കീശയിൽ കാശില്ലെങ്കിലും പാലായിലാണെങ്കിൽ പേടിക്കേണ്ട... നേരെ കുരിശുപള്ളിക്കവലയിലേക്കു നടക്കുക. അവിടെയുള്ള പെട്ടിക്കകത്ത് എപ്പോഴും ഭക്ഷണമുണ്ട്. നേരെ പെട്ടി തുറക്കുക, ഒരു പൊതിയെടുത്ത് ഇഷ്ടമുള്ളിടത്തു പോയി കഴിക്കാം. ജനമൈത്രി പൊലീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ന്യായവില മെഡിക്കൽ സ്റ്റോർ എന്നിവർ സംയുക്തമായാണ് ഈ ഭക്ഷണപ്പൊതികൾ ഒരുക്കുന്നത്. അതുപോലെതന്നെ മുനിസിപ്പൽ ഓഫിസിനു മുൻപിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണുപൊതികൾ സൗജന്യമായി ലഭ്യമാണ്. എടുക്കുന്നവരുടെ പേരെഴുതി വയ്ക്കാനുള്ള സൗകര്യമുണ്ട്.
ഇനി 5 രൂപയ്ക്ക് ഇഡ്ഡലിയും
20 രൂപയ്ക്ക് ഉച്ചയൂണ് നൽകി നാടിന്റെ വിശപ്പകറ്റുന്ന പാലാ നഗരസഭ, വിലക്കുറവിന്റെ മറ്റൊരു ആശ്വാസപദ്ധതി യുമായെത്തി. നഗരസഭയുടെ ഭക്ഷണശാലയിൽ 5 രൂപയ്ക്ക് ചൂട് ഇഡ്ഡലിയും സാമ്പാറും ലഭിക്കും. എല്ലാ ദിവസവും രാവിലെ എഴു മണി മുതൽ 10.30 വരെയാണ് സമയം. നഗരസഭാ ന്യായവില ഭക്ഷണശാലയിൽ കുടുംബശ്രീക്കാണ് ഇതിന്റെ ചുമതല.
ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ... എന്നാൽ രുചിയിൽ അതിലും രസവും വൈവിധ്യവുമുള്ള ചില ഇഡ്ഡലി പാചകകുറിപ്പുകൾ വീട്ടിൽ തയാറാക്കാം....
തണ്ണിമത്തൻ ഇഡ്ഡലി
(തയാറാക്കിയത്: ആർ.ജ്യോതി, പുത്തൂർ)
ആവശ്യമുള്ള സാധനങ്ങൾ: കുരുകളഞ്ഞ തണ്ണിമത്തൻ പഞ്ചസാരയും ചേർത്ത് കുഴഞ്ഞ പരുവത്തിൽ മിക്സിയിൽ അടിച്ചെടുക്കുക. ഇതു ഇഡ്ഡലി മാവിൽ കുഴച്ച് ഒരു നുള്ള് ഉപ്പും ചേർത്ത് ഇഡ്ഡലിയുണ്ടാക്കിയെടുക്കുക. തണ്ണിമത്തനും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അടിച്ചെടുത്തത് കുറുക്കിയ സോസായി ഉപയോഗിക്കാം.
പീത്‌സ ഇഡ്ഡലി
(ഇന്ദു ആർ.കുട്ടി, പുത്തൂർ)
ആവശ്യമുള്ള സാധനങ്ങൾ:
ഒന്നാം ചേരുവ: തക്കാളി–ഒന്ന്, കാരറ്റ്–ഒന്ന്, ക്യാപ്സിക്കം–ഒന്നിന്റെ പകുതി, സവാള–ഒന്ന്, പച്ചമുളക്–രണ്ട്.
രണ്ടാം ചേരുവ: ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്–കാൽ ടീ സ്പൂൺ, നെയ്യ്–ഒരു ചെറിയ സ്പൂൺ, പഞ്ചസാര–ഒരു സപൂൺ, ഉപ്പ്–ഒരു നുള്ള്.
തയാറാക്കുന്ന വിധം: (ആദ്യം ഇഡ്ഡലിയുടെ മുകളിൽ ഒഴിക്കേണ്ട സോസ് ആണ് തയാറാക്കേണ്ടത്): പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക. പിന്നീട് തക്കാളി സോസ്, ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്, ചതച്ച പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ഉപ്പ്, പഞ്ചസാര എന്നിവ ചേർത്തു സോസാക്കി പാത്രത്തിലേക്കു മാറ്റി വയ്ക്കുക.
നൂൽപുട്ട് ഉണ്ടാക്കുന്ന പരന്ന തട്ടിലാണ് ഇഡ്ഡലി തയാറാക്കേണ്ടത്. തട്ടിൽ ഇഡ്ഡലി മാവൊഴിച്ച് (രാമശ്ശേരി ഇഡ്ഡലിയുടെ വലുപ്പത്തിൽ പരത്തി ഒഴിക്കണം) വേവിക്കണം. മുക്കാൽ വേവ് ആകുമ്പോൾ തീ അണച്ച് ഇഡ്ഡലിയുടെ മുകളിൽ സോസ് ഒഴിക്കണം. ഇതിനു മുകളിൽ ഒന്നാം ചേരുവ ചെറുതായി അരിഞ്ഞത് ചേർത്ത് അഞ്ച് മിനിറ്റ് കൂടി വേവിച്ച് വിളമ്പാം.
ചില്ലി മിനി ഇഡ്ഡലി
(തയാറാക്കിയത്: കാന്തിമതി, പട്ടിക്കര)
ആവശ്യമുള്ള സാധനങ്ങൾ: (ആദ്യം ചില്ലി മസാലയാണ് തയാറാക്കേണ്ടത്) വെളിച്ചെണ്ണ–രണ്ട് ടീ സ്പൂൺ, സവാള– ഒന്ന്, തക്കാളി–ഒന്ന്, പച്ചമുളക്–ഒന്ന്, ഇഞ്ചി–ചെറിയ കഷണം, മുളകുപൊടി അര ടീസ്പൂൺ, കറിവേപ്പില–നാല് തണ്ട്, മല്ലിയില–രണ്ട് തണ്ട്, ഉപ്പ്–പാകത്തിന്.
തയാറാക്കുന്ന വിധം: പാത്രത്തിൽ എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ സവാളയിട്ട് വഴറ്റുക. ചതച്ച പച്ചമുളക് ഇഞ്ചി എന്നിവ ചേർക്കുക. ശേഷം കറിവേപ്പില, മുളകുപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റിയശേഷം തക്കാളി അരിഞ്ഞതും ഉപ്പും ചേർത്ത് ഇളക്കി പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. പിന്നീട് ഉലുവ ചേർത്ത് ചെറിയ വലുപ്പത്തിൽ തയാറാക്കിയ ഇഡ്ഡലി തയാറാക്കി വച്ചിരിക്കുന്ന ചില്ലി മസാലയിൽ ചേർത്ത് അഞ്ച് മിനിറ്റ് ഇളക്കണം. ഇപ്പോൾ രുചികരമായ ചില്ലി മിനി ഇഡ്ഡലി തയാർ.
ഫ്രൈഡ് ഇഡ്ഡലി
(തയാറാക്കിയത്: ഷാൻസി സുധാകരൻ, കന്നിമാരി)
ആവശ്യമുള്ള സാധനങ്ങൾ:
ഒന്നാം ചേരുവ: തക്കാളി സോസ്–രണ്ട് സ്പൂൺ, സോയ സോസ്–അര സ്പൂൺ, മുട്ട–ഒന്ന്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്–കാൽ സ്പൂൺ, ബ്രഡ് പൊടി–പാകത്തിന്.
രണ്ടാം ചേരുവ: വെളിച്ചെണ്ണ–രണ്ട് സപൂൺ, സവാള, ക്യാപ്സിക്കം, തക്കാളി–ഒന്ന് വീതം, കുരുമുളക്പൊടി–ഒരു ടീ സ്പൂൺ, മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല–അര ടീ സ്പൂൺ വീതം.
തയാറാക്കുന്ന വിധം: സാധാരണ ഇഡ്ഡലി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒന്നാം ചേരുവ പുരട്ടി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
വെറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഡ്ഡലി ചേർത്ത് ചെറുതായി ചൂടാക്കിയശേഷം വിളമ്പാം.
ഒരു ഇഡ്ഡലിയിൽ ശരാശരി പോഷകഘടകങ്ങൾ ഇപ്രകാരം:
ഊർജം– 40 കാലറി (ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമായത് 1500 മുതൽ 2500 വരെ).
പ്രോട്ടീൻ: രണ്ടു ഗ്രാം (മാംസപേശികളെ ശക്തിപ്പെടുത്താൻ ആവശ്യമായതാണിത്)
നാരുകൾ: രണ്ടു ഗ്രാം (അർബുദത്തെ പ്രതിരോധിക്കാനും മലബന്ധത്തെ തടയാനും ഇതു സഹായിക്കുന്നു).
കാർബോ ഹൈഡ്രേറ്റ്: എട്ടു ഗ്രാം (പ്രമേഹ രോഗികൾക്കു കഴിക്കാൻ കഴിയുന്ന അളവാണിത്).
ഇതിനു പുറമേ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയൊക്കെ ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്നു. ഉഴുന്നിലാണ് അയണിന്റെ സാന്നിധ്യമുള്ളത്. പുളിപ്പിക്കൽ പ്രക്രിയ നടക്കുന്നതും ആവിയിൽ വേവിക്കുന്നതും ഇതിന്റെ ആരോഗ്യ സാധ്യത വർധിപ്പിക്കുന്നു. കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് ഇഡ്ഡലി പാചകം ചെയ്യുന്നതു ഗുണം വർധിപ്പിക്കും.