Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീഗൻ ഭക്ഷണ രീതിയാണോ മികച്ചത്?

സുരേഷ് പിള്ള, എക്സിക്യൂട്ടീവ് ഷെഫ്, റാവിസ് ഹോട്ടൽ
Food

സമ്പൂർണ വെജിറ്റേറിയനുകളാണ് വീഗനുകൾ. വെജിറ്റേറിയനിൽത്തന്നെ, സസ്യോൽപന്നങ്ങൾ മാത്രം ഉപയോഗിക്കുന്നവർ. പാലും പാലുൽപന്നങ്ങളും മുട്ടയും തേനും തുകൽ ഉൽപന്നങ്ങളും ഒന്നും ഇവർ ഉപയോഗിക്കില്ല. മൃഗങ്ങളെ ദ്രോഹിച്ചും മ‍ൃഗങ്ങളിൽനിന്ന് എടുക്കുന്നതും ഉപയോഗിക്കാതെ സസ്യോൽപന്നങ്ങളെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ.

രണ്ടായിരം വർഷങ്ങൾക്കു മുൻപേ വീഗൻ എന്ന ആശയം നിലനിന്നതായി പറയപ്പെടുന്നു. പുരാതന ഗ്രീസിലെ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈതഗോറസിന്റെ ഗ്രന്ഥങ്ങളിൽ വെജിറ്റേറിയൻ ഭക്ഷണക്രമത്തെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. ശ്രീബുദ്ധൻ പൂർണമായും വെജിറ്റേറിയൻ ഭക്ഷണശൈലിയാണു പിൻതുടർന്നത്. മൃഗങ്ങളെ യാതൊരു വിധത്തിലും ഉപദ്രവിക്കാത്ത ഭക്ഷണരീതി എന്ന നിലയിലാണ് വീഗൻ എന്ന ആശയം ഉടലെടുത്തത്. വീഗൻ ഭക്ഷണസംസ്കാരത്തിന് ഇപ്പോൾ ഏറെ പ്രചാരമുണ്ട്. പലരും ഇതിൽ ആക‍ൃഷ്ടരാകുന്നു. എന്നാൽ പലർക്കും പൂർ‌ണമായും വീഗൻ ഭക്ഷണം ഏതെന്നൊരു ആശയക്കുഴപ്പം കൂടിയുണ്ട്. പല സ്ഥലത്തും വീഗൻസ് ഭക്ഷണം കിട്ടാതെ വലയുന്നു. ഈ അവസരത്തിലാണ് നമ്മുടെ നാട്ടിലെ നാടൻ ഭക്ഷണങ്ങൾ പലതും വീഗനാണ് എന്ന തിരിച്ചറിവിന്റെ പ്രസക്തി.

കേരളത്തിന്റെ തനതായ വീഗൻ ഭക്ഷണം 

കേരളത്തിലെ ഭക്ഷണം നല്ല ഒന്നാന്തരം വീഗൻ ആണെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇതു കേരളത്തിനുമാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ മറ്റ് എവിടെ പോയാലും ഭക്ഷണത്തിൽ ക്രീം, പാൽ, പാലുൽപന്നങ്ങൾ എന്നിവയൊക്കെ ഉണ്ടാകും. ഇവയില്ലാത്ത നോർത്ത് ഇന്ത്യൻ ഭക്ഷണം ഇല്ല.

നമ്മുടെ സാമ്പാർ, കൂട്ടുകറി, അവിയൽ (ചിലയിടങ്ങളിൽ തൈര് ഒഴിക്കും എന്നതൊഴിച്ചാൽ) എന്നിവയെല്ലാം വീഗനാണ്. മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ധാരാളം വീഗൻ വിഭവങ്ങൾ കാണാം. അപ്പം, ദോശ, ഇഡ്ഡലി, ഇടിയപ്പം അതിന്റെ കറികളായ കിഴങ്ങുകറി, കടല, സാമ്പാർ, ചമ്മന്തി എല്ലാം വീഗൻ തന്നെ. അട, കൊഴുക്കട്ട, ഉപ്പുമാവ് എല്ലാം വീഗൻ വിഭാഗത്തിൽ പെടുന്ന ഭക്ഷണങ്ങളാണ്. വീഗനിത്രയും പ്രചാരത്തിലാകുമ്പോൾ നമ്മുടെ വീഗൻ ഭക്ഷണങ്ങൾ ലോകത്തെ പരിചയപ്പെടുത്തുന്നത് ഉചിതമായിരിക്കും.

വീഗനായി മാറിയിട്ട് പലർക്കും പഴയ ഭക്ഷണശൈലിയിലേക്കു തിരികെ എത്താൻ സാധിക്കുന്നില്ല, എന്നാൽ വീഗൻ ഭക്ഷണം വേണ്ടത്ര കിട്ടാനുമില്ല!. പല ടൂറിസ്റ്റുകളോടും സംസാരിച്ചതിൽനിന്നു മനസ്സിലാക്കാൻ സാധിച്ചതും വീഗൻ ഭക്ഷണം കിട്ടാൻ അവർ ഏറെ കഷ്ടപ്പെടുന്നുവെന്നാണ്.

വീഗൻ ഭക്ഷണം...

മലയാളികളുടെ ഭക്ഷണം ട്രഡീഷനൽ വീഗൻ ഫുഡിന്റെ ഉത്തമ ഉദാഹരണമാണ്. പ്രത്യേകിച്ചൊരു വീഗൻ ഭക്ഷണക്രമം ഇവിടെ രൂപപ്പെടുത്തിയെടുക്കേണ്ട ആവശ്യമില്ല. നോർത്ത് ഇന്ത്യൻ ഭക്ഷണക്രമത്തിൽ പുതിയതൊരെണ്ണം രൂപപ്പെടുത്തേണ്ടി വരും. അവരുടെ വിഭവങ്ങളിൽ പാൽ, ക്രീം ചീസ്, പാൽക്കട്ടി എന്നിവയിലേതെങ്കിലും കാണും. ഇതൊക്കെ ഒഴിവാക്കി പുതിയൊരു രുചിക്രമം തന്നെ തയാറാക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ അതു പുതിയൊരു ഭക്ഷണമാകും.

വെസ്റ്റേൺ രീതിയിലാണെങ്കിലും വെജിറ്റേറിയൻ ഭക്ഷണത്തിൽ ബട്ടർ ഒരു പ്രധാനഘടകമാണ്. അത് ഒഴിവാക്കി തയാറാക്കുന്ന ഭക്ഷണത്തിലാവട്ടെ അതിന്റെ തനിമ നഷ്ടപ്പെടുകയാണ്. ‌

വീഗൻ ആൾക്കാർ കൂടുന്നതിനനുസരിച്ച് സ്വാഭാവികമായും ഭക്ഷണത്തിലും പുതിയ പരീക്ഷണങ്ങൾ കടന്നു വരുമെങ്കിലും പരമ്പരാഗത വീഗൻ ഭക്ഷണത്തിനു തന്നെയാണ് മുൻഗണന. കേരളാ വീഗൻ ഫുഡ് പ്രചാരണം കേരളാ ടൂറിസത്തിനുതന്നെ വലിയൊരു മുതൽക്കൂട്ടാണ്. ടൂറിസത്തിൽ കേരളത്തിന്റെ തനതായ വീഗൻ വിഭവങ്ങൾ വിഭവങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുക്കണം.

വീഗൻ സൊസൈറ്റി 

1944 ലാണ് വീഗനുകൾക്കായി കൃത്യമായൊരു സംഘടന രൂപപ്പെട്ടത്. വീഗൻ സൊസൈറ്റി എന്നായിരുന്നു പേര്. One World Many Lives Our Choice എന്നാണ് അതിന്റെ മുദ്രാവാക്യം. ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലും വീഗൻ എന്നത് കർത്തവ്യം പോലെ കൊണ്ടു നടക്കുവരുണ്ട്. ഇനി പൂർണമായും വീഗൻ ആകാൻ പറ്റാത്തവർ കുറഞ്ഞത് ഒരു മാസത്തേക്ക് അല്ലെങ്കിൽ ഒരു വർഷത്തേക്ക് വീഗൻ ആകാറുണ്ട്. ഒരു മാസമൊക്കെ പരിശീലിച്ചിട്ട് ഇതു ജീവിത ശൈലിയാക്കുന്നവരെയും ഇപ്പോൾ കാണാം. വീഗൻ റെസ്റ്ററന്റുകൾ പ്രത്യേകമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. മിക്ക റസ്റ്ററന്റുകളിലും വീഗൻ സ്പെഷൽ വിഭവങ്ങളുമുണ്ട്.