തെങ്ങണ ഗുഡ് ഷെപ്പേർഡ് പബ്ലിക് സ്കൂളിലെ നാലായിരത്തിലധികം വിദ്യാർഥികളും അധ്യാപകരും ഇന്ന് കേരളത്തിനു വേണ്ടി ഭക്ഷണമുണ്ടാക്കും. കുക്ക് ഫോർ കേരള എന്ന പദ്ധതിയിലൂടെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ ഭക്ഷണമുണ്ടാക്കി അതിൽ നിന്നു ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും.
ഇന്ന് സ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികളും അധ്യാപകരും ഉച്ചഭക്ഷണം കൊണ്ടുവരില്ല. പകരം സ്കൂളിൽ പാകം ചെയ്തതും വീട്ടിൽ നിന്നു കൊണ്ടുവന്നതുമായ ഭക്ഷണം പണം നൽകി വാങ്ങിക്കഴിക്കും. സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ അയ്യായിരത്തോളം പേരാണ് ഈ പരിപാടിയിൽ പങ്കാളികളാകുന്നത്.