Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്റെ ഭക്ഷണം എന്തായിരുന്നു?

Food

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ എന്നാവും കാലം ആൽബർട്ട് ഐൻസ്‌റ്റീനെ വാഴ്‌ത്തുക. ആ ബുദ്ധിയുടെ പിന്നിലെ ശക്‌തിയെന്താവും എന്ന് ശാസ്‌ത്രം ഒരുപാട് അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. മറ്റു മനുഷ്യരിൽനിന്ന് വിഭിന്നമായ തലച്ചോറിന്റെ പ്രവർത്തനമാവാം ഐൻസ്‌റ്റീനെ വ്യത്യസ്‌തനാക്കുന്നത്. ഭക്ഷണകാര്യത്തിൽ പ്രത്യേക നിർബന്ധമോ നിയന്ത്രണമോ പാലിക്കാത്ത ഐൻസ്‌റ്റിന്റെ പ്രവർത്തനങ്ങളും കണ്ടുപിടുത്തങ്ങളും ശാസ്‌ത്രലോകത്തിന് ഇന്നും സമസ്യതന്നെ. അതിബുദ്ധിമാനായിരുന്നെങ്കിലും മനുഷ്യസഹജമായ ബലഹീനത ഐൻസിറ്റീനെയും ബാധിച്ചിരുന്നു- അതിഭയങ്കര മറവി. ഈ മറവി മൂലം പലപ്പോഴും ഭക്ഷണം കഴിക്കാൻപോലും പാവം ഐൻസ്‌റ്റീൻ മറന്നുപോയിട്ടുണ്ട്. ഇതുമൂലം കലശലായ ആമാശയപ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. 

പ്രകാശത്തെക്കുറിച്ചുള്ള അറിവിന്റെ വെളിച്ചം ലോകമാകെ വിതറിയ ഐൻസ്‌റ്റീന്റെ ഭക്ഷണകാര്യത്തെപ്പറ്റി പക്ഷേ ലോകത്തിന് അത്ര അറിവില്ല. അഥവാ ഐൻസ്‌റ്റീന്റെ ഭക്ഷണരീതികളെക്കുറിച്ച് നാമമാത്രമായ അറിവേ നമുക്കുള്ളൂ. ഐൻസ്‌റ്റീൻ കഴിച്ചിരുന്ന ഭക്ഷണത്തെപ്പറ്റി ഇന്ന് നാം അറിയുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർക്കൈവ്‌സുകളിൽ സൂക്ഷിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കത്തുകളിലൂടെയാണ്. 

ഐൻസ്‌റ്റീൻ തികഞ്ഞൊരു വെജിറ്റേറിയനായാണ് പൊതുവേ അറിയപ്പെടുന്നത്. 1920കളിൽ അദ്ദേഹത്തിനുണ്ടായ ശാരീരികമായ അസ്വസ്‌ഥതകളാണ് അദ്ദേഹത്തെ ഭക്ഷണം ക്രമീരിക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് പൊതുവേയുള്ള വിശ്വാസം. പക്ഷേ എന്നുമുതലാണ് ഐൻസ്റ്റീൻ ഒരു സമ്പൂർണ സസ്യാഹാരപ്രീയനായി മാറിയത് എന്നതിന് വ്യക്‌തമായ രേഖകളില്ല. 1930ൽ വെജിറ്റേറിയൻ വാച്ച് ടവറിന് അയച്ച ഒരു കത്തിൽ സസ്യാഹാരത്തോടുള്ള തന്റെ അഭിനിവേശം ഐൻസ്‌റ്റീൻ മറച്ചുവെയ്‌ക്കുന്നില്ല. എന്നാൽ ചില ബാഹ്യസമർദ്ദങ്ങളെത്തുടർന്ന് പലപ്പോഴും മാംസാഹാരം കഴിക്കേണ്ടിവരുന്നതായി പരിതപിക്കുന്നു. വെജിറ്റേറിയൻ ശൈലിയിലുള്ള ഭക്ഷണക്രമം ജീവിതത്തെമാത്രമല്ല മനുഷ്യരാശിയെത്തന്നെ സ്വാധിനിക്കും എന്നദ്ദേഹം പറഞ്ഞുവച്ചു. 

എന്നാൽ മരിക്കുന്നതിന് ഏതാണ്ട് ഒരു വർഷംമുൻപ് മാത്രമാണ് അദ്ദേഹം പൂർണമായി സസ്യാഹാരത്തിലേക്ക് തിരിഞ്ഞുള്ളൂ. ഇത് അദ്ദേഹം ചില സുഹൃത്തുക്കൾക്കയച്ച കത്തുകളിൽനിന്നു വ്യക്‌തമാണ്. ഏതായാലും ജീവിതത്തിന്റെ അവസാന കാലങ്ങളിൽ പൂർണ സസ്യഭുക്കായിരുന്നു അദ്ദേഹം. ഐൻസിറ്റീൻ മരിക്കുന്നത് 1955ലാണ്. മരണത്തിന് ഒരു വർഷം മുൻപ്, 1954 മാർച്ച് 30ന് അദ്ദേഹം എഴുതിയ ഒരു കത്തിൽനിന്ന് ഇത് വ്യക്‌തമാണ്. ‘കൊഴുപ്പും ഇറച്ചിയും മീനും കൂടാതെയാണ് എന്റെ ജീവിതം ഇപ്പോൾ, പക്ഷേ അതിന്റേതായ സുഖവുമുണ്ട്. മനുഷ്യൻ മാംസഭൂക്കായിട്ടല്ല ജനിക്കേണ്ടത്’. ഈ കത്ത് അയയ്‌ക്കുന്നതിന് ഒരു വർഷം മുൻപ് (1953), ഐൻസ്‌റ്റീൻ എഴുതിയ മറ്റൊരു കത്തും ലഭ്യമാണ്. അത് അയയ്‌ക്കുന്ന സമയത്ത് അദ്ദേഹം മാംസാഹാരവും കഴിച്ചിരുന്നതായി വെളിപ്പെടുത്തുന്നു: ‘കുറ്റബോധത്തോടെയാണെങ്കിലും ഞാനിപ്പോഴും മൽസ്യ-മാംസാഹാരങ്ങൾ കഴിക്കുന്നുണ്ട് ’