സ്നേഹം പങ്കുവയ്ക്കുന്നതിന് ഓരോ സംസ്കാരങ്ങളിലും മാർഗങ്ങൾ വ്യത്യസ്തമാണ്. പക്ഷേ ഇവയിലെല്ലാം പൊതുവായ ഒരേയൊരു കാര്യം ഉചിതമായ സൽക്കാരമാണ്. ആതിഥ്യ മര്യാദകളാണ്. കണക്കൊത്ത കട്ടൻകാപ്പി മുതൽ കടുകിട തെറ്റാത്ത കറിക്കൂട്ടുകളിലും ബന്ധങ്ങളുടെ കൈയൊപ്പുകളുണ്ട്.
ഭക്ഷണ നിർമ്മിതി പ്രൊഫഷണലായി മാറിയിട്ട് ഇത്ര കാലം കഴിഞ്ഞിട്ടും ഭക്ഷണമൊരുക്കുന്നവർക്കായി ഒരു ദിനാചരണമുണ്ടെന്ന് നാം തിരിച്ചറിഞ്ഞിട്ടില്ല. ആ ദിനമാണ് ഒക്ടോബർ 20 ‘‘വേൾഡ് ഷെഫ് ഡേ’’.
എന്തിനാണ് ഈ ദിനാചരണം?
ഹോട്ടൽ മാനേജ്മെന്റ്, കേറ്ററിംഗ് മേഖലകളെ തങ്ങളുടെ തൊഴിലിടങ്ങളായി സ്വീകരിച്ച ആളുകളെ, സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ ആദരിക്കാനാണ് ഇങ്ങനെയൊരു ദിനം. ഹോസ്പിറ്റാലിറ്റിയുടെ സാധ്യതകൾ അതിരുകളില്ലാത്ത ആകാശം പോലെയാണ്. വ്യത്യസ്തമായ സംസ്കാരം, ആചാരഭാഷകൾ, വേഷവും ഭക്ഷണവും, എല്ലാം ഒത്തു ചേരുന്ന ഏക മേഖല ഹോസ്പിറ്റാലിറ്റിയായിരിക്കും, അടിച്ചേൽപ്പിക്കലല്ല അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യണമെന്നാണ് ഈ മേഖല പഠിപ്പിക്കുന്നത്.
ഈ കൊച്ചു കേരളത്തിൽ പോലും ഹോസ്പിറ്റാലിറ്റിയുടെ അനന്തസാധ്യതകൾ തുറന്നു കിടപ്പുണ്ടെന്ന് കണക്കുകൾസൂചിപ്പിക്കുന്നു. ദേശീയവും അന്തർദേശീയവുമായ ഹോട്ടൽ ശൃംഖലകൾ ഇവിടെ സജീവമാകുന്നത് ഇതിന്റെ ഉദാഹരണങ്ങളാണ്. കഴിവുള്ള പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ രാജ്യത്തിനകത്തും പുറത്തും നിരവധി കേറ്ററിംഗ് മാനേജ്മെന്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.
ഹോസ്പിറ്റാലിറ്റിയുടെ ആണിക്കല്ല് എന്നു പറയുന്നത് 5 C's കൾ ആണ്. ആശയവിനിമയ പാടവം (Communication skill), ആത്മവിശ്വാസം (Confidence), പരിചരണം (Careing), സഹകരണം (Cordination), സാമാന്യ ബോധം(Common Sense) എന്നീ ഗുണങ്ങളാണ് 5 C's എന്ന് അറിയപ്പെടുന്നത്.
ഈ മേഖലയിൽ ജോലി ചെയ്യുന്നതിലൂടെ സാമ്പത്തിക ഉന്നമനം മാത്രമല്ല സർവ സംസ്കാരങ്ങളേയും അറിയാനും അംഗീകരിക്കാനും ആദരിക്കാനും കഴിയുന്നു.
ആചാരങ്ങളും, ഭൂമിശാസ്ത്രവും മാറിയേക്കാം. പക്ഷേ ആദ്യമായി രസമുകുളങ്ങളിൽ നൃത്തമാടിയ ആദ്യ രുചി, രുചിഭേദങ്ങൾ അത് മാറാതെ നിൽക്കും. ഒപ്പം അത് പകർന്നു തന്നവരും.