ങിയതെന്താണ് എന്നു ചോദിച്ചാൽ ചെറുപുഞ്ചിരി മാത്രമാണ് ഉത്തരം. പക്ഷേ യഥാർഥ ഉത്തരം തീൻമേശയിൽ ഹാജരാക്കുകയും ചെയ്യും. രുചിയുടെ കോടതിയിൽ വാക്കുകൾകൊണ്ടല്ല, കൈപ്പുണ്യത്തിന്റെ തെളിവുകൊണ്ടാണ് ഷാനും അഞ്ജുവും കേസ് ജയിക്കുന്നത്. ഒരു തവണ കയറിയാൽ മീൻ കൊതിയൻമാർ വീണ്ടും വീണ്ടും കയറും. രുചി തന്നെ രഹസ്യം. പരസ്യമായ രഹസ്യം.

സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി ഉപ്പുംകൂടി ഇടുമ്പോൾ വരാനിരിക്കുന്ന മാമാങ്കത്തിന്റെ സൂചനയൊന്നുമില്ല. പിന്നെ മുളകുപൊടിയും പൊടിയായി അരിഞ്ഞ തക്കാളിയുമെല്ലാം ചേർക്കും. സംഗതി നല്ല വെണ്ണപോലെ, അല്ലെങ്കിൽ മയമുള്ള ഹൽവപോലെയാകും. എരിവും പുളിയും ചേർന്നൊരു മേളം. ചാള രംഗപ്രവേശം ചെയ്യുന്നത് അത്യാവശ്യം മെയ്ക്കപ്പോടെയാണ്. ആദ്യമേ മുളകുപുരട്ടി ഇച്ചിരി മഞ്ഞൾപ്പൊടിയും ഉപ്പുമൊക്കെയായിട്ടാണ് അണിഞ്ഞൊരുങ്ങൽ. അങ്ങനെ ഒരുങ്ങിയ ചാളയെ ചെറുതായിട്ടൊന്നു വറുക്കും. ചെറുതായെന്നു പറഞ്ഞാൽ പേരിനൊന്നു വറുക്കും. പിന്നെ നേരത്തേ തയാറാക്കിയ ഗ്രേവിയിൽ ചാളയെ പൊതിഞ്ഞെടുക്കും. രുചിയുടെ സ്ഫോടകവസ്തു റെഡി. ഇതിനെ വാഴയിലയിൽ പൊതിയുകയാണ് പിന്നത്തെ നടപടി. മൺചട്ടിയാണ് അടുത്ത കഥാപാത്രം. ഇലയ്ക്കകത്തു മസാലയിൽ പൊതിഞ്ഞ ചാള മൺചട്ടിയിലേക്ക്. രണ്ടുമൂന്നു മിനിറ്റുമതി പൊള്ളിച്ചെടുക്കാൻ. ചോറുംവേണ്ട, അപ്പവുംവേണ്ട, പുട്ടുംവേണ്ട. ചൂടോടെ മേശമേൽ എത്തിച്ചു പൊതിയഴിക്കുക,  വെന്തുവാടിയ ഇലയും മസാലയും ചാള നെയ്യും ചേർന്നൊരുക്കുന്നൊരു മണമുണ്ട്. അതിന്റെ ഒരാവിയും.... ഹോ.... ചൂണ്ടുവിരൽകൊണ്ടു മസാലപ്പൊതി തുറക്കുക, മസാല സൈഡിലേക്കൊന്നു നൈസായി വടിക്കുക. ചാളയെ അകത്താക്കുംമുൻപ് ശരിക്കൊന്നു കാണുക, മണത്തുനോക്കുക, ചൂടൊന്ന് തൊട്ടറിയുക. എന്നാലേ കഴിപ്പിനൊരു മലയാളിത്തംവരൂ. 

ഷാനിന്റെ കടയിലെ ചാള പൊള്ളിച്ചതു കഴിക്കാൻ എപ്പോഴെങ്കിലും പോയാൽപ്പോരാ. ഈ ദിവസങ്ങളിൽത്തന്നെ പോകണം. കാരണം, ഇതു നെയ്ച്ചാളയാണ്. മുട്ടയുള്ള രസികൻ ചാള. മുള്ളിൽപ്പോലും രുചി കോർത്തിട്ട ചാള, തലയും വാലും തിന്നോ, തിന്നോ എന്നു പറയുന്ന ചാള. ഓഗസ്റ്റ് കഴിഞ്ഞാൽ ചാള വെറും ചവറ്. അന്നേരം ചെന്ന് ചാള പൊള്ളിച്ചതുണ്ടോ എന്നു ചോദിച്ചാൽ ചൂടായ ചട്ടുകംകൊണ്ട് ശരിക്കൊന്നു പൊള്ളിച്ചുവിടുകയാണു വേണ്ടത്, ചോദിക്കുന്നവനെ. ചാള കഴിക്കണമെങ്കിൽ ഈ നാളുകളിൽ കഴിക്കണം. ഇപ്പോൾ കഴിക്കണം.

രസക്കുറി:

ഷാൻ ചന്ദ്രന്റെ കടയിൽ ചാള പൊള്ളിച്ചതു മാത്രമല്ല ഉള്ളത്. ചാളയുടെ തനതുരുചി പകരുന്ന ഫ്രൈയുണ്ട്. വറ്റൽ മുളകു തരികൾ മാലപ്പടക്കം പൊട്ടിക്കുന്ന ചെമ്മീൻ ഉലർത്തുണ്ട്. അതിൽ എരിവ് എന്ന എതിരാളിക്കൊരു പോരാളിയായി നല്ല തേങ്ങാക്കൊത്തുണ്ടാകും. താറാവുകറിയുണ്ട്. കൈതച്ചക്കയിട്ടു മുറുക്കിയെടുത്ത മോരുകറിയുണ്ട്. പിന്നെ, മറ്റു കടകളിൽ സാധാരണ കിട്ടാത്ത വേളൂരി, പള്ളത്തി തുടങ്ങിയവ നല്ല കിലുകിലാ പരുവത്തിൽ വറുത്തുതരും. ചുമ്മാ വാങ്ങി കൊറിച്ചുകൊണ്ടിരിക്കാമല്ലോ.

ലൊക്കേഷൻ : കുമ്പളം ദേശീയപാത ബൈപ്പാസിന്റെ ഓരത്തെ ഷാനിന്റെ കട ‘പുഴയോരം’ ഹോട്ടൽ.