മലയാളികളുടെ പ്രിയപ്പെട്ട പൂേക്കക്കിനെ കളിയാക്കിക്കൊണ്ട് ഇറങ്ങുന്ന ട്രോളുകൾക്ക് കണക്കില്ല. മഫ്ഫിൻ എന്ന വിഭവത്തെയാണ് നമ്മൾ മലയാളികൾ പൂക്കേക്കാക്കുന്നത് എന്ന തരത്തിലാണ് ട്രോളുകൾ പ്രചരിച്ചത്. ചെറിയ വലുപ്പത്തിൽ ബേക്ക് ചെയ്തെടുത്ത മധുരപലഹാരത്തെയാണ് മഫ്ഫിൻ എന്നു വിളിക്കുന്നത്. രണ്ടു തരം മഫ്ഫിനുകളുണ്ട്: കപ്പിന്റെ ആകൃതിയിലുള്ളതാണ് ആദ്യത്തേത്. ക്വിക്ക് ബ്രഡ് മഫ്ഫിൻ എന്നാണ് ഇവ അറിയപ്പെടുന്നത്. 19–ാം നൂറ്റാണ്ടിൽ മധ്യകാലത്ത് വടക്കേ അമേരിക്കയിലാണ് ഇത്തരം ‘കേക്കിന്റെ’ പിറവി. പരന്ന ബ്രഡ്ഡിന്റെ മുകൾ ഭാഗം അൽപംഉയർന്നുനിൽക്കുന്ന തരത്തിലുള്ളതാണ് രണ്ടാമത്തെ ഇനം. ഫ്ലാറ്റ്ബ്രഡ് മഫ്ഫിൻ എന്നാണ് ഇവ അറിയെപ്പെടുന്നത്. യൂറോപ്യൻ പാരമ്പര്യമാണ് രണ്ടാമത്തെ വിഭവത്തിനുള്ളത്. 18–ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ഇവയുടെ ജനനം. ഇംഗ്ലീഷ് മഫ്ഫിൻ എന്നും ഓമനപ്പേരുണ്ട്
അമേരിക്കൻ മഫ്ഫിൻസ് (ക്വിക്ക് ബ്രഡ് മഫ്ഫിൻ)
അമേരിക്കയിൽ പ്രാതലിന് ഉപയോഗിക്കുന്ന വിഭവമാണ് ക്വിക്ക്ബ്രഡ് മഫ്ഫിൻ. ബ്രഡിന്റെ ചേരുവകളാണിതിന്റെ അടിസ്ഥാനഘകങ്ങൾ വലുപ്പത്തിലും പാകം ചെയ്യുന്ന കാര്യത്തിലും കപ്പ് കേക്കുകള്‍ക്ക് സമാനമായ രീതിയാണ് ഇവിടെയും. ഇതാണ് പലപ്പോഴും ഇവയെ കപ്പ് കേക്ക് എന്ന് തെറ്റിദ്ധരിക്കാൻ ഇടയാക്കുക. (സ്വീറ്റ് ഡിസർട്ടാണ് കപ്പ് കേക്ക്. കേക്കിനാവശ്യമായ വസ്തുക്കളാണ് കപ്പ് കേക്ക് പാകം ചെയ്യാൻ ഉപയോഗിക്കുക. ഐസിങ് ഉണ്ടാവും എന്നത് മറ്റൊരു പ്രത്യേകത). രുചിക്കനുസൃതമായി ചോക്കലേറ്റ്, നാരങ്ങ, നേന്ത്രപ്പഴം എന്നീ ഫ്ലേവറുകൾ ചേർക്കാം. ആവശ്യമായ അളവിൽ ഇവ ചേർത്തുകഴിഞ്ഞാൽ മഫ്ഫിൻസ് ട്രേകളിലേക്ക് പകർന്നാണ് ബേക്ക് ചെയ്തെടുക്കുക. അല്ലെങ്കിൽ പേപ്പർകപ്പുകളിക്ക് പകർന്നും പാകം ചെയ്യാം. വീടുകളിലെ അടുക്കളയിൽമാത്രമല്ല വ്യാവസായിക അടിസ്ഥാനത്തിലും അമേരിക്കൻ മഫ്ഫിൻസ് ഉൽപാദിപ്പിക്കാം.
ഇംഗ്ലിഷ് മഫ്ഫിൻ (ഫ്ലാറ്റ്ബ്രഡ് മഫ്ഫിൻ)
യൂറോപ്പിലാണ് ജനനം. മാവും യീസ്റ്റുമാണ് പ്രധാന അസംസ്കൃതവസ്തുക്കൾ. 18–ാം നൂറ്റാണ്ടിൽത്തന്നെ ഇൗ വിഭവത്തെപ്പറ്റി പരാമർശമുണ്ട്. ഡിസ്ക് ആകൃതിയിലുള്ള പരന്ന പലഹാരമാണിവ. ടോസ്റ്റ് ചെയ്തെടുത്താണ് ഇവ പ്രാതലിനു വിളമ്പുക. ജാം, തേൻ എന്നിവ ടോപ്പിങ്ങായി വയ്ക്കാറുണ്ട്. ചീസ്, മുട്ട, സോസേജ് എന്നിവകൊണ്ടും ഇവയെ പൊതിയാറുണ്ട്. കേവലം ബേക്ക് ചെയ്തെടുക്കുകയല്ല ഇവ. ഗ്രിൽ ചെയ്തെടുക്കുകയാണ പതിവ്. ഇതുമൂലം ഇവയ്ക്ക് കപ്പ് കേക്കിന്റെ ആകൃതി ഒന്നും ഉണ്ടാവുകയില്ല. പരന്നതാണ് ആകൃതി.
∙ യുഎസ്സിലെ മിക്ക പ്രദേശങ്ങൾക്കും അവരുടേതായ ഔദ്യോഗിക മഫ്ഫിൻസ് തന്നെയുണ്ട്. കോൺ മഫ്ഫിനാണ് മാസച്യുസിറ്റ്സിന്റെ ഔദ്യോഗിക മഫ്ഫിൻ. ബ്ലൂബെറിയാണ് മിനസോട്ടയുടെ ഔദ്യോഗിക മഫ്ഫിന്‍. ന്യൂയോർക്കിന്റെതാവട്ടെ ആപ്പിൾ മഫ്ഫിനും.