Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിലെ മൂന്നാം ഗേറ്റും തന്തൂരി ചായയും

വി. മിത്രൻ

നഗരവഴികൾ നടന്നറിയണം എന്നൊരു വിശ്വാസമുണ്ട്. ചുറ്റുമുള്ളതെല്ലാം കണ്ടറിഞ്ഞ്, ഓരോ ഗന്ധവും ശ്വസിച്ചറിഞ്ഞ്, ഓരോ നിറവും തിരിച്ചറിഞ്ഞ് നടക്കുമ്പോഴാണ് ആ ദേശം, ആ മണ്ണ് നമുക്കു പ്രിയപ്പെട്ടതാവുന്നത്. കോഴിക്കോട്ടെ ഓരോ ഇടവഴിയും ഓരോ പാതയും ഇത്തരമൊരുഅനുഭൂതി പകർന്നു  നൽകും. മാവൂർ റോഡിൽനിന്ന് മാനാഞ്ചിറയിലേക്കുള്ള ബാങ്ക് റോഡിലൂടെ നടക്കുമ്പോൾ സിഎസ്ഐ കോംപ്ലക്സ് എത്തുന്നതിനുമുൻപ് വലത്തോട്ടു റോഡ് തിരിയുന്നു. കടപ്പുറത്തേക്കു നീണ്ടു കിടക്കുന്ന വഴി. പാരഗൺ ഹോട്ടലിന്റെ നെറുകയ്ക്കൊപ്പം കടന്നുപോവുന്ന പാലം കടന്നങ്ങനെ നിവർന്നു കിടക്കുന്ന വഴി. നഗരത്തിലെ ആദ്യകാല മേൽപ്പാലങ്ങളിൽ ഒന്നായ സിഎച്ച് ഓവർബ്രിഡ്ജിലേക്കു കയറുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത് രസകരമായ ഒരു ചിന്തയാണ്.

clt-tandoori-tea

കാൺമാനില്ല, മൂന്നാംഗേറ്റ് !

ഈ നഗരത്തിൽ രണ്ടാം ഗേറ്റുണ്ട്, നാലാം ഗേറ്റുമുണ്ട്. സ്ഥലപ്പേരുകളാ‍‍യും റെയിൽവേ ലവൽ ക്രോസുകളായും നമ്മൾ സ്ഥിരമായി പരാമർശിക്കാറുള്ള രണ്ടു ഗേറ്റുകൾ. പക്ഷേ ഒന്നാംഗേറ്റും മൂന്നാം ഗേറ്റും എവിടെപ്പോയി?

റെയിൽവേസ്റ്റേഷനിൽനിന്ന് മിഠായിത്തെരുവിലേക്ക് വരുമ്പോൾ ഇടത്തോട്ടൊരു മേൽപ്പാലം വലിയങ്ങാടിയിലേക്ക് കടന്നുപോവുന്നുണ്ട്. ഇതിനുതാഴെയായിരുന്നു ഒന്നാംഗേറ്റ് സ്ഥിതി ചെയ്തിരുന്നത്. കമ്മത്ത്‌ലെയിൻ റോഡിനു തുടർച്ചയായി വലിയങ്ങാടിയിലേക്ക് നീണ്ടു കിടക്കുന്ന റോഡിലെ ലവൽ ക്രോസാണ് ഇവിടെയുണ്ടായിരുന്നത്. പാലം വന്നപ്പോൾ ഗേറ്റ് ഓർമയായി. അവിടെ മതിലു വന്നു. പക്ഷേ രണ്ടു റോഡുകളും ഇവിടെ പരസ്പരം വനന്നെത്തിനോക്കി, ഒന്നു തൊടാൻ കഴിയാതെ വിമ്മിട്ടപ്പെടുന്നത് കാണുന്നില്ലേ!

trip-eat സി എച്ച് മേൽപാലം

പാരഗൺ ഹോട്ടലിന്റെ മുന്നിൽനിന്ന് ടാഗോർ ഹാളിനുമുന്നിലൂടെ കടപ്പുറത്തേക്ക് പണ്ടൊരു റോഡുണ്ടായിരുന്നു. അവിടെയായിരുന്നത്രേ മൂന്നാംഗേറ്റ്. 35 വർഷം മുൻപാണ് സിഎച്ച് ഓവർബ്രിഡ്ജിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്തത്. അതോടെ മൂന്നാം ഗേറ്റും ഓർമയായി മാറി. ഇവിടൊരു റെയിൽവേ ഗേറ്റുണ്ടായിരുന്നതിന്റെ ഒരു ലക്ഷണവും പ്രദേശത്തില്ല.

1980 ഏപ്രിൽ നിർ‍മാണം തുടങ്ങിയ പാലത്തിന്റെ ഉദ്ഘാടനം 1983 നവംബറിലായിരുന്നു. അതോടെ മൂന്നാംഗേറ്റിന്റെ കാര്യം തീരുമാനമായി. കണ്ണൂർ റോഡിൽ പാലത്തിന്റെ താഴെയുള്ള ഗർഡറിൽ പഴയൊരു സിനിമാ പരസ്യം മായാതെ കിടക്കുന്നത് കണ്ടിട്ടില്ലേ? പാലത്തിനേക്കാൾ മൂന്നു വയസ്സ് ഇളപ്പമുണ്ട്  ആ പരസ്യത്തിന്. 1986 ഫെബ്രുവരി 26നാണ് ഐ.വി.ശശി മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ‘വാർത്ത’ തീയറ്ററുകളിലെത്തിയത്. ജനുവരിയെത്തുമ്പോൾ ഈ പരസ്യത്തിന് 33വയസാവുകയാണ്. സിഎച്ച് പാലത്തിനു മുകളിലൂടെ നടക്കുമ്പോൾ ഈ നഗരം കടന്നുവന്ന വികസന വഴികൾ ഓർത്തുപോവും. 

tandooritea

ചായ തന്തൂരിയായപ്പോൾ!

പാലമിറങ്ങി കടപ്പുറം ഭാഗത്തേക്ക് നടക്കാം. ടാഗോർ ഹാൾ എത്തുന്നതിനു തൊട്ടുമുൻപ് ഇടതുവശത്തായി അപ്പക്കൂട് ഡൈനിങ് കഫേ കാണാം. അതിന്റെ മുറ്റത്ത് ഒരു ചെറിയ കടയുണ്ട്. കറുപ്പിൽ ഓറഞ്ച് അക്ഷരത്തിൽ ‘തന്തൂരി ചായ്’ എന്നു പേരെഴുതി വെച്ചിട്ടുണ്ട്. 

ചിക്കനും മട്ടനും പല തരം റൊട്ടികളുമൊക്കെ തന്തൂരി അടുപ്പിൽ കിടന്ന് സ്മോക്കിയായി പുറത്തുവരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ചായ എങ്ങനെ തന്തൂരി അടുപ്പിൽ ഉണ്ടാക്കും എന്നൊരു കൗതുകമാണ് ആദ്യം മനസിലേക്കു വരിക.

കടയുടെ ഒരു വശത്ത് തന്തൂരി അടുപ്പിൽനിന്ന് കനൽത്തരികൾ പറന്നുയരുന്നു. കനലൊരു തരി മതി എന്നാണല്ലോ വിശ്വാസം. അടുപ്പിലേക്ക് ഏന്തി വലിഞ്ഞുനോക്കിപ്പോൾ അകത്ത് ചുട്ടുപഴുത്തുകിടക്കുന്ന മൺപാത്രങ്ങളാണ് കണ്ടത്.  കടയുടമ പി.കെ. നാസർ വലിയൊരു കമ്പി കൊണ്ട് ഒരു മൺപാത്രം പുറത്തേക്കെടുത്തു.   അതിലേക്ക് ഇഞ്ചിയും ഏലവുമൊക്കെ ചേർന്ന് പകുതി തിളച്ചുകിടക്കുന്ന ചായ പകർന്നു. ചുട്ടുപൊള്ളുന്ന മൺപാത്രത്തിൽ തൊട്ടതും ചായ തിളച്ചുമറിഞ്ഞ് പുറത്തേക്ക് ഒഴുകാൻ തുടങ്ങി. നന്നായി തിളച്ച ചായ മറ്റൊരു മൺപാത്രത്തിലേക്ക് പകർന്ന് മേശപ്പുറത്തേക്കെത്തി.  

tandoori-tea

ചൂടാറാതെ ഊതിയൂതി കുടിക്കണം തന്തൂരി ചായ. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട മൺപാത്രച്ചായയുടെ രുചി എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. പൂനെയിലെ കസിന്റെ ഹോട്ടലിൽ പോയപ്പോഴാണ് തന്തൂരിച്ചായ എന്ന ആശയം തലയിൽ കയറിയതെന്ന് നാസർ ഒരു ചിരിയോടെ പറഞ്ഞു. ചേളന്നൂരുകാരൻ നാസർ പത്തുമുപ്പതുവർഷമായി ഹോട്ടൽ രംഗത്തുണ്ട്. വ്യത്യസ്തവും ലളിതവുമായ ഒരു കട എന്ന ആഗ്രഹത്തിലാണ് തന്തൂരിച്ചായയുടെ കട തുടങ്ങിയതത്രേ. അല്ലെങ്കിലും  ചിന്തകളെ തട്ടിയുണർത്താൻ കാപ്പിയേക്കാൾ ചായയാണു നല്ലത്.