കേക്കുകൾ രുചിയുടെ മാത്രമല്ല കാഴ്ചയുടെയും വിരുന്നൊരുക്കുകയാണിവിടെ. ഇന്ത്യയിലെ പൂന്തോട്ടനഗരിക്ക് കേക്ക് മേളയുടെ വസന്തകാലമാണിപ്പോൾ. കേക്ക് രുചികളുടെ മേളയിൽ താരമായത് റെഡ് ഫോർട്ട് മാതൃകയിൽ തീർത്ത വമ്പൻ കേക്ക്. എട്ട് അടി വീതിയിലും 12 അടി നീളത്തിലുമാണ് കേക്ക് ഒരുക്കിയിട്ടുള്ളത്. ബെംഗളൂരു യു. ബി സിറ്റിയിലെ സെന്റ്. ജോസഫ് ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലാണ് കേക്ക് മേള നടക്കുന്നത്.
ഭംഗി മാത്രമല്ല രുചിയിലും മുന്നിലാണ് ഈ കേക്കുകൾ, മാസങ്ങളോളം തയാറെടുത്താണ് കേക്കുകളുടെ ഡിസൈൻ പൂർത്തിയാക്കിയത്, വലിയ കേക്കുകൾ തയാറാക്കുന്നത് ധാരാളം പുതിയ കാര്യങ്ങൾ പഠിക്കുന്നതിനും സഹായകരമായി എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിങ് ആൻഡ് കേക്ക് ആർട്ട് ഡയറക്ടർ മനീഷ് ഗവ്ർ പറഞ്ഞു.
അലങ്കരിച്ച വിവിധ രൂപത്തിലുള്ള കേക്കുകൾ മേളയ്ക്ക് മാറ്റു കൂട്ടി. മഞ്ഞിൽ നിൽക്കുന്ന പെൻഗിൻ, ചിറകുവിരിച്ചു നിൽക്കുന്ന മാലാഖ, ധ്യാനിച്ചിരിക്കുന്ന ബുദ്ധ... പലതരത്തിലുള്ള ജീവികൾ എന്നിങ്ങനെ കേക്ക് കാഴ്ചകൾ കാണികളിൽ കൗതുകമേകി. 44 മത് ആനുവൽ കേക്ക് ഷോയ്ക്ക് മികച്ച പ്രതികരണമാണ് കാണികളിൽ നിന്നും ലഭിക്കുന്നത്. 73 വയസുകാരൻ സി. രാമചന്ദ്രൻ നിർമ്മിച്ച വെഡിങ് കേക്കും മേളയിൽ ശ്രദ്ധിക്കപ്പെട്ടു. ജനുവരി ഒന്നു വരെയാണ് കേക്ക് ഫെസ്റ്റ്.