കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്?

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന തർക്കത്തിനു എത്ര വർഷം പഴക്കമുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ നമുക്ക് തർക്കമില്ല. വിശന്നിരിക്കുമ്പോൾ പെട്ടെന്ന് എന്തു കഴിക്കുമെന്ന ചിന്ത വന്നാൽ എന്നാൽ ഒാംലെറ്റ് പോരട്ടെയെന്നാവും പറയുക. നമ്മുടെ നാട്ടിൽ മുട്ട എന്നു പറഞ്ഞു തട്ടുകടയിൽ എത്തിയാൽ ചോദ്യം ഡബിളോ സിംഗിളോ എന്നാകും. മലയാളിക്ക് മുട്ട എന്നാൽ ഉള്ളിയും പച്ചമുളകും  ചേർത്ത് അടിച്ചെടുക്കുന്ന ഓം ലെറ്റാണ്. എന്നാൽ മറ്റു പലസ്ഥലങ്ങളിലും മുട്ടകൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളുണ്ട്. എന്നാലും മുട്ടയെ നാം വേണ്ട പൊലെ അടുത്തറിഞ്ഞിട്ടുണ്ടോ? കോഴിമുട്ടയോ താറാമുട്ടയോ മുട്ട മസാലയോ ഒാംലെറ്റ് കൊണ്ട് തീർന്നോ മലയാളിയുടെ മെനു. മെനുവിന്റെ കാര്യം വിട്ടാൽ തന്നെ മുട്ടയെക്കുറിച്ച് ധാരാളം സംശയങ്ങൾ മനസിൽ വിരിയാറുണ്ട്. ചൈനീസ് മുട്ട സത്യമോ മിഥ്യയോ, മുട്ട കഴിച്ചാൽ കോളസ്ട്രോൾ കൂടുമോ, മുട്ട എങ്ങനെ സൂക്ഷിക്കാം എന്നിവ ചിലതാണ്. 

ഏറ്റവും മികച്ച പ്രൊട്ടീൻ ലഭിക്കുന്ന മുട്ടയുടെ മഞ്ഞക്കരുവിൽ വൈറ്റമിൻ ഡിയും ധാരാളം ഉണ്ട്. സ്ക്രാംബിൾഡ് എഗ്, പോച്ച്ഡ് എഗ്, സ്കോച്ച് എഗ്, നാർഗിസ കോഫ്ത, മയണൈസ് സോസ്...എന്നിങ്ങനെ എണ്ണിയാൽ തീരത്ത മുട്ടരുചികൾ ലഭ്യമാണ്.മലബാറിലെ ചില പ്രദേശങ്ങളിലും ശ്രീലങ്കയിലും പ്രചാരത്തിലുള്ള വിഭവമാണ് ഓംലറ്റ് കറി. മുട്ട ഓംലറ്റാക്കി ഇറച്ചിക്കറിവയ്ക്കുന്നതു പോലെ മസാല ചേർത്തു തായാറാക്കുന്ന കറിയും വളരെ രുചികരമാണ്. നോമ്പുതുറക്കാൻ മലബാറിൽ ഉപയോഗിക്കുന്ന മുട്ടമാലയെന്ന വിഭവവും വളരെ രുചികരമാണ്. കേരളത്തിനു വെളിയിൽ ജോലിക്കും പഠിക്കാനും പോകുന്നവരുടെ ഇഷ്ടവിഭവമാണ് മുട്ട പൊട്ടിച്ചൊഴിച്ച മസാലക്കറി, ഉള്ളിയും തക്കാളിയും ഇട്ട് വഴറ്റി അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അഞ്ചു മിനിറ്റുകൊണ്ട് തയാറാക്കുന്ന കറി. നാടൻ കോഴിമുട്ടയിൽ ചെറിയ ഉള്ളി, വറ്റൽമുളക്, കറിവേപ്പില, ഉപ്പ്, അൽപം തേങ്ങാതിരുമ്മിയതും ചേർത്തു തയാറാക്കുന്ന ഓംലറ്റ് വളരെ രുചിയാണ്. താറാമുട്ടയിലും കാടമുട്ടയിലും ഈ രുചിക്കൂട്ട് പരീക്ഷിക്കാം. 

മുട്ട പുഴുങ്ങാം ആവിയിൽ

പുഴങ്ങിയ മുട്ടയുടെ തോട് പൊളിക്കുവാൻ ചില സൂത്ര വിദ്യകളുണ്ട്, ഉപ്പ് ചേർത്തു പുഴുങ്ങുക, ഉള്ളിയുടെ ഇലയിട്ട് പുഴുങ്ങിയെടുക്കുക. അതിനേക്കാൾ നല്ലൊരു മാർഗമാണ് ആവിയിൽ പുഴുങ്ങിയെടുക്കുന്നത്. ഇഡ്ഡലിയൊക്കെ തയാറാക്കുന്ന പോലെ. ആവിയിൽ 12 മിനിറ്റു വച്ചാൽ മുട്ട പുഴുങ്ങിക്കിട്ടും. 

മുട്ടയിൽ നിന്നും കോക്ക്ടെയ്ൽ

മുട്ടയുടെ വെള്ളക്കരു ഉപയോഗിച്ച് ധാരാളം കോക്ടെയ്ൽസ് ലഭ്യമാണ്. മുട്ട ഭക്ഷണമായിട്ട് മാത്രമല്ല ഡ്രിങ്ക്സായിട്ടും ഉപയോഗിക്കാം. പുഴുങ്ങിയ മുട്ടയും കുരുമുളകുപൊടിയും ഇപ്പോഴും പ്രിയപ്പെട്ട ടച്ചിങ്സാണ് പലർക്കും. ‘പട്ടയും മുട്ടയും’ എന്ന പ്രയോഗം തന്നെ തൊണ്ണുറുകളിൽ മലയാളി കൂട്ടായ്മകളിൽ സജീവമായിരുന്നു.

ഓംലറ്റ് റെക്കോഡ്!

മുട്ട റെക്കോഡിനെക്കുറിച്ചു പറഞ്ഞാൽ  ലോകത്ത് ഏറ്റവും വേഗത്തിൽ ഓംലറ്റ് തയാറാക്കിയ റെക്കോഡ് ഹോവാർഡ് ഹെൽമറെന്ന അമേരിക്കക്കാരന്റെ പേരിലാണ്. മുപ്പതു മിനിറ്റിൽ 427 ഡബിൾ ഓംലറ്റ് തയാറാക്കിയെന്ന ഗിന്നസ് വേൾഡ് റെക്കോഡ്. മൂന്നു തവണ നേടിയ റെക്കോഡ് ഇപ്പോഴും പൊട്ടാതെയിരിക്കുന്നു !

മുട്ട പലനിറം 

മുട്ടകൾക്കെല്ലാം ഒരേ നിറമാണെന്നു കരുതരുത്. പല നിറത്തിലുള്ള മുട്ടകളുണ്ട്. ഇവയിൽ ഏറ്റവും ഭംഗിയുള്ള മുട്ട ടിനാമു (മൗണ്ടൻ ഹെൻ) എന്ന പക്ഷിയുടേതാണ്. തിളക്കമുള്ള നീല മുട്ടയാണിത്. ചിലപ്പോൾ ഇത് വയലറ്റ് നിറമായിരിക്കും. ചില കോഴിമുട്ടകൾക്ക് തവിട്ടുനിറമായിരിക്കും. ഇരുണ്ട, തവിട്ടു നിറത്തിലുള്ള മുട്ടകൾക്ക് വലിയ പ്രിയമാണ്. അമേരിക്കയിൽ കാണുന്ന റോസ് ഐലന്റ് റെഡ്,  പ്ലിമത്ത് റോക്ക് എന്നിവ തവിട്ടുനിറത്തിലുള്ള മുട്ടയിടുന്നവരാണ്.