മിയയുടെ പാചക പരീക്ഷണങ്ങൾ

വെള്ളിത്തിരയിലെ പ്രിയനായിക മിയ തന്റെ ഭക്ഷണ ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു...

ഞാൻ അത്യാവശ്യം ഫൂഡിയാണ്. നമുക്ക് ഇഷ്ടപ്പെട്ട ഫൂഡ് കഴിക്കുക, സന്തോഷമായിരിക്കുക എന്നതാണ് പോളിസി. എന്നുകരുതി വലിച്ചുവാരി കഴിക്കാറില്ല കേട്ടോ... വിവിധ രുചികൾ പരീക്ഷിക്കാൻ താൽപര്യമുള്ളയാളാണ്. അതുകൊണ്ടുതന്നെ വിഷമിച്ച് ഭക്ഷണം വേണ്ടെന്നു വയ്ക്കുന്ന പരിപാടിയൊന്നും ചെയ്യാറില്ല. 

എന്റെ രുചിയാത്രകൾ...

അടുത്തിടെ അമേരിക്കയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടു ഒരുമാസം ചെലവഴിച്ചിരുന്നു. കൂടുതൽപേരും സബ്‌വേ, മക്‌ഡൊണാൾഡ്സ് കൊണ്ടു തൃപ്തിപ്പെട്ടപ്പോൾ ഞാൻ കോണ്ടിനെന്റൽ ഫൂഡ് നിറയെ പരീക്ഷിച്ചു. ചൈനീസ്, ഇറ്റാലിയൻ വിഭവങ്ങളും പരീക്ഷിച്ചിട്ടുണ്ട്. ഗൾഫ് രുചിവൈവിധ്യങ്ങളുടെ ഒരു കലവറ തന്നെയാണ്. ഒരുപക്ഷേ നമ്മുടെ നാടൻ ഭക്ഷണസാധങ്ങൾ കൊണ്ട് ഏറ്റവുമധികം പരീക്ഷണങ്ങൾ നടക്കുന്നത് ഗൾഫിലായിരിക്കും. ഫ്യൂഷൻ ഫൂഡ് ആണ് അവിടെ ട്രെൻഡ്. അടുത്തിടെ ദുബായിൽ പോയപ്പോൾ പൊറോട്ട ഓംലറ്റ് മുതൽ കുഴിമന്തി വരെ പരീക്ഷിച്ചു.

പാചകം...

ഞാനൊരു പാലക്കാരി അച്ചായത്തിയാണ്. അതുകൊണ്ടുതന്നെ നോൺവെജ് വിഭവങ്ങൾ ഊണുമേശയിലെ സ്ഥിരം അതിഥിയാണ്. മമ്മി നല്ല കുക്കാണ്. ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ നല്ല പഞ്ഞിപോലെയിരിക്കുന്ന പാലപ്പവും സ്റ്റൂവും ഉണ്ടാക്കും. എന്നാ ടേസ്റ്റ് ആണെന്നോ! എത്ര കഴിച്ചാലും മതിവരില്ല...

വീട്ടിൽ ഉള്ളപ്പോൾ മമ്മിയെ സഹായിക്കാൻ എന്ന പേരിൽ ഞാൻ അടുക്കളയിൽ കയറാറുണ്ട്. എന്റെ വിദഗ്ധ പാചകപരീക്ഷണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ചായ, കാപ്പി, മുട്ട പൊരിച്ചത്, ന്യൂഡിൽസ് എന്നിവയാണ്! (മിക്കവാറും അതൊക്കെ ഞാൻ തന്നെയാണ് കഴിച്ചു തീർക്കുന്നത് കേട്ടോ...) പിന്നെ തോരൻ, മെഴുക്കുപിരട്ടി, സാമ്പാർ, തക്കാളിക്കറി, അവിയൽ ഒക്കെ ഉണ്ടാക്കാൻ കൂടും.

ഫേവറിറ്റ് ഫുഡ്...

നാടൻ ഭക്ഷണങ്ങളിൽ ഏറ്റവും ഇഷ്ടം കപ്പയും മീൻകറിയുമാണ്. പിന്നെ കപ്പബിരിയാണി.