Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്ഷണപ്രേമികൾ എവിടെയാണ്?

eating-food

ഭക്ഷണ പ്രേമികൾക്ക് ഇത് ആവേശ വാർത്ത. തലസ്ഥാനം പഴയ തലസ്ഥാനമല്ല. ലോകമെമ്പാടുമുള്ള രുചി വൈവിധ്യങ്ങളുടെ കലവറയുമായി കഴിഞ്ഞ ഒൻപതു മാസത്തിനിടെ തിരുവനന്തപുരത്ത് ആരംഭിച്ചത് 90 ഹോട്ടലുകൾ. റസ്റ്ററന്റുകൾ 375. ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നൽകിയ ഹോട്ടലുകളുടെ എണ്ണമാണിത്.

പുതിയ ഭക്ഷ്യശാലകളുടെ വരവോടെ തലസ്ഥാനത്തിന്റെ ഭക്ഷണ ശീലമേ മാറി. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഭക്ഷണ രുചികൾ തുടങ്ങി അറേബ്യൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ചൈനീസ് രുചികൾ മാത്രം വിളമ്പുന്ന ഹോട്ടലുകൾക്ക് ആരാധകരേറേ. ചോറും മീൻകറിയും കപ്പയും ഒക്കെ നല്ല നാടൻ രീതിയിൽ നൽകുന്ന ചെറുകിട കടകളിലും തിരക്കിനു കുറവൊട്ടുമില്ല. ഏതു നിരക്കിലും വ്യത്യസ്ത രുചികൾ കിട്ടുന്ന നല്ല ഒന്നാംതരം ഭക്ഷണ കലവറയായി തലസ്ഥാനം മാറി. ഭക്ഷണത്തിനു പുറമേ ഇന്റർനെറ്റും പുസ്തകങ്ങളും മ്യൂസിക്കും ഒക്കെ നൽകുന്ന മണിക്കൂറുകളോളം സംസാരിച്ചിരിക്കാവുന്ന ഹാങ്ഔട്ട് പ്ലേസുകളുമാണു നഗരത്തിലെ പല റസ്റ്ററന്റുകളും. 

ഭക്ഷണ പ്രേമികളുടെ ഗ്രൂപ്പുകൾ സജീവം

ഭക്ഷണശാലകളോളം തന്നെ സജീവമാണു നഗരത്തിലെ ഭക്ഷണ പ്രേമികളുടെ ഗ്രൂപ്പുകളും. രുചി വിശേഷങ്ങളും പോരായ്മകളും ചിത്രങ്ങൾ സഹിതം അപ്പപ്പോൾ തന്നെ ചർച്ചയാവും. ഈ വർഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുത്ത ഹോട്ടലുകളിൽ ഏറ്റവും കുടുതൽ നഗരത്തിലാണ്.

കഴക്കൂട്ടം, ടെക്നോപാർക്ക്, പൂജപ്പൂര, പേയാട്, വെള്ളയമ്പലം, കവടിയാർ, സ്റ്റാച്യു, കിഴക്കേകോട്ട, ആയുർവേദകോളജ്, പടിഞ്ഞാറെകോട്ട, പട്ടം, പേട്ട, കേശവദാസപുരം  തുടങ്ങിയ സ്ഥലങ്ങളിലാണു പുതിയ ഹോട്ടലുകൾ തലപൊക്കിയത്. ഇവയ്ക്ക് ഒപ്പം രാത്രിയിൽ തുറന്നു പ്രവർത്തിക്കുന്ന തട്ടുകടകൾ കൂടി ചേരുമ്പോൾ തലസ്ഥാനം ഏതു സമയത്തും തുറന്നിരിക്കുന്ന ഭക്ഷണകേന്ദ്രമായി മാറി.

അൺലിമിറ്റഡ് ഓഫറുകളും

ചിക്കൻ, മട്ടൺ, ബീഫ്, മീൻ തുടങ്ങിയവയുടെ രുചി വൈവിധ്യങ്ങളും പലതരം ബിരിയാണികളും വടക്കൻജില്ലകളിൽ മാത്രം ലഭിച്ചുവന്ന പോത്തിറച്ചിയും പഴംപൊരിയും, കോഴിയും പിടിയുമെല്ലാം   തലസ്ഥാനത്തു സുലഭം. ഹോട്ടലുകളുടെ നീണ്ടനിര എത്തിയതോടെ അൺലിമിറ്റഡ് ഓഫറുകളും നൽകുന്നുണ്ട്.

പലയിടങ്ങളിലും നിരക്കിലും കുറവ് വന്നിട്ടുണ്ട്. ഉച്ച മുതലാണു ഹോട്ടലുകളിൽ അൺലിമിറ്റഡ് ഓഫറുകൾ. ബിരിയാണികൾ, സൂപ്പ്, ചിക്കൻ, മട്ടൺ, ബീഫ് തുടങ്ങിയവയിലാണ് ഓഫറുകൾ നൽകുന്നത്. പുതിയ ഹോട്ടലുകൾ എത്തിയതോടെ മുൻപ് ഉണ്ടായിരുന്നവ പലതും നവീകരിച്ചു പുതുമോടി അണിഞ്ഞും ഭക്ഷണപ്രേമികളെ സ്വാഗതം ചെയ്യുന്നു.