ഹേമമാലിനിയെ നേരിട്ട് കണ്ടാൽ ആർക്കുമൊരു ചോദ്യം ചോദിക്കാൻ തോന്നും – എഴുപതിലും പതിനേഴിന്റെ ചുറുചുറുക്ക് എങ്ങനെ സൂക്ഷിക്കുന്നു. എഴുപതാം പിറന്നാൾ ആഘോഷദിനത്തിൽ ഹേമമാലിനിയോടൊപ്പം ശ്രദ്ധനേടിയത് പിറന്നാൾ കേക്കാണ് – മയിൽ പീലിവിടർത്തിയിട്ടിരിക്കുന്ന ഡിസൈനിലുള്ള കേക്ക് ! മക്കൾ ഇഷയും അഹാനയും ചെറുമക്കളും നിറഞ്ഞ ആഘോഷ ചിത്രങ്ങളിലും ആരാധകരുടെ കണ്ണുടക്കുന്നത് പീലിവിടർത്തിയിരിക്കുന്ന പീകോക്ക് കേക്കിലേക്കാണ്. ഉലയാത്തൊരു ഷിഫോൺ സാരിപോലെ എഴുപതാം വയസ്സിലും സൗന്ദര്യം ഹേമമാലിനിയിൽ പറ്റിച്ചേർന്ന് കിടക്കുന്നതിന്റെ രഹസ്യം താരം തന്നെ വ്യക്തമാക്കുന്നു
ജങ്ക് ഫുഡിനോട് കൂട്ടില്ല
കുട്ടികളെപ്പോലെ ജങ്ക് ഫുഡ് കഴിക്കാൻ കൊതിയുള്ള പ്രായമൊക്കെ കഴിഞ്ഞിരിക്കുന്നു. ഇനി ഇടയ്ക്കു കഴിക്കാൻ തോന്നിയാൽ അപ്പോൾ സാലഡോ ഫ്രൂട്ട് ജ്യൂസോ കുടിക്കും. വെജിറ്റബിൾ സൂപ്പിനോടാണ് ഏറ്റവും പ്രിയം.
ചെറുപ്പം കാക്കും വെജിറ്റേറിയൻ ഭക്ഷണം
വെജിറ്റേറിയൻ ഭക്ഷണ രീതി ഹേമ മാലിനിക്ക് പഥ്യം. അഴുക്കുകൾ അടിഞ്ഞുകൂടാതെ ശരീരം ഫ്രഷായി നിലനിൽക്കാൻ വെജ് ഡയറ്റ് സഹായിക്കുമെന്നാണ് ഹേമമാലിനിയുടെ പക്ഷം.
അരിയും ഗോതമ്പിനോടും കൂട്ടില്ല
ആഴ്ചയിൽ രണ്ടു ദിവസം അരിയും ഗോതമ്പും ഉപേക്ഷിക്കും. പകരം ഫ്രഷ് ഫ്രൂട്സും ഡ്രൈ ഫ്രൂട്സും മാത്രമാണു കഴിക്കുക. സ്പെഷ്യൽ വിഭവമായി പനീറും ഉണ്ടാകും.
ഉച്ചയൂണിനു തൈര് നിർബന്ധം
ഉച്ചയൂണിന്റെ കാര്യത്തിലും കൃത്യമായ കണക്കുണ്ട്. രണ്ടു ചപ്പാത്തി, ചോറ്, ഒരു ബൗൾ ദാൽ, രണ്ടു കൂട്ടം വെജിറ്റബിൾ വിഭവങ്ങളും ഒരു ബൗൾ തൈരും.
ഗ്രീൻ ടീയും വെള്ളവും
ശരീരത്തെ കൊഴുപ്പില്ലാതെ നിലനിർത്താൻ ഉഗ്രൻ പാനീയമായി ഹേമമാലിനി കരുതുന്നത് ഗ്രീൻ ടീയാണ്. രാവിലെയും വൈകിട്ടും ഓരോ കപ്പ് ഗ്രീൻ ടീ കുടിക്കും. ഇഷ്ടം പോലെ വെള്ളം കുടിക്കുന്നതാണു ഹേമ മാലിനിയുടെ മറ്റൊരു ശീലം. യാത്രയിൽ പോലും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കും. ശരീരത്തിലെ വിഷാംശങ്ങൾ നീങ്ങി ത്വക്ക് മൃദുവായിരിക്കാനും വെള്ളം സഹായിക്കുന്നു.
എട്ടിനു മുൻപ് അത്താഴം
ലോകത്ത് എവിടെയായാലും രാത്രി എട്ടു മുൻപായി അത്താഴം കഴിക്കാൻ ശ്രമിക്കും. രാത്രി എണ്ണയും മസാലകളും കഴിയുന്നത്ര ഒഴിവാക്കി എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളോടാണ് പ്രിയം. മിക്കപ്പോഴും ഫ്രൂട്സും വേവിച്ച പച്ചക്കറികളുമായിരിക്കും അത്താഴത്തിന്. പത്തു മണി കഴിഞ്ഞാൽ ഉറക്കം നിർബന്ധം.