പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണു പത്തിരിക്കു പങ്കുവയ്ക്കാനുള്ളത്. തനി മലബാറി വിഭവമായ പത്തിരിക്കു മാപ്പിളപ്പാട്ടിന്റെ ചേലാണ്. ലളിതമായ രുചി. തനിനാടൻ രുചിക്കൂട്ട്. പത്തിരിതന്നെ പത്തുനൂറായിരം തരത്തിലുണ്ട് എന്നത് പ്രസിദ്ധമാണല്ലോ. അതിലൊരു കിടിലൻ വിഭവമാണ് കിണ്ണപ്പത്തിരി. ഒരു നാടൻ നാലുമണിപ്പലഹാരമാണ് കിണ്ണപ്പത്തിരി. ജീരകത്തിന്റെയും ചെറിയുള്ളിയുടെയും സ്വാദ് നാവിൽ ഇടയ്ക്കിടക്ക് വന്നു കുത്തും. അതോടെ അരിയുടെ രുചിക്കൂട്ടിന് ഇത്തിരി തലക്കനം കൈവരും.
∙ സിംപിൾ രുചിക്കൂട്ട്
ഒരു കപ്പ് പച്ചരിയും ഒരു കപ്പ് സാധാരണ അരിയും ഒന്നിച്ച് വെള്ളത്തിൽ മൂന്നു നാലു മണിക്കൂർ കുതിർത്ത് വയ്ക്കുക. അതിന് ശേഷം അരി നന്നായി കഴുകിയെടുത്ത്, ഒരു മുറി തേങ്ങ ചിരകിയത്, ഒരു സ്പൂൺ പെരും ജീരകം, ഒരു നുള്ള് സാദാ ജീരകം, അരക്കപ്പ് ചെറിയ ഉള്ളി അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്‌സിയിലിട്ട് ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ച് ആവിയിൽ വച്ച് വേവിക്കണം. തണുത്തതിന് ശേഷം പലപല കറികൾ ചേർത്ത് കഴിച്ചുനോക്കൂ.