ഓണത്തിനെങ്കിലും വായ്ക്കു രുചിയുള്ള എന്തെങ്കിലും ഭക്ഷണം കഴിക്കണമെന്ന മോഹത്തിലാണു കഴിഞ്ഞ ദിവസം പുറത്തേക്കിറങ്ങിയത്. ഹോട്ട് ഡോഗും ബർഗറും നൂഡിൽസും കഴിച്ചു മടുത്തിരുന്നു. ഗരുഡ റസ്റ്ററന്റിൽ കയറി ‘നാസി പെഡാങ്’ എന്ന പേരുകണ്ട് ഓർഡർ കൊടുത്തു. നാസി എന്നാൽ ഇവിടെ ചോറാണെന്ന് അർഥം മനസ്സിലാക്കിയിരുന്നതിനാൽ എളുപ്പമായി.
ആദ്യം ഒരു പാത്രത്തിൽ ചോറ് കൊണ്ടുവന്നു. ഹാവൂ, നല്ല തൂവെള്ള ചോറ് കണ്ടപ്പോഴേ വയറു പകുതി നിറഞ്ഞു. പക്ഷേ, ചോറിൽ കൈവച്ചതോടെ നിരാശയായി. ഫെവിക്കോൾ പാത്രത്തിൽ കയ്യിട്ട അവസ്ഥ. കയ്യിലാകെ ചോറ് ഒട്ടിപ്പിടിച്ചു കിടക്കുന്നു. പിന്നീട്, ചിക്കനും മട്ടനും ബീഫും മീനും ഒടുവിൽ പച്ചക്കറിയുമായി ഇരുപതോളം പ്ലേറ്റിൽ സാധനങ്ങളെത്തി. ഇതിനെല്ലാംകൂടി നല്ലൊരു പൈസയാകുമല്ലോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോൾ വെയ്‌റ്റർ സമാധാനിപ്പിച്ചു: എടുക്കുന്നതിനു മാത്രം പൈസ കൊടുത്താൽ മതി.
റെൻഡാങ് എന്നറിയപ്പെടുന്ന കറിയാണ് ഇതിലെ ഹൈലൈറ്റ്. ബീഫ് റെൻഡാങ് ആണ് കേമൻ. കുരുമുളക്, വറ്റൽ മുളക്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരച്ച് ബീഫിൽ പുരട്ടുന്നു. അതിനുശേഷം തേങ്ങാപ്പാലിൽ മുക്കിവയ്ക്കും (കേരളത്തിന്റേതിനു സമാനമായ കാലാവസ്ഥയായതിനാൽ തെങ്ങ് ഇവിടെ ധാരാളമുണ്ട്). പിന്നീട്, ഡ്രൈ ആകുന്നതുവരെ ഈ ബീഫ് ചട്ടിയിലിട്ട് വറക്കും. ഒരു കഷണമെടുത്തു വായിൽവച്ചാൽ നാട്ടിലെ കള്ളുഷാപ്പുകളിലെ കുരുമുളകിട്ട ബീഫ് തോറ്റുപോകും. ചിക്കൻ റെൻഡാങ് ഉണ്ടെങ്കിലും കേമൻ ബീഫ് തന്നെ.
റെൻഡാങ്ങിനു പുറമേ മീൻ വറുത്തതും മീൻ കറിയും ചിക്കൻ ഫ്രൈയും മട്ടൺ കറിയുമൊക്കെ മുന്നിലുണ്ട്. ഉണക്ക മീൻ ഫ്രൈ വരെ കിട്ടി. ഇതെല്ലാം പരീക്ഷിച്ചു വരുമ്പോഴാണു പച്ച നിറത്തിൽ ചമ്മന്തിപോലെ എന്തോ കണ്ടത്. തൊട്ടുനക്കിയപ്പോഴുണ്ട്, നല്ല അടിപൊളി കാന്താരി ചമ്മന്തി. ഹാ! അതിന്റെ രുചി നാവിൽനിന്ന് ഇതുവരെ പോയിട്ടില്ല. വെണ്ടയ്ക്ക, വഴുതനങ്ങ കറികളുമുണ്ട്.
ഗണേശ എന്ന പേരിൽ ഇവിടെ ഇന്ത്യൻ റസ്റ്ററന്റുകൾ ഏറെയുണ്ട്. ചപ്പാത്തിയും റോട്ടിയും ദാലും ബട്ടർ ചിക്കനുമൊക്കെ അവിടെ കിട്ടാറുണ്ടെങ്കിലും വില കൂടുതലാണ്. രാത്രി ഭക്ഷണം ഇപ്പോൾ സ്ഥിരമായി ജക്കാർത്ത സ്ട്രീറ്റ് ഫുഡ് എന്ന കടയിൽനിന്നാണ്. അവിടെ വച്ചാണു ‘നാസി ഗൊരെങ്’ കണ്ടത്. ഫ്രൈഡ് റൈസ്. ഒപ്പമുള്ള ഫൊട്ടോഗ്രഫർ സമീർ മെനുവിൽ നോക്കി ഓർഡർ കൊടുത്തു: നാസി ഗൊരെങ് ഗോകിൽ. എന്നു വച്ചാൽ, മുകളിൽ ഓംലെറ്റ് വിരിച്ച ചിക്കൻ ഫ്രൈഡ് റൈസ്. ‘സ്പൈസി’ വേണമെന്നു പറഞ്ഞപ്പോൾ ചൂടോടെ സംഗതിയെത്തി. പക്ഷേ, കഴിച്ചു തുടങ്ങിയതോടെ എരിച്ചിട്ട് ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ. പിന്നീട് അവിടെച്ചെല്ലുമ്പോഴെല്ലാം സമീർ തന്നെയാണ് ഓർഡർ കൊടുക്കാറ്: ‘നാസി ഗൊരെങ് ഗോകിൽ. നോാാാ സ്പൈസി.’ ആ ‘നോ’ ഇപ്പോൾ കടയിലെ വെയ്റ്റർമാർക്കു സുപരിചിതം.