ചെമ്മീനും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാൽ മരണമോ?

മലയാളികളെ അടുത്ത കാലത്ത് കുഴയ്ക്കുന്നൊരു ചോദ്യമാണ് ചെമ്മീനും നാരങ്ങയും ചേർത്തു കഴിച്ചാൽ അപകടകരമാണോ എന്നുള്ളത്. ധാരാളം പുഴയും കടലുമുള്ള നമ്മുടെ നാട്ടിൽ ചെമ്മീൻ സുലഭമാണ്. പലരുടെയും ഇഷ്ടവിഭവമാണ് ചെമ്മീൻ. ഉണക്കകൊഞ്ച്, പൊടി ചെമ്മീൻ, നാടൻ ചെമ്മീൻ, കൊഞ്ച് എന്നിങ്ങനെ പലതരത്തിൽ ചെമ്മീൻ  ലഭ്യമാണ്. കടലിലെ ചാകര സമയത്ത് കേരളത്തിൽ മാത്രം കരിക്കാടിയെന്ന കൊഞ്ച് ടൺ കണക്കിനു ലഭ്യമാണ്. ലോകത്തിലേറ്റവും കൂടുതൽ ആൾക്കാർ ഇഷ്ടപ്പെടുന്ന ഷെൽഫിഷ് വിഭാഗത്തിൽ പെട്ടതാണ് ചെമ്മീൻ. വിദേശരാജ്യങ്ങളിലെ പാചകത്തിൽ നാരങ്ങയും ചെമ്മീനും അഭിഭാജ്യഘടകമാണ്. ചെമ്മീൻ കഴിച്ചാൽ ആരും മരിക്കില്ല, പക്ഷേ ധാരാളം ആളുകൾക്കു അലർജിയുണ്ടാക്കുന്ന വിഭവമാണിത്. അലർജിയുള്ളവർക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ മരണം സംഭവിക്കാൻ സാധ്യതകൂടുതലാണ്. ചെമ്മീൻ അലർജിയുള്ളവർ അതു കഴിക്കാതിരിക്കുക, നാരങ്ങയോടൊപ്പമോ മാങ്ങയോടൊപ്പമോ കഴിച്ചാലും അവർക്കു അലർജിയുണ്ടാകും.

അലർജിയും അസഹിഷ്ണുതയും (Intolerance) വ്യത്യസ്തമാണ്. ചെമ്മീൻ കഴിക്കുമ്പോൾ അലർജിയുള്ളവർ അതു കഴിച്ചിട്ട്, നാരങ്ങയല്ല എന്തുകഴിച്ചാലും ചിലപ്പോൾ അപകടം സംഭവിക്കാം.

ചെമ്മീൻ ചെറുപ്പം മുതലേ കഴിക്കാത്ത ആളുകൾക്ക് ചില ഭക്ഷണപദാർഥങ്ങളാണ് അലർജിക്കു കാരണമാകുന്നത്. ഉദാഹരണമായി ചെമ്മീൻ പോലുള്ള സീ ഫുഡ്. ചില പ്രത്യേകയിനം മൽസ്യങ്ങൾ കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടാകും. ദേഹത്ത് ചുവന്നു തുടുക്കുകയും ചെയ്യും. അതുപോലെ കൃത്രിമ നിറങ്ങൾ, രാസവസ്തുക്കൾ എന്നിവ ചേർത്ത പലഹാരങ്ങൾ കഴിച്ചാലും ഇതേ പ്രശ്നമുണ്ടാകാം. 

ഭക്ഷണത്തിലൂടെയുള്ള അലർജി ആണെങ്കിൽ അത് ഏത് ഭക്ഷണമാണെന്ന് കണ്ടെത്തി ഉപേക്ഷിക്കുക എന്നതാണ് പ്രതിവിധി

അത് ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലായിരിക്കും. കോഴിമുട്ട, താറാവു മുട്ട എന്നിവയിലൂടെ അലർജി സാധാരണയായി കണ്ടുവരാറുള്ളതാണ്. ചിലർക്ക് ചില പച്ചക്കറികൾ, പാൽ എന്നിവയും അലർജിക്കു കാരണമാകാം. അലർജിക്കു കാരണമാകുന്ന ഭക്ഷ്യവസ്തു തിരിച്ചറിഞ്ഞാൽ അത് ഉപേക്ഷിക്കുന്നതാണ് ഉത്തമം. അതുപോലെ അലർജി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിൽസ തേടണം. 

ഇത്തരം ഭക്ഷണങ്ങളിലെ പ്രോട്ടീൻ ആണ് അലർജിക്ക് കാരണമാകുന്നത്. ഈ പ്രോട്ടീൻ ശരീരത്തിൽ എത്തുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അതിനോട് അമിതമായി പ്രതികരിക്കുന്നതാണ് അലർജിയായി മാറുന്നത്. ചിലർക്ക് കഴിക്കുന്ന മരുന്നുവരെ അലർജിക്കു കാരണമാകാം. ഏതെങ്കിലും അസുഖത്തിനു മരുന്ന് കഴിച്ചു തുടങ്ങുമ്പോൾ ശരീരത്തിൽ എന്തെങ്കിലും മാറ്റം കാണുകയാണെങ്കിൽ ആ മരുന്ന് നിർത്തിവയ്ക്കുകയും മരുന്ന് കുറിച്ചുതന്ന ഡോക്ടറെ വിവരം ധരിപ്പിക്കുകയും വേണം. 

ലോകത്തെ പ്രധാനപ്പെട്ട 14 അലർജിയുണ്ടാക്കുന്ന ഭക്ഷണത്തിൽ ഷെൽഫിഷിന് പ്രത്യേക വിഭാഗം തന്നെയുണ്ട്. ചെമ്മീൻ,​ഞണ്ട്, കക്കഇറച്ചിയൊക്കെ ഇതിൽ പ്രധാനികളാണ്. ലോക ജനതയുടെ രണ്ടു ശതമാനം പേർക്കാണ് അലർജിയുള്ളത് 40 ശതമാനത്തിൽ കൂടുതൽ ഇൻടോളറൻസ് വിഭാഗത്തിലാണ്.  ഇൻടോളറൻസ് വിഭാഗത്തിൽ പെട്ടെന്നു മരണത്തിലേക്ക് എത്തുകയില്ല. 72 മണിക്കൂറിനുള്ളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കും. പക്ഷേ അലർജിയാണെങ്കിൽ രണ്ടുമണിക്കൂറിനുള്ളിൽ നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ വരുകയും പെട്ടെന്നു തന്നെ അപകടത്തിൽ പെടുകയും ചെയ്യും.

അലർജിയുള്ളവർക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിച്ചാൽ മരണം സംഭവിക്കാൻ സാധ്യതകൂടുതലാണ്

ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ അലർജിയാണ് നട്ട് അലർജി, പ്രത്യേകിച്ച് നിലക്കടലിയിൽ നിന്നുള്ള അലർജി. പുതിയൊരു അലർജിയാണ് ഗോതമ്പ് ഉത്പന്നങ്ങളിൽ നിന്നുള്ള ഗ്ലൂട്ടൻ എന്നറിയപ്പെടുന്ന അലർജി. ഗ്ലൂട്ടൻ അലർജി വ്യാപകമായതോടെ പിങ്ക് നിറത്തിലുള്ള കട്ടിങ് ബോർഡ് ഉപയോഗിക്കാൻ തുടങ്ങി. ഏകദേശം 8 നിറത്തിലുള്ള ചോപിങ് ബോർഡാണ് വിഭവങ്ങൾ തയാറാക്കാൻ ഉപയോഗിക്കുന്നത്. ഭക്ഷ്യവിഷബാധ പകരാതിരിക്കാൻ ഓരോ വിഭാഗത്തിൽ പെടുന്ന ഭക്ഷണസാധനങ്ങൾക്കും ഓരോ തരത്തിലുള്ള ചോപിങ് ബോർഡാണ് ഉപയോഗിക്കുന്നതും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിരിക്കുന്ന നിറങ്ങളിലാണ് ചോപിങ് ബോർഡ്. സീ ഫുഡിന് നീല, പൗൾട്രിക്ക് ചുവപ്പ്, വേവിച്ച മാംസത്തിന് മഞ്ഞ, പാൽ ഉത്പന്നങ്ങൾക്ക് വെള്ള നിറത്തിലുള്ള കട്ടിങ് ബോർഡ് എന്നിങ്ങനെയാണ് കളർകോഡ്. ഗ്ലൂട്ടണു വേണ്ടി വയലറ്റു നിറത്തിലുള്ള കട്ടിങ് ബോർഡുമുണ്ട്.

കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ കടൽ വിഭവങ്ങൾ കഴിക്കുന്നതിനു മുൻപേ അലർജി ടെസ്റ്റ് നടത്തണം. ചെറുപ്പത്തിൽ ഇതൊന്നു കഴിക്കാതെ വലുതായിക്കഴിഞ്ഞ് കഴിക്കുമ്പോളാണ് മിക്കവർക്കും അലർജിയുള്ള കാര്യം മനസിലാകുന്നത്. വിദേശരാജ്യങ്ങളിൽ അലർജിയുള്ളവർ റെസ്റ്ററന്റുകളിൽ എത്തുന്നത് അലർജിയുള്ള ഭക്ഷണത്തിന്റെ ലിസ്റ്റും മരുന്നുകളുടെ ലിസ്റ്റുമായാണ്. രൂക്ഷമായി അലർജിയുള്ളവരുടെ ഭക്ഷണ കാര്യത്തിൽ ഭക്ഷണശാലയുടെ നടത്തിപ്പുകാർ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ടതാണ്. അല്ലെങ്കിൽ  ജീവനക്കാർക്കു ഗുരുതരമായ നിയമനടപടികൾ നേരീടേണ്ടതായ സാഹചര്യം വന്നിട്ടുണ്ട്.  പ്രധാന കാര്യം, അലർജിയുള്ളവർക്ക് അതിനെക്കുറിച്ച് ബോധ്യം വേണം, അതു പോലെ തന്നെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ ബോർഡ് (അലർജിയുള്ള ഭക്ഷണം പ്രത്യേകം സൂചിപ്പിക്കണം). പതിനാലു തരത്തിലുള്ള ഭക്ഷ്യവസ്തുക്കളിൽ നിന്നുള്ള അലർജിയുണ്ട്. കശുവണ്ടി, നിലക്കടല ഉപയോഗിച്ചുള്ള എണ്ണയിൽ പാകം ചെയ്താൽ ഗുരുതരമായ രീതിയിൽ അലർജിയുള്ളവരെ ബാധിക്കാം. 

പാൽ ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കണോ?

ലാക്ടോസ് ഇൻടോളറൻസ് എന്ന വിഭാഗത്തിൽ പെടുന്നവർ പാൽ ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. പാൽ, തൈര്, നെയ്യ് എന്നിവ ചേർന്ന ഭക്ഷണം കഴിച്ചാൽ ഇവർക്ക്  ബുദ്ധിമുട്ടുണ്ടാകാം. ഇത് അലർജി എന്ന വിഭാഗത്തിൽ പെടില്ല. പാൽ ഉത്പന്നങ്ങൾ ഒഴിവാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.

എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും അലർജിയിലൂടെ കടന്നു പോയിട്ടുണ്ടായിരിക്കും. എപ്പോഴെങ്കിലും ഒരിക്കൽ മാത്രം ഇങ്ങനെ വന്നാൽ പേടിക്കാനില്ല. കൂടുതൽ പ്രാവശ്യം തടിപ്പ്, ചൊറിച്ചിൽ ഇങ്ങനെ അലർജി അനുഭവപ്പെട്ടാൽ ഓടിപ്പോയി മരുന്നു കഴിക്കാതെ, അലർജി ടെസ്റ്റിലൂടെ അലർജിക്കു കാരണം കണ്ടെത്തണം. അലർജിമൂലം മരണം വരെ സംഭവിക്കാം. ചിലപ്പോൾ മൂന്നോ നാലോ വർഷത്തിനു ശേഷമാകും അലർജിയുടെ കാരണം കണ്ടുപിടിക്കാൻ സാധിക്കുന്നത്. എന്തു തന്നെയായാലും അലർജിയുടെ കാരണം കണ്ടു പിടിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഭക്ഷണം, വസ്ത്രം, വളർത്തുമൃഗങ്ങൾ പലതരത്തിൽ അലർജി അനുഭവപ്പെടാം. ഏറ്റവും കൂടുതൽ ആളുകൾ കൊഞ്ചു കഴിക്കുന്ന നാടാണ് കേരളം, ഇവിടെ കൊഞ്ചു കഴിച്ച് ആൾക്കാർ മരിച്ചു എന്നു പറയുമ്പോൾ, അവർക്ക് അലർജിയുണ്ടായിരുന്നവരാണോ എന്ന കാര്യം കൂടി മനസിലാക്കേണ്ടിയിരിക്കുന്നു.

ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ അലർജിയാണ് നട്ട് അലർജി

മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് കുട്ടികൾക്കുള്ള അലർജി. കുട്ടികളെ ഇക്കാര്യം ബോധിപ്പിക്കുകയും വേണം. കാരണം സ്കൂളുകളിൽ മറ്റു കുട്ടികൾ കൊണ്ടു വരുന്ന ഭക്ഷണം കുഞ്ഞുങ്ങൾ പങ്കു വച്ചു കഴിക്കാൻ സാധ്യതയുണ്ട്. നട്ട് അലർജിയുള്ള കുട്ടികൾ പ്രത്യേകിച്ചും, അണ്ടിപ്പരിപ്പു ചേർത്ത മിക്സചർ, നട്ട്ചേർത്തു ഫ്രൈ ചെയ്ത എണ്ണയിൽ തയാറാക്കുന്ന പലഹാരങ്ങളൊക്കെ വിപരീതഫലം ചെയ്യും. ഭക്ഷണ കാര്യത്തിൽ അലർജിയുള്ള കുഞ്ഞുങ്ങളുടെ മേൽ മാതാപിതാക്കളുടെ കണ്ണ് എപ്പോഴും വേണം. ഭക്ഷണത്തിലൂടെയുള്ള അലർജി ആണെങ്കിൽ അത് ഏത് ഭക്ഷണമാണെന്ന് കണ്ടെത്തി ഉപേക്ഷിക്കുക എന്നതാണ് പ്രതിവിധി.