ഒരൽപം ഭാവന ചേരുമ്പോഴാണ് ഓരോ വിഭവവും രുചികരമാവുന്നത്. കൈപ്പുണ്യം എന്നൊക്കെ നമ്മൾ വിളിക്കുന്ന ആ സംഗതിയുടെ പിന്നിലെ രഹസ്യവും ഇതാണ്. മനസിൽ ഒരു കവി ഉണ്ടെങ്കിൽ ഏതു രുചിക്കൂട്ടിലും ഇത്തിരി കൗതുകം ഒളിപ്പിക്കാം.
മലബാറിലേക്കു വന്നാൽ കവിതയുടെ വൃത്തത്തിലല്ല കാര്യങ്ങൾ, മോയിൻകുട്ടിവൈദ്യരുടെ ഇശലുകളുടെ ഈണത്തിലാണെന്നു തോന്നും. പ്രണയവും വിരഹവും കലഹവും ഇടചേരുന്ന മാപ്പിളപ്പാട്ടിന്റെ മൊഹബത്ത്. ആ മൊഹബത്താണ് വ്യത്യസ്തമായ രുചികളിലേക്കും നയിക്കുന്നത്. കല്യാണം കഴിഞ്ഞെത്തിയ പുയ്യാപ്ലയെന്ന പുതുമണവാളന് മൊഞ്ചത്തിയോട് മൊഹബത്ത് തോന്നാൻ രുചിയുള്ള ഭക്ഷണവും വേണം. ഭക്ഷണത്തിലൂടെ ഹൃദയത്തിലേക്കുള്ള കിളിവാതിൽ തുറക്കാമെന്ന ലളിതമായ ആശയമായിരിക്കണം പുയ്യാപ്ല തക്കാരമെന്നു നാട്ടുമൊഴിയിൽ വിളിച്ച സൽക്കാരം. പേരറിയാത്ത ആയിരമായിരം വിഭവങ്ങൾ മലബാറിന്റെ മണ്ണിൽ പിറന്നു. ഉള്ളിലെ മാപ്പിളപ്പാട്ടിന്റെ ഈരടിയൊപ്പിച്ച് ഓരോ വിഭവത്തിനും പേരിട്ടു.
അതവിടെ നിൽക്കട്ടെ, ചായ കുടിക്കാനിരിക്കുമ്പോൾ ചെടിച്ചട്ടിയും പൂപ്പാത്രവും കൈയിലെടുത്തു നവവധു വന്നാൽ നിങ്ങൾ എന്തുചെയ്യും. ‘ഇവൾക്കു വട്ടായോ’ എന്നു ചോദിച്ച് ഓടിപ്പോവാൻ വരട്ടെ.. ചെടിച്ചട്ടിയും പൂപ്പാത്രവും വാങ്ങി കഷ്ണങ്ങൾ കഷ്ണങ്ങളായി മുറിച്ച് ആസ്വദിച്ചു കഴിക്കണം. ഞെട്ടണ്ട. തലശ്ശേരി ഭാഗത്തു ചെടിച്ചട്ടിയും പൂപ്പാത്രവും നല്ല രുചികരമായ വിഭവങ്ങളാണ്.
∙ ചെടിച്ചട്ടിയും പൂപ്പാത്രവും
മൈദ കുഴച്ച് പൂരിയുണ്ടാക്കാറില്ലേ? ഇതേ മാവുപയോഗിച്ച് ഉണ്ടാക്കുന്ന രണ്ടു വിഭവങ്ങളാണു ചെടിച്ചട്ടിയും പൂപ്പാത്രവും. പൂരിയുടെ വകഭേദങ്ങളാണ് എന്നു ചുരുക്കിപ്പറയാം. നല്ല ഗ്ലാസ് ഒരെണ്ണം കഴുകിയെടുത്ത് അതിനകത്തു മാവുകൊണ്ട് വശങ്ങളിൽ അമർത്തി പൂരിയുണ്ടാക്കാം. ഗ്ലാസിന്റെ രൂപം, പക്ഷേ, അകം പൊള്ള. മുകൾ ഭാഗം തുറന്നിരിക്കും. ഞൊറിഞ്ഞുപിടിപ്പിച്ച പോലുള്ള പൂരി വറുത്തെടുത്ത് ഉള്ളിൽ അത്യാവശ്യം എരിവുള്ള ഇറച്ചിമസാല നിറയ്ക്കണം. നാളികേരം കൊണ്ട് നല്ല ചമ്മന്തിയുടണ്ടാക്കി അതിനു മുകളിൽ വിരിക്കാം. ഇതാണ് ചെടിച്ചട്ടി. ചട്ടിയുടെ ആകൃതിയിലുണ്ടാവും.
ഇനി വേപ്പില തണ്ടോ, മല്ലിയിലയോ കുത്തി നിർത്തി ഒരു പൂന്തോട്ടം ഉണ്ടാക്കാം. ഇടയ്ക്ക് തക്കാളി പൂക്കളും കാരറ്റ് പൂക്കളും വിരിയിക്കാം. അതൊക്കെ ഭാവനപോലെ വികസിക്കും.
ഇതേരീതിയിൽ ഗ്ലാസിനു പകരം പ്ലേറ്റിലുണ്ടാക്കന്ന പൂരിയാണ് പൂപ്പാത്രം. ഇതിനകത്ത് പഴങ്ങൾ ചെറുതായി നുറുക്കി നിറയ്ക്കാം. പച്ചക്കറികൾ അരിഞ്ഞു സോസുകൾ ചേർത്തും നിറയ്ക്കാം.