ഏട്ടക്കൂരിയുടെ തലയുണ്ട്, എടുക്കട്ടേ എന്നു ചോദിച്ചാൽ ചിലർ പറയും: ‘‘അയ്യേ...’’ എന്നാൽ ചിലർക്കത് ലോകകപ്പ് കിട്ടുന്നതുപോലെയാണ്. ആദ്യത്തെ കൂട്ടർ ഇതു വായിക്കരുത്. വായിച്ചിട്ടു കാര്യമില്ല. രണ്ടാമത്തെ കൂട്ടർ ഇതു വായിക്കണം എന്നു പ്രത്യേകം പറയുന്നില്ല. വായിച്ചോളും. മൂന്നാമതൊരു കൂട്ടരുണ്ട്. അവർ ഏട്ടക്കൂരി കണ്ടിട്ടില്ല, കഴിച്ചിട്ടില്ല. അവർ എന്തായാലും ഇതു വായിക്കണം.
ഏട്ടക്കൂരിയുടെ തല കഴിക്കുന്നതു പർവതാരോഹണം പോലെയാണ്. വെറുംമലകയറ്റമല്ല. മരങ്ങളും വള്ളികളും ചെടികളും പിണഞ്ഞുകിടക്കുന്ന, കുത്തനെയും അല്ലാതെയുമുള്ള കയറ്റത്തിന്റെയും ചെറു ഇറക്കങ്ങളുടെയും കഷ്ടപ്പാട്. അതുതരണം ചെയ്യുന്നതിന്റെ സന്തോഷം. ഒക്കെത്തരുന്ന മലയകയറ്റം. ഏട്ടക്കൂരിത്തലയുടെ ഈ മലകയറ്റം അനുഭവിക്കാൻ ഏറെ ദൂരെയൊന്നും പോകണ്ട. തോപ്പുംപടിവരെ പോയാൽമതി. തേവര, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്നാണെങ്കിൽ ബിഒടി പാലംകടന്നു വലത്തേക്കു തിരിഞ്ഞ്, തോപ്പുംപടി ജംക്‌ഷനിലെത്തുമ്പോൾ ഇടതുവശത്താണു കട. കുട്ടന്റെ ഷാപ്പുകറിക്കട. വിവിധ തരം കൂട്ടാനുകളും ഊണുമായി ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കുട്ടൻ ചേട്ടൻ എന്ന പരമ്പരാഗത വെപ്പുകാരനും വിളമ്പുകാരനുമെല്ലാമായ കഥാപാത്രം അവിടെയുണ്ടാകും.
ചെമചെമാന്നുള്ള കൂരിക്കറി കാഴ്ചയ്ക്കുതന്നെ രുചിയുടെ ലാവയാണ്. കൂരിത്തല വേണമെന്നു പ്രത്യേകം പറയണമെന്നില്ല. കണ്ടാൽ കുട്ടന് അറിയാം ആൾ പർവതാരോഹകൻ ആണോയെന്ന്. അങ്ങനെയുള്ള ആളുകൾക്കേ തല വിളമ്പാറുള്ളൂ. കഷ്ടപ്പെടാനും അതിന്റെ സന്തോഷം അനുഭവിക്കാനും തയാറുള്ളവർക്കു മാത്രം പറഞ്ഞിട്ടുള്ളതാണു കൂരിത്തല. അയലത്തലപോലെ ‘ഈസി വോക്കോവർ’ അല്ല ഈ പരിപാടി. കറിയുടെ ചുവപ്പുകണ്ടു പേടിക്കേണ്ട എന്നു പറയുന്നില്ല. ‘ഒട്ടും ധൈര്യപ്പെടേണ്ട..’ എന്ന സലിംകുമാർ ഡയലോഗ് ഇവിടെയുമാകാം. പേടിക്കേണ്ടവർക്കു പേടിക്കാം. നല്ല എരിവാണ്. എരിവിന്റെ അഗ്നിപർവതമാണ്. അതിന്റെ ലാവയിലാണു കൂരിത്തല കിടക്കുന്നത്. കൂരിത്തലയുടെ തുണ്ടത്തിൽ പിന്നിൽനിന്നു പിടിക്കണം. അവിടെയാണു മാംസം. അതാണു സമനിലം. ബേസ് ക്യാംപ് എന്നു പറയാം. പിന്നീടങ്ങോട്ടു മലകയറ്റമാണല്ലോ. ബേസ് ക്യാംപിലെ രുചികരമായ, മുള്ളില്ലാത്ത മീൻതുണ്ടങ്ങൾ ചാറിൽമുക്കി പിടിപ്പിക്കണം. എരിവിന്റെ വെയിലിൽ വാടിപ്പോകുമെന്നു പേടിയുള്ളവർ ചോറിനെ മറയാക്കി, പൊതിഞ്ഞുപിടിച്ചു നാവിലേക്കുവയ്ക്കണം. ഫ്രഷ് കൂരിയുടെ സ്വാദ്. അത് അറിയാൻ ആഗ്രഹമില്ലാത്ത ‘അൺലക്കി ഫെലോസ്’, ഹാ... കഷ്ടം...
പിന്നീടങ്ങോട്ടു മുകളിലേക്കു പിടിച്ചുതുടങ്ങാം. കൂരിത്തലയെ മലർത്തിക്കിടത്തണം. അപ്പോൾ കാണാം, സ്പോഞ്ച്... സംഗതി സ്പോഞ്ച്പോലെയാണ്. പളുങ്ക് എന്നൊക്കെ നാട്ടുഭാഷയിൽ പറയും. കൂരിത്തലയുടെ ഏറ്റവും സ്വാദിഷ്ഠമായ ഭാഗങ്ങളിലൊന്ന്. എരിവും രുചിയും തമ്മിലുള്ള മല്ലയുദ്ധമാണിനി. സങ്കീർണമായ കൂരിത്തലയുടെ ഓരോ ഭാഗവും എടുത്തെടുത്ത് എഴുതിയാൽ തീരില്ല. പക്ഷേ തിന്നാൽ തീരും, അതുറപ്പ്. മുളകുപൊടി, മല്ലിപ്പൊടി, സമ്പുഷ്ടമായ പുളി, സവാള, മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും നല്ല വെളിച്ചെണ്ണയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ നിറവിൽ കിടന്നു വെന്തതാണു തല. കഴിക്കുന്തോറും എരിയും. എരിയുന്തോറും വാശികൂടും. വാശികൂടുന്തോറും മലകയറ്റം ആവേശമാകും. ആവേശത്തിൽ കൂരിത്തല തീർന്നുകൊണ്ടേയിരിക്കും. തീർന്നുതീർന്നുവരുമ്പോൾ തലയുടെ അഗ്രഭാഗമെടുത്ത് ഒരു പ്രയോഗമുണ്ട്. ചുണ്ടുകൾക്കിടയിലേക്കുവച്ച് ആഞ്ഞൊരു വലി. എന്തിനാണു വലിക്കുന്നത്? മല കയറുമ്പോൾ അല്ലെങ്കിൽത്തന്നെ വലിക്കുമല്ലോ എന്നു ചോദിക്കരുത്. ഇതു ബ്രെയിൻ എന്ന സാധനത്തെ വലിച്ചെടുക്കാനാണ്. തലയോട്ടി പൊളിച്ച് കേടുവരുത്താതെ കൂരിയുടെ തലച്ചോറു കണ്ട്, ബോധിച്ച്, അതു കഴിക്കുക എന്നൊരു വഴിയുമുണ്ട്. പക്ഷേ എരിവിന്റെ ചാലിൽ നീന്തിത്തുടിച്ചു വന്നവർ ചിലപ്പോൾ മൃഗീയമായി തലയുടെ അവസാനഭാഗം തിന്നുകളയും. സാരമില്ലന്നേയ്...
കുട്ടൻ ചേട്ടന്റെ അത്ര ചെറുതല്ലാത്ത കടയിലെ കണമ്പുകറി കൂറേക്കൂടി സൗമ്യമാണ്. എന്നുവച്ച് വെറും പച്ചക്കറിയല്ലല്ലോ. ഷാപ്പുകറിയല്ലേ...അതിലുമുണ്ട് എരിവ്. പക്ഷേ എരിവിന്റെ ശാന്തിക്കായി വട്ടത്തിൽ അരിഞ്ഞ തക്കാളിക്കഷണങ്ങൾ ചുവപ്പിനകത്തു വലയങ്ങൾ തീർത്ത കിടപ്പുണ്ടാകും. കറിയിലെ പുളിക്കഷണങ്ങൾക്കു പുറമെ വെറും അതിഥിതാരമല്ല തക്കാളി. എടുത്തു കഴിക്കാം, ആസ്വദിക്കാം.
ഈ ദിവസങ്ങളിൽ തോപ്പുംപടിയിൽ ഏട്ടക്കൂരിയും കണമ്പും കിട്ടുന്നുണ്ട്. കുട്ടന്റെ കടയിൽ കൂരി, കണമ്പുകറികൾ കിട്ടും. പോകാം, കഴിക്കാം. പക്ഷേ കിട്ടാത്ത സീസണിൽ അവിടെപ്പോയി ഈ വക സാധനങ്ങൾ ചോദിക്കരുത്. തിരണ്ടി കിട്ടിയാൽ അന്ന് അതു രസികൻ കറിയാകും. പിന്നെ പോർക്ക്, ഞണ്ട്, ചെമ്മീൻ എന്നിവയുമെല്ലാമുണ്ട്. ഊണിന്റെ ഭാഗമായി നാടൻ കൂട്ടുകറികളും കിട്ടും. കഴിഞ്ഞ ദിവസം രസികൻ ചക്കക്കുരു മെഴുക്കുപെരട്ടിയായിരുന്നു. ഒന്നിനൊന്നു തൊടാതെ, എന്നാൽ ഒരുമിച്ചു കിടക്കുന്ന ചക്കക്കുരു കഷണങ്ങൾ...
കണമ്പുകറി ഉണ്ടാക്കുന്നതിന്റെ ആദ്യപടി സവാള (ചെറിയ ഉള്ളി ബെസ്റ്റ്), ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി. കറിവേപ്പില എന്നിവ വഴറ്റിയശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയും ചേർക്കുക. മൂത്തുവരുമ്പോൾ തക്കാളിയും പിന്നാലെ പുളിയും ചേർക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു തിളപ്പിക്കുക. തുടർന്നു മീൻ ഇടുക. വെന്തുവരുമ്പോൾ തേങ്ങാപ്പാൽ ചേർത്തു വാങ്ങിവയ്ക്കുക. ശ്രദ്ധിക്കുക: ഒന്നര സ്പൂൺ മല്ലിപ്പൊടിക്ക് ഒരു സ്പൂൺ മുളകുപൊടി എന്നതാണു കുട്ടന്റെ കണക്ക്. കൂരിക്കാണെങ്കിൽ ഒരു സ്പൂൺ മല്ലിപ്പൊടിക്ക് ഒന്നര സ്പൂൺ മുളകുപൊടി. പിന്നെ നാലഞ്ചു സ്പൂൺ കൈപ്പുണ്യവും. അതു കുട്ടന്റെ കടയിലേ കിട്ടൂ....