കാനത്തിനു വിപ്ലവത്തോളം പ്രിയങ്കരമാണ് വറുത്തരച്ച കോഴിക്കറി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ജീവിതത്തിൽ സ്നേഹത്തിൻ രുചിയുള്ള, അടുക്കള ഗന്ധമുള്ള രണ്ടു സ്ത്രീകളുണ്ട്– അമ്മയും ഭാര്യയും. അമ്മ ടി.കെ. ചെല്ലമ്മയുണ്ടാക്കുന്ന കുമ്പിളപ്പവും ചക്കക്കുരുപ്പാടയും അവല് കപ്പയും മുളകിട്ട മീൻകറിയുമെല്ലാം രുചിയുടെ പ്രപഞ്ചങ്ങളാണ്. ഭാര്യ വനജ വറുത്തരച്ചുണ്ടാക്കുന്ന കോഴിക്കറി കാനത്തിനു വിപ്ലവത്തോളം പ്രിയതരമാണ്. പെൻസിൽ പോലെ മെലിഞ്ഞയാളായിരുന്നു കാനം. തടിച്ചു വളർന്നതിനു പിന്നിലെ ഓർമകളിലേക്ക്: 

മോസ്കോയിലെ രുചി 

പാലായിലുള്ളവർ പന്നിക്കറിയും കപ്പയും കൊണ്ടു ഉത്സവമുണ്ടാക്കിയവരാണ്. വീട്ടിൽ പന്നിക്കു പിന്തുണ കുറവാണ്. വിവാഹം കഴിഞ്ഞ ശേഷമായിരുന്നു റഷ്യൻ യാത്ര. മോസ്കോയിൽ ചെന്നപ്പോൾ എവിടെയും എപ്പോഴും പന്നിവിഭവങ്ങൾ. മൂന്നുനേരവും പന്നിയിറച്ചി കൊണ്ടുള്ള ഭക്ഷണം നന്നായി കഴിച്ചു. അതോടെ തടിച്ചു. 

പൊതിച്ചോറ് 

വാഴൂർ വിദ്യാധിരാജ സ്കൂളിനടുത്തുള്ള കുളക്കരയിൽ ഇരുന്നാണ് ഉച്ചച്ചോറിന്റെ പൊതിയഴിക്കുക. വാട്ടിയ വാഴയിലപ്പൊതി കൂട്ടുകാർക്കൊപ്പം അഴിക്കുമ്പോൾ ചമ്മന്തിയും ചോറും ഇഴചേർന്ന ഗന്ധം കുളക്കരയിൽ പടരും. തൈരു ചേർത്തു കുഴച്ച മട്ടിലാവും ചോറ്. അതിലേക്കു ചമ്മന്തിയങ്ങു ചേരുമ്പോഴുള്ള രുചിക്കൊരു സുഖമുണ്ട്. 

കുമ്പിളപ്പവും ചക്കക്കുരുപ്പാടയും 

ചക്കപ്പഴം ധാരാളമായതിനാൽ ചക്കവരട്ടിയും കുമ്പിളപ്പവും പതിവായിരുന്നു. ചക്കപ്പഴം വരട്ടി അരിപ്പൊടിയോടു ചേർത്തു കുഴച്ചു ജീരകവും ഏലത്തരിയുമെല്ലാം വിതറി വഴനയില കുമ്പിളാക്കി ആവിയിൽ വേവിച്ചെടുക്കുന്ന കുമ്പിളപ്പത്തിന്റെ രുചി നാവുള്ളിടത്തോളം ചോർന്നു പോകില്ല. ചക്കക്കുരുപ്പാട ഒരുതരം തോരനാണ്. ഇന്നതു പലർക്കും പരിചയമില്ല. പഴുത്ത ചക്കയുടെ കുരുവിന്റെ പുറത്തെ പാട കൊണ്ടുണ്ടാക്കുന്ന തോരൻ അമ്മയുടെ സ്പെഷലായിരുന്നു. 

കാനത്തെ കപ്പ 

രണ്ടേക്കറോളം കപ്പകൃഷിയുണ്ടായിരുന്നു. നാലഞ്ചു പണിക്കാർ പതിവാണ്. ഇവർക്കെന്നും കപ്പ മതി. വലിയ പാത്രത്തിൽ കപ്പ പുഴുങ്ങുന്നതൊരു ചടങ്ങാണ്. ‘തുടുപ്പ്’ എന്ന നീളൻ ചട്ടുകമിട്ട് ഇളക്കിയൊരുക്കും കപ്പ. ചുവന്ന മുളകരച്ചു കൊടംപുളിയിട്ട മീൻകറി കപ്പയോടു ചേരുമ്പോൾ വിശപ്പിന്റെയും അതിജീവനത്തിന്റെയും എരിവുകലർന്ന രുചി ജീവിതത്തിലേക്കരിച്ചു കയറും. കപ്പയില്ലാതെ കോട്ടയത്തിനു ജീവിക്കാൻ വയ്യ. തിളച്ച വെള്ളത്തിൽ കൊത്തിപ്പുഴുങ്ങി തേങ്ങയും പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്തരച്ചുണ്ടാക്കുന്ന കപ്പപ്പുഴുക്കിനോടാണിപ്പോൾ ഏറെയിഷ്ടം. 

കാനം രാജേന്ദ്രനും ഭാര്യ വനജയും

ചിട്ട മാറി, ശീലവും 

ചിക്കനും മീനും എത്ര തിന്നാലും മതിവരില്ലായിരുന്നു. ആരോഗ്യം ചിട്ടപ്പെടുത്തണമെന്നായപ്പോൾ ആഹാരം നിയന്ത്രണത്തിലായി. മധുരം തീരെ വേണ്ട ഇപ്പോൾ. പാലടപ്പായസവും ചക്കപ്രഥമനും വനജയുണ്ടാക്കുന്ന എരിവേറിയ വറുത്തരച്ച ചിക്കൻ കറിയുമെല്ലാം നിബന്ധനയോടെ മാറ്റി നിർത്താൻ തുടങ്ങി. പാലൊഴിച്ച കാപ്പിയാണു പണ്ടേ പ്രിയം. കാലത്ത് ആറിനെഴുന്നേൽക്കുമ്പോൾ അതൊരെണ്ണം വേണം. സുഖിയന്റെ ചെറുപയർ മധുരവും ശർക്കരയും തേങ്ങയും ചേർത്ത ഇലയടച്ചൂടും പുഴുങ്ങിയ നേന്ത്രപ്പഴത്തിനിടയിൽ പഞ്ചസാരയും നെയ്യും ചേർത്തു മൊരിച്ചെടുക്കുന്ന ‘ബനാനാ ഫ്രൈയും’ മധുരിക്കുന്ന കാലത്തിന്റെ ഓർമത്തരികളാണ്. ഉച്ചയ്ക്കുള്ള ഇത്തിരിച്ചോറിനൊപ്പം തൈരും മീൻകറിയുമായാൽ കുശാലായി. സാമ്പാർ തീരെ വേണ്ട. പുട്ടും കടലയും കിട്ടിയാൽ മറ്റെന്തും മറക്കും. ചപ്പാത്തിയോ അരിപ്പത്തിരിയോ കഞ്ഞിയോ കിട്ടിയാൽ അത്താഴമായി. അടുക്കളയിൽ കടക്കാറില്ല. ഒന്നും ചോദിച്ചു വാങ്ങാറില്ല. ആഹാര കാര്യത്തിൽ ഒട്ടും നിർബന്ധവുമില്ല.