മധുരത്തിനായി മനുഷ്യൻ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് തേൻ ആണെന്നാണ് കരുതപ്പെടുന്നത്. കാലാന്തരങ്ങളായി മനുഷ്യരെ മധുരമൂട്ടുന്ന തേൻ നീണ്ടകാലം കേടുകൂടാതെ സൂക്ഷിക്കാനുമാവും. ദ്രവസ്വർണം എന്നറിയപ്പെടുന്ന തേൻ തീൻമേശയിലെ ഇഷ്ടരുചിയായി എപ്പോഴും തുടരുന്നു. ഇന്ന് ലോകത്തുള്ളതിൽ ഏറ്റവും മികച്ച തേൻ ന്യൂസിലൻഡിലെ മനുക തേനാണ്. ഇവിടെയുള്ള മനുക മരത്തിലെ പൂവിൽ നിന്ന് പൂന്തേൻ കുടിക്കുന്ന തേനീച്ചകളുണ്ടാക്കുന്ന തേനായതിനാലാണ് ഇതിന് ഈ പേരുകിട്ടിയത്. ന്യൂസിലൻഡിലെ മോറിസ് വംശക്കാർ മുറിവുണക്കാനായി ഈ തേൻ ഉപയോഗിച്ചിരുന്നു. ഈ തേനിലുള്ള ആന്റി ഓക്സിഡന്റുകൾ മുറിവുണക്കാൻ സഹായിക്കുമെന്ന് പീന്നീട് നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മറ്റു തേനുകളിലുള്ളതിനേക്കാൾ ആന്റി ഓക്സിഡന്റുകൾ മനുക തേനിലുണ്ട്.
മധുരവും മരുന്നും
ചരിത്രാതീത കാലത്തോളം പഴക്കമുണ്ട് തേനും മനുഷ്യനും തമ്മിലുള്ള രുചിബന്ധത്തിന്. 8000 വർഷം പഴക്കമുള്ള സ്പെയിനിലെ ബികോർപിലുള്ള ഗുഹാചിത്രങ്ങളിൽ നിന്ന് തേനീച്ചക്കൂടുകളിലെ തേൻ മനുഷ്യർ ഭക്ഷണത്തിനും മറ്റും ഉപയോഗിച്ചിരുന്നുവെന്നതിനു തെളിവുകളുണ്ട്. വള്ളിയിൽ തൂങ്ങി തേനീച്ചക്കൂട്ടിൽ നിന്നു തേനെടുക്കുന്നയാളുടെ ചിത്രീകരണമാണത്. പണ്ടുകാലത്ത് രണ്ടുതരത്തിലാണ് മനുഷ്യർ തേനെടുത്തിരുന്നത്. തേൻകഴിക്കുന്ന മൃഗങ്ങൾ തേൻശേഖരിക്കുന്ന അതേ രീതിയാണ് ആദ്യത്തേത്. പുകയിട്ട് തേനീച്ചകളെ കൂട്ടിൽ നിന്നകറ്റിയ ശേഷം തേനെടുക്കുന്ന രീതിയാണ് മറ്റൊന്ന്.
തേൻ പണ്ടുകാലത്ത് മുറിവുകൾ ഉണക്കുന്നതിനു മരുന്നായും ഉപയോഗിച്ചിരുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മുറിവുണക്കാൻ സഹായിക്കും. പ്രാചീന മനുഷ്യർക്ക് തേൻ ജീവിതത്തിനും മരണത്തിനുമിടയിലെ പാലമായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.
ബീ ലാൻഡ്
ഈജിപ്തിലെ നൈൽനദീതടത്തിലുള്ള ഭൂപ്രദേശം ഒരുകാലത്ത് ബീ ലാൻഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. 3000 ബിസി മുതൽ ഇവിടെ തേനീച്ചകളെ വളർത്തിയിരുന്നുവെന്നാണ് ചരിത്രരേഖകൾ തെളിയിക്കുന്നത്. 2474നും 2444 ബിസിക്കുമിടയിൽ ജീവിച്ചിരുന്ന 5ാം വംശാവലിയിൽപ്പെട്ട ഫറോവയായ ന്യുയോസർ എനിയുടെ കാലത്തെ സൂര്യക്ഷേത്രത്തിൽ ഇതുമായി ബന്ധപ്പെട്ട തെളിവുകളുണ്ട്.
ക്ഷേത്രത്തിലെ പ്രവേശനമുറിയിൽ തന്നെ തേനീച്ച വളർത്തുന്നനും തേനെടുക്കുന്നതുമെല്ലാം കൊത്തിവച്ചിട്ടുണ്ട്. ഈജിപ്തിൽ ആറാം വംശാവലിയുടെ കാലമായപ്പോഴേക്കും തേൻ ഒരു കച്ചവട ഉൽപന്നമായി മാറി. മധ്യകാലഘട്ടത്തിൽ ജർമനിയിലെ കൃഷിക്കാർ പ്രഭുക്കന്മാർക്ക് നികുതിയായി നൽകിയിരുന്നത് തേനും മെഴുകുമായിരുന്നു. പ്രാചീന ഈജിപ്ത്, ഗ്രീസ്, റോം എന്നിവിടങ്ങളിൽ മൺപാത്രങ്ങളിലാണ് തേൻ സൂക്ഷിച്ചിരുന്നത്. വടക്കൻ യൂറോപ്പിൽ തടിവീപ്പകളിലും.
ഇംഗ്ലിഷ് ഈച്ചകൾ
യൂറോപ്പിലുടനീളം തേൻ പണ്ടുകാലം മുതൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. തേൻ ഉപയോഗിച്ചുണ്ടാക്കിരുന്ന മെഡ് എന്ന പാനീയം വളരെ ജനപ്രിയമായിരുന്നു. മാത്രമല്ല, ബ്രഡ്, മധുരപലഹാരങ്ങൾ, കേക്ക് എന്നിവ തേനില്ലാതെ ഉണ്ടാക്കാനാവുമായിരുന്നില്ല. യൂറോപ്പുകാരാണ് വടക്കേ അമേരിക്കയിലേക്ക് തേനീച്ചകളെ കൊണ്ടുപോയത്. ഇതിനാൽ തന്നെ ഇന്ത്യക്കാർ തേനീച്ചകളെ ഇംഗ്ലിഷ് ഈച്ചകൾ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ മെക്സിക്കോയിലും മധ്യ അമേരിക്കയിലും നേരത്തെ തന്നെ തേനീച്ചകളെ വളർത്തിയിരുന്നു.
തേൻമധുരം
മനുഷ്യർ ഇറച്ചിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ചിരുന്നകാലത്ത് ഇതിൽ നിന്നുമാറി വ്യത്യസ്തമായൊരു രുചിയായിരുന്നു തേൻ. ഇതിലുള്ള പോഷകങ്ങൾ ആരോഗ്യസംരക്ഷണത്തിന് വളരെയേറെ സഹാക്കുന്നതാണെന്ന് വളരെ പണ്ടുതന്നെ മനുഷ്യർ തിരിച്ചറിഞ്ഞിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേൻ സഹായിക്കും. കൃത്രിമ മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂട്ടുന്നു. എന്നാൽ തേനിലുള്ള ഗ്ലൂക്കോസ്, ഫ്രക്ടോസ്, ഒലിഗോ സാക്കറൈഡ്സ് എന്നിവ മൂന്നും ചേർന്ന് ദഹനത്തിന്റെ വേഗതയും ശരീരം പോഷകങ്ങളെ ആഗിരണം ചെയ്യാനെടുക്കുന്ന സമയവും കുറയ്ക്കുന്നു. ഇതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നില്ല. അൾസർ ഉണ്ടാകാതെ തടയുകയും വയറിനുള്ളിൽ നല്ല ബാക്ടീരിയകൾക്ക് വളരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതിനും തേൻ സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ മുറിവുകളുണക്കാനും സഹായിക്കും.