പൂന്തോട്ടത്തെക്കാൾ ധർമജനു പ്രിയം മീൻ ചന്ത !

ധർമജൻ ബോൾഗാട്ടി്ക്കു മുൻപിൽ ഒരു പാത്രത്തിൽ പള്ളത്തിയും മറ്റൊന്നിൽ കിടുക്കൻ സ്രാവും വച്ചാൽ ഏതെടുക്കും? സംശയമൊട്ടുമില്ല ആ ചെറിയ പള്ളത്തി അപ്പാടെ എടുത്തു തിളപ്പിച്ചു കഴിക്കാനിഷ്ടപ്പെടുന്ന ചിരിയുടെ ആശാൻ. മീനിനോട് ഇഷ്ടം മാത്രമല്ല നല്ലമീൻ കിട്ടാൻ ധർമൂസ് ഫിഷ് ഹബ് എന്നൊരു സംരംഭം തന്നെ എറണാകുളം അയ്യപ്പൻകാവിൽ ധർമജനും 11 സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ചിട്ടുണ്ട്, ഇപ്പോൾ നിരവധി ശാഖകളും തുടങ്ങി. 

എനിക്ക് ഒരു പൂന്തോട്ടത്തിൽ  കൂടി നടക്കുന്നതിനെക്കാൾ ഇഷ്ടമാണ് ഒരു മീൻ ചന്തയിൽ കൂടി നടക്കാൻ. ചാള, അയലയൊക്കെ കണ്ട് നടക്കാൻ... അതൊരു ഇഷ്ടമാണ് ആ ഇഷ്ടത്തിൽ നിന്നും തുടങ്ങിയതാണ് അതിലൂടെ കാശൊണ്ടാക്കാനൊ കോടീശ്വരനാകാനൊ അല്ല...ഈ ആഗ്രഹത്തോട് ചേർന്നു നിൽക്കുന്ന കുറെ കൂട്ടുകാരുമുണ്ട്. അവർക്കൊപ്പം ചെയ്യുന്നൊരു ഇഷ്ടപ്പെട്ടകാര്യം.

‘ധർമ്മൂസ് ഫിഷ് ഹബ്’. ‘നാണക്കേടൊന്നുമില്ല, വരുമാനം കുറവുണ്ടായിരുന്ന കാലത്ത് റോഡിൽ തട്ടിട്ടാണെങ്കിലും മീൻ വിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു’ ധർമജൻ പറയുന്നു. പെട്ടെന്നൊരു കട തുടങ്ങുകയല്ല ചെയ്തത്. ചെമ്മീൻ കെട്ടുകൾ ലേലത്തിനെടുത്തു, കൂൺ കൃഷി തുടങ്ങി, വലക്കാരെയും വീശുവലക്കാരെയും കണ്ടു. രണ്ടു വലിയ ലൈവ് ടാങ്കിലും മീനിനെ വളർത്തുന്നുണ്ട്. നല്ല പെടപെടയ്ക്കണ പച്ചമീൻ വിൽക്കുകയാണ് സ്വപ്നം.

ഈ സംരംഭത്തിൽ ഫ്രാഞ്ചൈസി ചോദിച്ചു വരുന്ന വലിയ ബിസിനസുകാരുണ്ട്,അവർക്ക് മക്കൾക്കു ബിസിനസ് തുടങ്ങാൻ വേണ്ടിയാണ് ചോദിച്ചു വരുന്നത്. അങ്ങനെയുള്ളവർക്കല്ല എന്റെ വളരെ അടുത്ത സുഹൃത്തക്കൾക്കാണ്  ഫ്രാഞ്ചൈസി കൊടുക്കുന്നത്. ബിസിനസ് മാത്രം ലക്ഷ്യമാക്കിയല്ല. മീനിനൊടുള്ള ഇഷ്ടം ഇപ്പോളും എപ്പോളും ഉണ്ട്.  

ധർമജന് ഏതു മീനാണ് ഇഷ്ടം? 

ചെറുമീനുകളായ നന്ദൻ, കൊഴുവ, പള്ളത്തി തുടങ്ങിയവ. കൂടിവന്നാൽ പിലോപ്പി, കരീമിൻ വരെയെ പോകുള്ളു. ഇവയുടെ രുചി പുതുതലമുറ അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഏറ്റവും രുചി ഏറ്റവും ചെറിയ ചെമ്മീനിനാണ്. പക്ഷേ കിള്ളിയെടുക്കാൻ ആരും തയാറാവില്ല. കടയിൽ തൊഴിലാളികളെ ഇരുത്തി ഇവയും വൃത്തിയാക്കി നൽകുകയാണ്. 

‘കിടുക്കൻ പള്ളത്തിക്കറി’ എങ്ങനെ തയാറാക്കാം

വീട്ടിൽ വിരുന്നുകാർ എത്തിയാൽ പെട്ടെന്നു തയാറാക്കാവുന്ന ഈ മീൻകറിയെ ‘കിടുക്കൻ പള്ളത്തിക്കറി’ എന്നാണ് ധർമജൻ വിശേഷിപ്പിക്കുന്നത്. പള്ളത്തി നന്നായി കഴുകി വൃത്തിയാക്കി വയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടായിക്കഴിയുമ്പോൾ ചുവന്നുള്ളി ചതച്ചത് ഇട്ടു വഴറ്റുക, ഇതിലേക്കു പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ കൂടി ചേർത്തു വഴറ്റണം. തുടർന്നു രണ്ടു ഗ്ലാസ് വെള്ളത്തിൽ കുടംപുളി പിഴിഞ്ഞെടുക്കുക. ഈ വെള്ളം കുടംപുളി സഹിതം ചട്ടിയിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കണം. ഇതു തിളച്ചു കഴിയുമ്പോൾ പള്ളത്തിയെ എടുത്തിടുക. തുടർന്നു ഇളക്കി നേരിയ ചാറിൽ പറ്റിച്ചെടുക്കണം. ഒരുപാടു ചാറ് ആകരുത്. അരപ്പെല്ലാം പള്ളത്തിയിൽ കയറിക്കഴിയുമ്പോൾ ‘കിടുക്കൻ പള്ളത്തിക്കറി’ തയാർ.