‘മിന്നെറിപോൽ ഉലങ്കുന്നെ മുസാറ..’
നല്ല ചടുലതയും ചൊടിയുമുള്ള വരികൾ. മാപ്പിളപ്പാട്ടിൽ ഭക്ഷണത്തെക്കുറിച്ച് വർണിക്കുന്നതുകേട്ടാൽ ആരായാലും മയങ്ങിപ്പോവും. കേൾക്കുന്നവന്റെ വായിൽ കപ്പലോടിക്കാനുള്ള അവസ്ഥയുണ്ടാക്കും. പക്ഷേ, മലബാറിലെ നാട്ടുഭാഷ മനസ്സിലാവണം എന്നു മാത്രം.
മുസാറ എന്താണെന്ന് അറിയാവുന്നവർ വളരെ ചുരുക്കമായിരിക്കും. നാളികേരപ്പാലും കടലപ്പരിപ്പുമൊക്കെ ചേരുന്ന ഒരു കിടു വിഭവമാണ് കക്ഷി. നാട്ടുവഴികളിൽ സുലഭമായിരുന്ന വിഭവങ്ങൾ മായം ചേരാതെ, തനിമ ചോരാതെ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയിരുന്ന വിഭവം. പണ്ടൊക്കെ നോമ്പുകാലത്താണ് മുസാറ വീട്ടിലെ താരമാവുന്നത്. എന്നാൽ കാലം മാറിയപ്പോൾ എല്ലാവർക്കും എപ്പോഴും കിട്ടുന്ന വിഭവമായി മുസാറ മാറി.
∙ രുചിയിൽ മുമ്പൻ മുസാറ
ഒരു നാളികേരമെടുത്ത് ഒന്നാം പാലും രണ്ടാം പാലും എടുക്കുക. രണ്ടാം പാലിൽ കുറച്ചെടുത്ത് 50 ഗ്രാം കടലപ്പരിപ്പ് വേവിക്കുക. കാൽക്കപ്പ് മൈദ ബാക്കിയുള്ള പാലിൽ കലക്കി കടലപ്പരിപ്പിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാരയും ചേർത്ത് തുടരെ ഇളക്കുക. തിളച്ചു വെന്തുകഴിഞ്ഞാൽ ഒന്നാം പാൽ ചേർത്ത് ഇറക്കി വെയ്ക്കുക. ഇത് പാത്രത്തിലേക്ക് വിളമ്പാം. ഇതിനു മുകളിൽ അണ്ടിപ്പരിപ്പ്, ബദാം, കിസ്മിസ് തുടങ്ങിയവ വിതറി അലങ്കരിക്കാം.