കേരള രുചിയിൽ മനം നിറഞ്ഞ് താരങ്ങൾ; ധോണിക്ക് കടൽ വിഭവങ്ങൾക്കു പകരം കബാബ് പീത്​സ!

കോവളം ലീലാ റാവിസ് ഹോട്ടലിലെത്തിയ വിരാട് കോഹ്‍ലിയെയും സംഘത്തെയും റാവിസ് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു.

ഏകദിന മത്സരത്തിനായി തലസ്ഥാനത്തെത്തിയ താരങ്ങൾക്കു രുചിയുടെ മേളമൊരുക്കി കോവളം ലീല റാവിസ്. ആദ്യ ദിവസം വിവിധതരം കടൽ വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. കരിമീനിനും ചെമ്പല്ലിക്കും പുറമെ കൊഞ്ച്, അഷ്ടമുടിക്കായലിൽനിന്നു പിടിച്ച ഞണ്ട് (മഡ് ക്രാബ്) എന്നിവയും തീൻമേശയിൽ നിരന്നു. ചിക്കൻ പ്രേമിയായ ധോണിക്ക് തന്തൂരി അടുപ്പിൽ ചുട്ടെടുത്ത ഉഗ്രൻ ചിക്കൻ കബാബ് പീത്‍സയാണ് ഒരുക്കിയത്. ഉച്ചയ്ക്ക് ചിക്കൻ കബാബ് പീത്‌സയോടൊപ്പം ഓറഞ്ച് ജ്യൂസും കുടിച്ചു. വെസ്റ്റിൻഡീസ് ടീമിന് പ്രത്യേക ലൈവ് ബാർബിക്യു കൗണ്ടറാണ് ലീല റാവിസിൽ ഒരുക്കിയത്. അത്താഴത്തിന് ഉത്തരേന്ത്യൻ വിഭവങ്ങൾക്കു പുറമെ തനി നാടൻ ഭക്ഷണവും ഒരുക്കി. 

കേദാർ ജാദവ്,ബിന്ദ്ര ജഡേജ, വിരാട് കോഹ്​ലി എന്നിവർ റാവിസ് എക്സിക്യൂട്ടിവ് ഷെഫ് സുരേഷ് പിള്ളയ്ക്കൊപ്പം.

Read this in English

വമ്പൻ ബുഫെ

ബുധനാഴ്ച പ്രഭാതഭക്ഷണത്തിന് കേരള, ഉത്തരേന്ത്യൻ, വെസ്റ്റേൺ, കോണ്ടിനെന്റൽ ശ്രേണികളിലായി വമ്പൻ ബുഫെയാണ് ഒരുക്കിയത്. ദോശ, ഇഡ്‍ഡലി, പുട്ട്, കപ്പ പുഴുങ്ങിയതും കാന്താരിയും, ഇലയട, കൊഴുക്കട്ട, ഇടിയപ്പവും മുട്ടക്കറിയും, അപ്പം, ദോശ എന്നിവയാണു കേരള വിഭവങ്ങളായി മേശയിലെത്തിയത്. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു വിവിധ തരം ദോശകൾ ചുട്ടുനൽകുന്ന ലൈവ് കൗണ്ടറും. ചമ്മന്തി മാത്രം 20 തരമാണ് ഒരുക്കിയിരുന്നത്.

ചമ്പാവരി കൊണ്ടും വെള്ളയരി കൊണ്ടുമുള്ള പുട്ടുമുണ്ടായിരുന്നു. മുട്ടവിഭവങ്ങൾക്കു മാത്രമായി പ്രത്യേക വിഭാഗവുമുണ്ട്. ബുധൻ ഉച്ച മുതൽ ബിസിസിഐ ഡയറ്റീഷന്റെ നിർദേശപ്രകാരമുള്ള ഭക്ഷണമാകും ഒരുക്കുക. കൂടുതലും ഗ്രിൽഡ് വിഭവങ്ങളായിരിക്കും. റാവിസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തിലാണ് ഇരുടീമുകൾക്കും വിഭവങ്ങൾ ഒരുക്കുന്നത്.