ആമേന് എന്ന സിനിമ കാണുമ്പോള് കുട്ടനാടിന്‌റെ തനതു രുചിക്കു നമ്മളും ചൊല്ലിപ്പോവും ഒരു വലിയ ആമേന്....
വേമ്പനാട്ടുകായലിന് അരഞ്ഞാണമിട്ടപോലെ നീണ്‌ടുകിടക്കുന്ന കുമരങ്കരിയെന്ന തുരുത്തിൽ അലയടിക്കുന്ന കുട്ടനാടൻ സംഗീതം. ലിജോ ജോസ് പെല്ലിശ്ശേരി ഗ്രാമീണ ഹാസ്യം കലർത്തി കുട്ടനാടൻ ഭാഷയിൽ വിളമ്പിയ ആമേൻ സിനിമയ്‌ക്കു നല്ല കുട്ടനാടൻ താറാവിന്റെ എരിവുള്ള രുചി, പിന്നെ കുട്ടനാടൻ കള്ളിന്റെ ഉൻമാദവും... ആമേൻ!
കുടമ്പുളിയിട്ടു വെച്ചാൽ ബെസ്‌റ്റാ എന്നു പറഞ്ഞു ശത്രുവിന്റെ വീട്ടിൽ ഒരു പൊതി കൊണ്ടുപോയി കൊടുക്കുന്നിടത്താണ് ആമേൻ തുടങ്ങുന്നത്. തെരുതയാന്നോ? കായലീന്നു പിടിച്ചതാണോ എന്ന ചോദ്യത്തിന് അല്ല കക്കൂസീന്നു ചൂണ്ടയിട്ടു പിടിച്ചതാണെന്ന് ഉത്തരവും.
മടി പിടിച്ച് ഉറങ്ങിക്കിടക്കുന്ന തന്റെ മകൻ സോളമനെ കാണാൻ എസ്‌തപ്പാൻ ആശാൻ രണ്ടു മാലാഖമാരോടൊപ്പം എത്തുന്നു. ഇച്ചായോ, ദേ കാപ്പി എന്നു പറഞ്ഞു കരുപ്പെട്ടി കാപ്പി നീട്ടുന്ന മാലാഖ. പഞ്ചാരയിട്ടില്ല്യോടീഎന്നു സോളമന് ചോദിക്കുന്നു. എത്ര മനോഹരമായ സ്വപ്‌നം.
സോളമന്റെയും ശോശന്നയുടെയു പ്രണയം കാണിക്കുമ്പോഴൊക്കെ പെസഹാ അപ്പത്തിന്റെ വിശുദ്ധിയും രംഗങ്ങളിലുണ്ട്. പെസഹാ അപ്പവുമായി ഇരു തോണികളിൽ പോവുന്ന ശോശന്നയും സോളമനും ഒരു കാക്കനോട്ടം പങ്കുവെയ്‌ക്കുന്നു. പിന്നീടു പള്ളിപ്പറമ്പിൽ കാണുമ്പോൾ ശോശന്ന അപ്പത്തിന്റെ പൊതി സോളമനു കൊടുക്കുന്നുണ്ട്. ദേഷ്യം പിടിച്ചുനിൽക്കുന്ന സോളമൻ വലിച്ചെറിയുന്ന അപ്പം ചെന്നു വീഴുന്നതു സെമിത്തേരിയിൽ മേൽപ്പോട്ടുനോക്കി പ്രാർഥിക്കുന്ന ചാച്ചപ്പന്റെ കൈകളിലും.
ഫാദർ വിൻസന്റ് വട്ടോളി പള്ളിമേടയിൽ എത്തുമ്പോൾ എബ്രഹാം ഒറ്റപ്ലാക്കൻ അച്ചനും തീറ്റിപ്പണ്ടാരമായ കുഞ്ഞച്ചനും ഭക്ഷണം കഴിക്കുകയാണ്. യാത്ര കഴിഞ്ഞു വന്നതല്ലേ, നല്ല ക്ഷീണം കാണും ഇത്തിരി മുട്ടേം പഴോം കഴിക്കച്ചോ എന്നു തീറ്റക്കാരൻ കുഞ്ഞച്ചൻ പറയുന്നു. വട്ടോളി അച്ചന് അടുത്ത കരയില് താമസിക്കുന്ന തന്റെ പെങ്ങൾ മറിയാമ്മയേയും ഡേവിസനേയും ഫോണിൽ വിളിക്കുമ്പോൾ അവരു രണ്ടുപേരും നല്ല മൂത്ത വരിക്കച്ചക്ക വെട്ടി ചുള എടുക്കുകയാണ്.
ശോശന്നയുടെ വീട്ടിലെ രംഗങ്ങളിൽ നിറയുന്നതു വിഭവ സമൃദ്ധമായ തീൻമേശയാണ്. കരിമീൻ മുതൽ കുട്ടനാടൻ താറാവു വരെ നിറഞ്ഞ തീൻ മേശ. എന്നാൽ രാത്രി വാടിത്തളർന്നു വീട്ടിലെത്തുന്ന സോളമന്റെ വീട്ടിൽ ഒരു പിഞ്ഞാണം കൊണ്ടു മൂടിവെച്ചു തണുത്ത കഞ്ഞിയും പ്‌ലാവിലക്കുമ്പിളും. വായ്‌ക്കു രുചിയായി വല്ലതും ഉണ്ടാക്കിക്കൂടേ എന്ന ചോദ്യം ക്ലാരയെ വല്ലാതെ ചൊടിപ്പിക്കുന്നുമുണ്ട്.
സോളമനെ തല്ലാൻ ഇച്ചായൻമാർ കൊണ്ടുവന്ന ഗുണ്ടകൾ വിക്രമനും മുത്തുവും മൃഷ്‌ഠാന്നം ഭക്ഷിക്കുകയാണ്. ശോശന്ന വന്നു ചോദിക്കുന്നു ഇത്തിരി കോഴിക്കറി എടുക്കട്ടേ ചേട്ടാ... ശോശന്ന കറി വിളമ്പുന്നതു വിക്രമന്റെ തലയിലാണ്. അതു കഴിഞ്ഞു പാത്രം വീശി തലയ്‌ക്കു നല്ലൊരടിയും കൊടുക്കുന്നു.
അമേരിക്കക്കാരനുമായി ശോശന്നയുടെ മനസ്സുചോദ്യം കഴിഞ്ഞയന്നു തകർന്ന ഹൃദയവുമായി തിരുതയുടെ കള്ളുഷാപ്പിലിരുന്ന് കുപ്പിക്കണക്കിനു മോന്തുകയാണ് സോളമൻ. പ്ലേറ്റിൽ നിന്ന് ബീഫ് ഉലർത്തിയതിന്റെ കഷ്‌ണങ്ങൾ എടുത്തു സോളമനു നീട്ടിയിട്ടു പൈലി പറയുന്നു. നിയതങ്ങാട്ട് കഴിക്ക് മനസ്സിലെ വെഷമം അങ്ങോട്ട് പോട്ടെ !
ആമേൻ സിനിമയുടെ ആദ്യാവസാനം ഒരു പ്രവാചകനെപ്പോലെ എല്ലാം മുൻകൂട്ടിക്കാണുന്ന കഥാപാത്രമുണ്ട്. എപ്പോഴും തെങ്ങിൻമുകളിൽ ഇരിക്കുന്ന കള്ളുചെത്തുകാരൻ. കപ്യാര് കൊച്ചൗസേപ്പിന്റേയും വിഷക്കോൽ പാപ്പിയുടേയും വിക്രിയകൾ മുൻകൂട്ടി കാണുന്ന കള്ളുചെത്തുകാരനാണു കുട്ടനാടന് ഗ്രാമീണതയുടെ നേർരുചി സമ്മാനിക്കുന്നത്.
തൊട്ടുകൂട്ടാൻ:
‘‘ദേ അപ്പച്ചാ, സോളമനെപ്പറ്റി അനാവശ്യം പറയരുത്. മുളകു കലക്കി ഞാൻ മുഖത്തൊഴിക്കും’’ എന്നു ശോശന്ന.
‘‘സോളമൻ നിന്റെ ആരാടി?’’ എന്ന് ശോശന്നയുടെ അപ്പന്റെ സഹോദരൻ മത്തായിച്ചൻ.
‘‘ഇച്ചായ ഒരു കട്ലറ്റിടട്ടേ...’