കുഞ്ഞുനാളിൽ മൂന്നു കല്ലുകൾ കൂട്ടിവച്ച് അടുപ്പുണ്ടാക്കി കളിപ്പാട്ട ചട്ടിയിൽ ചോറും കറിയുമുണ്ടാക്കി കളിച്ചത് ഓർമയില്ലേ? ഇങ്ങനെ കുഞ്ഞു കലത്തിലുണ്ടാക്കുന്ന ചോറും കറികൾക്കുമായി ഒരു യൂട്യൂബ് ചാനൽ ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും! തിരുവണ്ണാമലൈയിലെ താനിപ്പെട്ടി ഗ്രാമത്തിലെ ദമ്പതികളായ വളർമതിയ്ക്കും രാംകുമാറിനും ഇത്തരത്തിൽ ചോറും കറിയുമൊരുക്കുന്നത് കുട്ടിക്കളിയേയല്ല, ഇമ്മിണി ബല്യ കളിതന്നെയാണ്. രണ്ടുലക്ഷത്തിലധികം കാഴ്ചക്കാരുള്ള ’ദ ടൈനി ഫുഡ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമകളാണ് ഇവർ.
പാചകത്തിൽ താൽപര്യമുള്ളയാളാണ് വളർമതി. കുഞ്ഞുപാത്രങ്ങളിൽ ഭക്ഷണമൊരുക്കുന്ന മിനിയേച്ചർ ആർട്ട് കുക്കിങ്ങിനെക്കുറിച്ച് ഒരു ജാപ്പനീസ് വിഡിയോയിൽ കണ്ടതോടെയാണ് ’ദ ടൈനി ഫുഡ്’ ചാനലിന്റെ തുടക്കം. തമിഴ് ഗ്രാമാന്തരീക്ഷത്തിൽ കുട്ടിവീടിന്റെയും ഫാമിന്റെയും കാളവണ്ടിയുടെയുമൊക്കെ രൂപമൊരുക്കി വീടിന്റെ മുറ്റത്തുവച്ച് കുട്ടിപാത്രങ്ങളിൽ വളർമതി പാചകം ചെയ്യും. ഇവരുടെ ലില്ലിപ്പുട്ട് വീടിന്റെ മുറ്റത്ത് ഇത്തരം പാചകങ്ങളിലൂടെ ഉണ്ടാക്കുന്നത് ചില്ലറ വിഭവങ്ങളൊന്നുമില്ല. തമിഴ്നാട് പൊങ്കൽ, തിരുപ്പതി ലഡു, ബംഗാളി രസഗുള, കൊൽക്കത്ത മീൻ വറുത്തത്, അരിമുറുക്ക്, തണ്ടൂർ റൊട്ടി, അംബൂർ മട്ടൺ ബിരിയാണി, മധുരൈ ദോശ തുടങ്ങി വെജിറ്റബിൾ പിസ പോലും ഇവരുടെ ചെറിയ പാത്രങ്ങളിൽ തയാറാണ്.
ധർമ്മപുരി ഗ്രാമത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് വളർമതി. രാംകുമാർ തിരുവണ്ണാമലയിൽ സ്വന്തമായി വ്യവസായം നടത്തുകയാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഇരുവരും കുട്ടിപാചകം തുടങ്ങുന്നത്. പുതുമ കൊണ്ടുവരാനായി ഓരോ ആഴ്ചയും പുതിയ വിഭവങ്ങൾക്കൊപ്പം പുതിയ സ്ഥലങ്ങളിലാണ് ഇവർ ഈ ലില്ലിപ്പുട്ട് ഗ്രാമം ഒരുക്കി പാചകം നടത്തുന്നത്. ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കാനാണ് ഇവർ ഈ ചെറിയ പാത്രങ്ങളിലെ പാചകരീതി സ്വീകരിച്ചത്. പാചകം ചെയ്യുന്നത് വളർമതിയാണെങ്കിൽ വിഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നത് രാംകുമാറാണ്. ഈ ദമ്പതികളുടെ ലില്ലിപ്പുട്ട് ഗ്രാമവും കുട്ടിപാചകവും കാണാൻ നിരവധി കാഴ്ചക്കാരാണ് യൂട്യൂബിൽ എത്തുന്നത്.
യൂ ട്യൂബ് ചാനലിൽ നിന്നും കിട്ടിയ ആദ്യത്തെ വരുമാനം ഒരു കർഷക കുടുംബത്തിന് സഹായമായി കൊടുത്ത് പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ് ഈ ദമ്പതികൾ. ചാനലിൽ നിന്നുള്ള വരുമാനം വരും മാസങ്ങളിലും അർഹരായ കർഷകർക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി നൽകുമെന്നും ഇവർ പറയുന്നു. കർഷകരുടെ കഠിനാധ്വാനത്തെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഇവരുടെ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.