പാട്ടിൽനിന്നു കണ്ടെടുത്ത പാൽവാഴയ്ക്ക

മൊഞ്ചത്തിപ്പൂവല്ലേ, മുത്തല്ലേ, ഖൽബല്ലേ എന്നൊക്കെ നീളത്തിൽ തരംതരംപോലെ എഴുതിച്ചേർക്കുന്നതാണ് മാപ്പിളപ്പാട്ട് എന്നൊരു തെറ്റിദ്ധാരണ കേരളത്തിൽ മുഴുവനുമുണ്ട്. കാമുകിയെ കുറിച്ച് പുകഴ്ത്തി പാടുന്ന പൈങ്കിളി ഹൃദയമാണ് മാപ്പിളപ്പാട്ടിൽ തുടിക്കുന്നതെന്നും പലരും ചിന്തിക്കാറുണ്ട്.ഒരു പക്ഷേ സംഗീത ആൽബങ്ങൾ മാപ്പിളപ്പാട്ട് എന്ന സാഹിത്യശാഖയോടു  ചെയ്ത കൊടുംചതിയാണ് ഇത്. 

മൺമറഞ്ഞുപോയ അനേകം മഹാകവികളാൽ സമ്പന്നമായിരുന്നു മാപ്പിളപ്പാട്ടിന്റെ ലോകം. ബദർ‍ യുദ്ധം മുതൽ അടുക്കളവിശേഷങ്ങൾ‍ വരെ ഈണവും താളവുമൊപ്പിച്ച് അറബിയും മലയാളവും കലർന്ന ഭാഷയിൽ എഴുതിയതുകണ്ടാൽ അമ്പരന്നുപോവും.

‘ഉണ്ട് ബന്ന മത്തരം കിസ്കിസ്‌യെ
ബന്നം പോള കടുംദുടി അപ്പം
പൊന്നുപോൽ തീരുന്ന മുട്ടമറിച്ചദ്‌
മിന്നെറിപോൽ ഉലങ്കുന്നെ മുസാറ’

എന്നു തുടങ്ങുന്നൊരു പാട്ടുണ്ട്. മലബാറിലെ തനിമാപ്പിള രുചിക്കൂട്ടുകളുടെ റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന പാട്ടാണിത്. ഇങ്ങനെ എത്രയെത്ര രുചിപ്പാട്ടുകൾ! 

അജ്ഞാതനായ മാപ്പിളക്കവി എഴുതിയ അമ്മായിപ്പാട്ട് സമീപകാലത്ത് അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി എന്ന സിനിമാഗാനമായി രൂപാന്തരം സംഭവിച്ച് ഹിറ്റായി മാറിയത് നമ്മൾ കണ്ടതാണ്. അത്തരമൊരു പാട്ടിൽനിന്നു കണ്ടെടുത്ത വിഭവമാണ് പാൽവാഴയ്ക്ക.

നോമ്പുകാലത്തെ താരമാണ് പാൽവാഴയ്ക്ക. കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെടുന്ന മധുരക്കൂട്ട്. പായസത്തിനോട് സാമ്യമുള്ള രുചിക്കൂട്ട്. നെയ്യും പാലും പഴവും കൈകളിലേന്തുന്ന അനുഭവം.  

 പാൽ വാഴയ്ക്കയുടെ വഴിയേ

ആദ്യം ഒരു കുക്കറിൽ അൽപം നെയ്യൊഴിച്ച് 100 ഗ്രാം ചൊവ്വരി അഥവ സാബൂനരി വറുക്കുക. അതിലേക്ക്  ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക. രണ്ടോ മൂന്നോ വിസിൽ വരുമ്പോഴേക്ക് വെന്തിട്ടുണ്ടാവും. ഇതിലേക്ക് നന്നായി പഴുത്ത മൂന്ന് ഏത്തപഴം അരിഞ്ഞു ചേർക്കുക. ആവശ്യത്തിന് പഞ്ചസാര ചേർക്കുക. ഒരു ഗ്ലാസ് പാലും ചേർക്കുക . പഴം വെന്ത ശേഷം ഇറക്കി വെക്കുക.. അൽപം നെയ്യിൽ ഏലക്കയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുത്ത് ചേർക്കുക.