ആഹാരം പാഴാക്കുന്നതിൽ മുൻപന്തിയിലാണോ മലയാളികൾ

നവംബർ ഒന്നിനു നടന്ന ഇന്ത്യ – വെസ്റ്റിൻഡീസ് അഞ്ചാം ഏകദിനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആവശ്യപ്പെട്ടത് കേരളത്തിലെ സദ്യയായിരുന്നു. നാടൻ പച്ചക്കറികൾ കൊണ്ടുള്ള സദ്യ ഉച്ചയ്ക്ക് വളരെ ആസ്വദിച്ചു കഴിക്കുകയും ബാക്കി വന്ന ഭക്ഷണം കളയരുത്, രാത്രിയിൽ കഴിക്കാമെന്നു പറയുകയും ചെയ്തു. മിച്ചം വന്ന കറികൾ ഫ്രിജിൽ സൂക്ഷിച്ച് രാത്രിയിലും അതുതന്നെ കഴിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ ചെയ്തത്. ഭക്ഷണത്തോടുള്ള വിരാടിന്റെ ബഹുമാനം നമ്മുടെ നാട്ടിലെ വിരുന്നു സൽക്കാരങ്ങളെ ഒാർമപ്പെടുത്തി.

വാ കീറിയ ദൈവം വയറും നിറയ്ക്കും എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ ജീവനും ആവശ്യമുള്ളത്ര ഭക്ഷണം പ്രകൃതിയിൽ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ നമ്മൾ അതിന്റെ മൂന്നിലൊന്നും പാഴാക്കുകയാണ് എന്നതാണു വസ്തുത. പ്രതിവർഷം നമ്മൾ പാഴാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് 130 കോടി ടൺ ആണ്. ആവശ്യത്തിലധികം പാചകം ചെയ്യുക, പകുതിയിലധികവും കളയുക എന്നതാണല്ലോ നമ്മുടെ രീതി. എന്തെങ്കിലും കിട്ടിയാൽ വയറു നിറയ്ക്കാമെന്നു കരുതി പാടുപെടുന്നവർ ഒരു ഭാഗത്തും വയറു നിറയ്ക്കാനാവശ്യമുള്ളതിലേറെ പാകം ചെയ്തും വാങ്ങിയും അതിൽ നല്ലൊരു പങ്കും പാഴാക്കുന്നവർ മറുഭാഗത്തും.

ആഹാരം പാഴാക്കുന്നതിൽ മുൻപന്തിയിലാണോ മലയാളികൾ? ഈ അടുത്ത കാലത്തുള്ള ചില പ്രവണതകളിൽനിന്നു മനസ്സിലാകുന്നത് ഇക്കാര്യത്തിൽ നമ്മൾ മുൻപന്തിയിലാണെന്നാണ്. പണ്ട് ഇലയിട്ടുള്ള സദ്യയിൽ വേണ്ടതു മാത്രം വിളമ്പിത്തന്നിരുന്ന രീതിയിൽ ആഹാരം അനാവശ്യമായി പാഴാകുമായിരുന്നില്ല. ഇന്ന് അതുമാറി നമ്മുടെ ആഘോഷങ്ങളൊക്കെ ഹോട്ടലുകളിലെ ബുഫെരീതിയിലേക്കു മാറ്റപ്പെട്ടു. ബുഫെയിൽ എങ്ങനെയാണ് ഭക്ഷണക്രമം എന്നതിനെക്കുറിച്ചു പഠിക്കേണ്ടിയിരിക്കുന്നു. സ്റ്റാർട്ടറുകളും സാലഡുകളും സൂപ്പുകളും കഴിച്ചതിനുശേഷം ധാരാളം വിഭവങ്ങളുള്ള പ്രധാന ഭക്ഷണത്തിലേക്ക് ഘട്ടം ഘട്ടമായി എത്തുന്നു. മൂന്നോ നാലോ മധുര വിഭവങ്ങളും ഇതിൽ ഉൾപ്പെടും. ഈ ഭക്ഷണക്രമത്തിൽ പോലും സൂപ്പോ സലാഡോ ശ്രദ്ധിക്കാതെ ആദ്യം തന്നെ മെയിൻ കോഴ്സ് ആവശ്യത്തിലധികം എടുക്കും. രണ്ടാമതു വന്ന് എടുക്കേണ്ട മടികൊണ്ടാവും ആദ്യം തന്നെ പ്ലേറ്റ് നിറച്ചെടുക്കുന്നത്. ഇഷ്ടമുള്ളതാണോ അല്ലയോ എന്നുപോലും നോക്കാതെ ആവശ്യത്തിലധികം എടുത്ത് കുറച്ചു കഴിച്ച് ബാക്കി കളയുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഭക്ഷണം പാഴാക്കുന്നത് കുറ്റകരമാണ്. നമ്മുടെ രാജ്യത്ത് ധാരാളം പേർ ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുന്നുണ്ട്. ആഹാരം പാഴാക്കാതെ, രുചിയറിഞ്ഞു കഴിക്കാൻ പഠിക്കണം.

കുട്ടികൾക്കും പറഞ്ഞുകൊടുക്കണം ആവശ്യമുള്ള ഭക്ഷണം മാത്രം എടുക്കാൻ. ബുഫെയിൽ ആവശ്യമെങ്കിൽ രണ്ടാമതും ഭക്ഷണം എടുക്കാനുള്ള അവസരമുണ്ടെന്നും പറഞ്ഞു കൊടുക്കണം. തിരക്കുകാരണം നമുക്കു കഴിക്കാവുന്നതിലും കൂടുതൽ ഭക്ഷണമെടുത്ത് കളയുന്ന പതിവു മാറ്റണം. ഓരോ ഹോട്ടലിലും സൽക്കാരങ്ങൾക്കും മറ്റും ശേഷം ഉപയോഗിക്കാതെ കളയുന്ന ഭക്ഷണത്തിന്റെ അളവു വളരെയധികമാണ്. മുന്തിയ ഇനം ഭക്ഷണം പാകം ചെയ്തതിനു ശേഷം കളയുന്നത് ദുഃഖകരമാണ്. ഇതിനു നമുക്കു ചെയ്യാവുന്ന കാര്യം ബോധവൽക്കരണമാണ്. ഇരുപത്തിയഞ്ചോ മുപ്പതോ വിഭവങ്ങളുള്ള ബുഫെയിൽ എല്ലാം കഴിക്കുക എന്നുള്ളതാണ് അതിന്റെ മര്യാദ. ആദ്യം സൂപ്പിൽ തുടങ്ങണം. പിന്നെ ഇഷ്ടപ്പെട്ട സാലഡുകൾ കഴിക്കാം. മെയിൻ കോഴ്സിലേക്കു വരുമ്പോൾ പലതരം ബ്രഡ്, പൊറോട്ട, അപ്പം, പലതരം റൈസ് എന്നിവയൊക്കെ ലഭിക്കും. ബ്രഡിനോടു ചേർന്നു കറികളും കഴിക്കാം, രുചികരമാണെങ്കിൽ വീണ്ടും കഴിക്കാം. രുചിയറിഞ്ഞാണ് പ്രധാനഭക്ഷണം കഴിച്ചു തീർക്കേണ്ടത്. ഒരു സ്റ്റാർട്ടറിന് ഒരാൾക്ക് 80 ഗ്രാം മീറ്റും പ്രധാനഭക്ഷണത്തിന് 200 മുതൽ 250 ഗ്രാം മീറ്റുമാണ് കണക്ക്. ആളുകളുടെ രീതിയനുസരിച്ച് കുറഞ്ഞും കൂടിയും വരും, ഈ അളവിൽ കഴിച്ചാൽ ഡെസേർട്ട് പൂർണമായും കഴിക്കാൻ സാധിക്കും.

കേരളത്തിലെ ഹോട്ടലുകളിൽ നടത്തുന്ന പാർട്ടികളിൽ ആവശ്യത്തിലധികം ഭക്ഷണം തയാറാക്കുന്നുണ്ട്. ആയിരം പേർക്കുള്ള ഭക്ഷണം ആയിരത്തി ഇരുനൂറിലേറെപ്പേരെ കണക്കാക്കിയാണ് തയാറാക്കുന്നത്. ഒരുപാടു പേരുടെ അധ്വാനമാണ് ഭക്ഷണം തയാറാക്കൽ. ആവശ്യമുള്ള ഭക്ഷണം രുചിച്ചുനോക്കി കഴിക്കുന്നൊരു സംസ്കാരം കൊണ്ടു വരാൻ ഇനിയും വൈകിക്കൂടാ.

ഓരോ ദിവസവും നമ്മുടെ വീടുകളിൽ ഭക്ഷണം പാഴാക്കുന്നതിന്റെ കണക്കെടുക്കണം. ഇങ്ങനെ നോക്കിയാൽ മാസം ശരാശരി 2000 രൂപയുടെ ഭക്ഷണം മലയാളി പാഴാക്കുന്നുണ്ട്. വിവാഹ വീടുകളിലും മറ്റും ബാക്കിവരുന്ന ഭക്ഷണം ശേഖരിച്ച് അനാഥാലയങ്ങളിലും തെരുവുകുട്ടികളുടെ പുനരധിവാസകേന്ദ്രങ്ങളിലും മറ്റും എത്തിച്ചുകൊടുക്കുന്ന സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവരെ തേടിപ്പിടിച്ചു ധാരണയുണ്ടാക്കുന്നതു നല്ലതാണ്. ഭക്ഷണം വലിച്ചെറിയുന്ന പ്രവണത സംസ്കാരമുള്ള സമൂഹത്തിന്റെ ധാർമികമൂല്യങ്ങൾക്കു മാത്രമല്ല പരിസ്ഥിതിക്കും രൂക്ഷമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ ചീഞ്ഞളിഞ്ഞുണ്ടാകുന്ന മീഥൈൽ, കാർബൺ ഡയോക്സൈഡിനെക്കാൾ 23 മടങ്ങ് താപമാണ് അന്തരീക്ഷത്തിലേക്കു വമിപ്പിക്കുന്നതെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നു.

ഭക്ഷണം കഴിച്ച പ്ലേറ്റിന്റെ വൃത്തി വിദേശരാജ്യങ്ങളിൽ വളരെ പ്രധാനമാണ്. എടുത്ത ആഹാരം മുഴുവൻ കഴിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതും. ആവശ്യമുള്ളതുമാത്രം എടുത്തു മുഴുവൻ കഴിച്ചു എന്നതാണ് ഇതിലൂടെ അർഥമാക്കുന്നത്. നമുക്ക് ഭക്ഷണം കഴിക്കാൻ വൃത്തിയായി പ്ലേറ്റ് തന്നതുപോലെ തിരിച്ചും പ്ലേറ്റ് വൃത്തിയാക്കി തിരിച്ചു കൊടുക്കുക എന്നതാണ് വിദേശരാജ്യങ്ങളിലെ ഭക്ഷ്യസംസ്കാരം നമ്മളെ പഠിപ്പിക്കുന്നതും. ആ സംസ്കാരത്തിലേക്കു നമ്മൾ എത്താൻ ഏറ്റവും ആദ്യം വേണ്ടത് മടി കളയുകയെന്നതാണ്. രണ്ടാമതു ഭക്ഷണം എടുക്കാനുള്ള മടി മാറ്റണം. ഏതെങ്കിലും വിഭവം എടുത്ത് നമുക്കിഷ്ടപ്പെട്ടാൽ വീണ്ടും പോയി എടുക്കുന്നതു കൊണ്ടു യാതൊരു കുഴപ്പവുമില്ല. ഒരു ബുഫെയിൽ ഏതൊക്കെ വിഭവങ്ങളുണ്ടെന്നു മനസ്സിലാക്കി കഴിച്ചാൽ ഭക്ഷണം പാഴാക്കി കളയുന്നതും കുറയും. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വച്ചാൽ നിങ്ങൾ ഭക്ഷണം കഴിച്ചില്ലെന്നു വച്ച് അതൊരിക്കലും പാഴാകില്ല. ഓരോ പാർട്ടിക്കും ശേഷം വെട്ടിമൂടുന്ന ഭക്ഷണം കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. ഇവിടെ ആളുകൾ പ്ലേറ്റിൽ എടുത്തതിനു ശേഷം ഭക്ഷണം ഉപേക്ഷിക്കുമ്പോൾ, കൂടുതൽ ഭക്ഷണം തയാറാക്കാൻ ആതിഥേയർ ബാധ്യസ്ഥരാകുന്നു. പാകംചെയ്ത ഭക്ഷണം അതേപോലെ തന്നെ കളയുന്നതും കഴിച്ചതിന്റെ ബാക്കി മാലിന്യങ്ങൾ സംസ്കരിക്കുന്നതും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്. കൈയിട്ടശേഷം പാഴാക്കുന്ന ഭക്ഷണം പിറ്റേ ദിവസത്തേക്ക് കുഴിച്ചു മറവുചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണ്.

പണ്ട് സദ്യയിൽ ഇത്രയും ഭക്ഷണം പാഴാകില്ലായിരുന്നു. ആളുകുറഞ്ഞാൽ മാത്രമാണ് സദ്യയിൽ ഭക്ഷണം കളഞ്ഞിരുന്നത്. ആയിരം പേരുടെ സദ്യയൊരുക്കിയിട്ട് 700 പേർ മാത്രം വന്നാൽ 300 പേരുടെ ഭക്ഷണം പാഴാകുമായിരുന്നു. ആയിരം പേരും പങ്കെടുത്താൽ ഭക്ഷണം പാഴാകില്ലായിരുന്നു. പ്രത്യേകിച്ച്, ഇലയിൽ ഉച്ഛിഷ്ടമായി കളയില്ലായിരുന്നു. പിന്നെയും മിച്ചം വന്നാൽ അടുത്ത വീടുകളിലേക്കും മറ്റും കറികളൊക്കെ കൊടുത്തു വിടുന്ന രീതിയുണ്ടായിരുന്നു. ഇപ്പോൾ പകുതി ഭക്ഷണം ഉച്ഛിഷ്ടമായി കളയുകയാണ്. ഉച്ഛിഷ്ടം മൃഗങ്ങൾ പോലും കഴിക്കാറില്ല. പാതിരാവരെ നീളുന്ന പാർട്ടികൾക്കു ശേഷം ഈ ഭക്ഷണമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കാനും തടസങ്ങളുണ്ട്. പഴകിയ ഭക്ഷണം അഴുകിക്കഴിഞ്ഞ് കുഴിച്ചുമൂടാൻ ചെല്ലുമ്പോൾ സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഭക്ഷണ ഉച്ഛിഷ്ടം കുറയ്ക്കുമ്പോൾ അതു സമൂഹത്തിനു ചെയ്യുന്ന നന്മയാണ്.

കാർഷിക മേഖലയിലെ തകർച്ച, ക‍ൃഷിയോഗ്യമായ ഇടങ്ങൾ മണ്ണിട്ടുനികത്തല്‍, ഭക്ഷ്യവസ്തുക്കളുടെ വിലവർധന തുടങ്ങിയ അതിരൂക്ഷമായ പ്രശ്നങ്ങൾ മൂലം മനുഷ്യന് കഴിക്കുവാൻ ആവശ്യത്തിനു ഭക്ഷ്യവസ്തുക്കൾ കിട്ടാതായിക്കൊണ്ടിരിക്കുന്ന ഇൗ കാലത്ത്, ഉള്ള ഭക്ഷണം പാഴാക്കുക കൂടി ചെയ്താൽ സമീപഭാവിയിൽ നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത് കടുത്ത പട്ടിണിയുടെയും വറുതിയുടെയും നാളുകളായിരിക്കും. ഇന്നു പാഴാക്കുന്ന ഓരോ മണി ചോറും നാളെ നമ്മുടെ വയറു നിറയ്ക്കാനുള്ളതാണെന്ന് ഓർക്കുക.

ഭക്ഷണപ്പാത്രമെടുക്കുമ്പോൾ, ഒരു വറ്റിനായി കൊതിക്കുന്ന, ഇത്തിരി വെള്ളമെങ്കിലും തരണേ എന്നു കരയുന്ന ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ മനസ്സിൽ കാണണം. നമ്മൾ കഴിക്കുന്നതുപോലെയുള്ള വിലകൂടിയ പലഹാരമൊക്കെ ഈ ലോകത്ത് ഉണ്ടെന്നു പോലും അറിയാത്തവർ. വിശപ്പറിയുന്ന നാൾ മുതൽ ആഹാരത്തിനായി കേഴുന്നവർ, കളിക്കാനും ചിരിക്കാനുമൊക്കെ മറന്നുപോയ പൈതങ്ങൾ. അവരെ നേരിട്ടു കാണുന്നില്ലെങ്കിലും മനസ്സിൽ കാണണം, വിശപ്പിന്റെ വില എത്രയോ വലുതാണെന്ന് തിരിച്ചറിയണം; ആഹാരത്തിന്റെ മഹത്വവും.