തുർക്കി മലബാറുകാർക്ക് സ്വപ്നസാമ്രാജ്യമായിരുന്നു എന്നും.മുത്തശ്ശിക്കഥകൾ കേട്ടുറങ്ങുന്ന കുഞ്ഞുങ്ങൾ തുർക്കിയിൽനിന്നു രാജകുമാരൻ വരുന്നതു സ്വപ്നം കാണും. പേർഷ്യക്കപ്പുറത്തെ തുർക്കി സ്വർഗമാണെന്നാണ് മലബാറുകാർ പണ്ടേ വിശ്വസിച്ചിരുന്നത്.
തുർക്കിയിൽനിന്നു കച്ചവടക്കാരും സാധനങ്ങളും പണ്ടേയ്ക്കുപണ്ടെ മലബാറിലെ തീരത്തെത്തിയിരുന്നു. അതുകൊണ്ടു കൂടിയാവാം തുർക്കിയോടുള്ള മൊഹബത്ത്. തലശ്ശേരിക്കാരുടെ പലഹാര മാഹാത്മ്യത്തിലെ പ്രസിദ്ധമായ ഇനമാണ് തുർക്കിപ്പത്തിരി. കക്ഷി തുർക്കിയിൽനിന്നു കടൽകടന്നു വന്നതാണെന്ന് പേരു കേട്ടാൽ തോന്നും. പക്ഷേ കഥ അങ്ങനെയല്ല. തുർക്കിയിൽനിന്നു കടൽകടന്നുവന്നത് തുർക്കിത്തൊപ്പിയാണ്. അരികുകളിൽ ഞൊറിയുള്ള, വെള്ള നിറത്തിലുള്ള തുർക്കിത്തൊപ്പികൾ. ബീഫും മുട്ടയും രണ്ടു പാളിയായി നിറച്ച് പത്തിരിയുണ്ടാക്കിയപ്പോൾ അതിനു തുർക്കിത്തൊപ്പിയോടൊരു സാമ്യം തോന്നി. അങ്ങനെയാണ് തുർത്തിപ്പത്തിരിയെന്നു പേരിട്ടു വിളിച്ചത്. പേരിടലിലെ ഭാവനയെതോൽപ്പിക്കും തുർക്കിപ്പത്തിരിയുടെ രുചി. നിക്കാഹായാലും, പെരുന്നാളായാലും തുർക്കിപ്പത്തിരി വിരുന്നിനു വിളമ്പുന്നത് ഇത്തിരി ഗമ തന്നെയാണ്, അന്നും ഇന്നും.
തൊപ്പി തുന്നാം, പത്തിരികൊണ്ട്
രണ്ടു കപ്പ് മൈദ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ കുഴച്ച് വയ്ക്കുക. മൂന്നു മുട്ട പാത്രത്തിൽ പൊട്ടിച്ചൊഴിച്ച് ഉപ്പും അരസ്പൂൺ കുരുമുളക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് വെക്കുക, പാൻ ചൂടാക്കി അതിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് മുട്ട അതിലൊഴിച്ച് ചിക്കിപ്പൊരിച്ചെടുക്കുക.
3 സ്പൂൺ എണ്ണ ചൂടാവുമ്പോൾ നീളത്തിലരിഞ്ഞ മൂന്നു സവാളയും കറിവേപ്പിലയും വഴറ്റുക. നിറം മാറുമ്പോൾ അതിലേക്ക് 2 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ച മണം മാറിയാൽ അരസ്പൂൺ മഞ്ഞൾപ്പൊടി, അര സ്പൂൺ കുരുമുളകുപൊടി, ഒരു സ്പൂൺ ഗരംമസാലഎന്നിവ ചേർത്ത് വഴറ്റുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് മിൻസ് ചെയ്തെടുത്ത 250 ഗ്രാം ബീഫ് ഇതിലേക്കു ചേർത്തിളക്കി മല്ലിയില ഇട്ട് ഇറക്കുക.
കുഴച്ചു വെച്ച മൈദയിൽ നിന്ന് ഏഴ് ചെറിയ ഉരുളകളെടുത്ത് ചെറിയ പൂരികളായി പരത്തി ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. ആദ്യം പരത്തിയ പൂരിയുടെ ഇരട്ടി വലിപ്പത്തിൽ ബാക്കി മാവിൽനിന്നു ഏഴ് പൂരിപരത്തുക. ഇതിൽ ആദ്യത്തെ പാളിയായി ഇറച്ചി മസാല നിരത്തുക.ഇതിനുമുകളിൽ പൊരിച്ചെടുത്ത ചെറിയ പൂരി വെയ്ക്കുക അതിൽ രണ്ടാമത്തെ ലെയറായി കുറച്ചു മുട്ട ചിക്കിപ്പൊരിച്ചത് വെയ്ക്കുക വലിയ പൂരി ഒരു കൈയ്യിലെടുത്ത് സാരിയുടെ ഞൊറിയിടുംപോലെ ഞൊറിയിടുക. ശേഷം ഒന്നായി കൂട്ടി അമർത്തി അടച്ചെടുക്കുക. പൂരി കനം കുറച്ചു പരത്തിയാലേ എല്ലാ ഭാഗവും വെന്തുവരികയുള്ളു. ചൂടായ എണ്ണയിലിട്ട് ചെറിയ തീയിൽ വേവിച്ച് രണ്ട് വശവും പൊരിച്ചെടുക്കുക.